നെഞ്ച് വേദനിക്കുന്നെടാ... ആശുപത്രിയിലേയ്ക്ക് പോകണം:- ഓടി എത്തിയ ശരത്ത് കണ്ടത് അവശനിലയിലായ സീരിയൽ സംവിധായകനെ... ആദിത്യന്റെ അവസാന നിമിഷങ്ങൾ ഇങ്ങനെ...

സീരിയൽ സംവിധായകൻ ആദിത്യന്റെ മരണം മലയാളികളെയും, സീരിയൽ ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ആദിത്യന്റെ അപ്രതീക്ഷിത വിയോഗം. ഏറെ ആശിച്ച വീടിന്റെ ഗൃഹപ്രവേശത്തിനു തൊട്ടു മുമ്പായിരുന്നു വിടവാങ്ങൽ. നാളെ കാണാമെടാ...' എന്നു പറഞ്ഞാണ് ആദിത്യൻ ബുധനാഴ്ച സാന്ത്വനം' സീരിയൽ ഷൂട്ടിങ് സെറ്റിൽ നിന്നു മടങ്ങിയത്.
നേരം പുലർന്നപ്പോൾ കേട്ടത് ആദിത്യന്റെ മരണവാർത്തയും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ടെലിവിഷൻ സീരിയലായ സാന്ത്വനത്തിന്റെ ബുധനാഴ്ചത്തെ ഷൂട്ടിങ് മണക്കാടുള്ള ഒരു വീട്ടിലായിരുന്നു. രാത്രി ഒൻപതരയോടെ ഷൂട്ടിങ് കഴിഞ്ഞാണ് ആദിത്യൻ പേയാടുള്ള വാടകവീട്ടിലേക്കു പോയത്.
പുലർച്ചെ 2.20 ന് സീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ ശരത്തിനെ ആദിത്യൻ ഫോൺ ചെയ്തു. നെഞ്ചു വേദനയെന്നും ആശുപത്രിയിലേക്കു പോകണമെന്നും പറഞ്ഞു. ശരത് വീട്ടിലെത്തിയപ്പോൾ അവശനിലയിലായിരുന്നു. തുടർന്നു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപു മരണത്തിന് കീഴടങ്ങി.
അവന്തിക ക്രിയേഷൻസിന്റെ ബാനറിൽ ചിപ്പി രഞ്ജിത് നിർമിച്ച സീരിയലുകളെല്ലാം വൻവിജയങ്ങളായിരുന്നു. സാന്ത്വനം, ആകാശദൂത്, വാനമ്പാടി എന്നിവ ജനപ്രിയമാക്കുന്നതിൽ ആദിത്യൻ വഹിച്ച പങ്ക് വലുതാണെന്നും, കുടുംബ ബന്ധങ്ങളുടെ കഥ പ്രേക്ഷകർക്കു മുൻപാകെ അവതരിപ്പിച്ച് വിജയിപ്പിക്കുന്നതിൽ ആദിത്യന് പ്രത്യേക മികവുണ്ടായിരുന്നുവെന്നും നിർമാതാവ് രഞ്ജിത് പറഞ്ഞു.
പ്രേക്ഷകരുടെ പൾസ് നന്നായി അറിയാവുന്ന ആദിത്യൻ നമ്പർ വൺ റേറ്റിങ്ങുള്ള മലയാളം ടെലിവിഷൻ ഡയറക്ടർ കൂടിയായിരുന്നു. 'അമ്മ' എന്ന സീരിയലും ഹിറ്റായിരുന്നു. ആദിത്യന്‍ സീരിയൽ രംഗത്ത് നൽകുന്ന പിന്തുണയെക്കുറിച്ച് വാചാലരായി താരങ്ങളും എത്താറുണ്ട്. ഒരു കുടുംബം പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ലൊക്കേഷന്‍ എന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. സാന്ത്വനം ഇത്രയധികം ഹിറ്റാവുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആദിത്യനും പറഞ്ഞിരുന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള മേക്കിംഗും പ്രമേയവുമാണ് സാന്ത്വനത്തിന്റേത്. സ്റ്റാർ വിജയ് ചാനലിൽ സം പ്രേഷണം ചെയ്ത "പാണ്ഡ്യൻ സ്റ്റോഴ്സ്' എന്ന സീരിയലാണ് സാന്ത്വനം' എന്ന പേരിൽ മലയാളത്തിൽ ആദിത്യൻ അവതരിപ്പിച്ചത്. ചിപ്പിയാണ് മുഖ്യകഥാപാതമായ ശ്രീദേവിയെ അവതരിപ്പിക്കുന്നത്. തമിഴിൽ പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്ത ആദിത്യന്, മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുക എന്നതു ജീവിതാഭിലാഷമായിരുന്നു. ഇതിനായി പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണു മരണം.
പ്രണാമം ചേട്ടാ, എന്ത് പറയണം എന്നറിയില്ല ജീവിതത്തില്‍ കൂടെ ചേര്‍ത്ത് നിര്‍ത്തി വളര്‍ത്തിയ ഓരോരുത്തരായി കണ്ണ് മുന്നില്‍ നിന്നും പൊടുന്നനെ മാഞ്ഞുപോകുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്റെ അഭിനയജീവിതത്തില്‍ ഗുരുനാഥനായും ജീവിതത്തില്‍ ഒരു സഹോദരനെ പോലെയും സ്വാധീനിച്ച അങ്ങേക്ക് എങ്ങനെ ആദരാഞ്ജലികള്‍ അര്‍പ്പിക്കണം എന്നറിയില്ല.
ചേട്ടന്റെ കുടുംബത്തിന് എല്ലാം അതിജീവിക്കാന്‍ കരുത്തു നല്‍കട്ടെ ഈശ്വരന്‍ എന്നായിരുന്നു സീരിയല്‍ നടി ഉമ നായര്‍ കുറിച്ചത്. ഇരുവരും വാനമ്പാടി എന്ന സീരിയലില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ്. എന്റെ ആത്മമിത്രം എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളേ വിട്ടു പോയല്ലോ. എന്റെ വിഷമങ്ങള്‍ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ. അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാന്‍ മനപ്പൂര്‍വ്വം അര്‍പ്പിക്കുന്നില്ല.
കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളില്‍ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാന്‍ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ. എന്തൊരു ലോകം ദൈവമേ ഇതെന്നായിരുന്നു മനോജ് കുറിച്ചത്. ജീവിതത്തിന്റെ പാതിവഴിയിൽ എല്ലാം അവസാനിപ്പിച്ചു മടങ്ങിയ ആദിത്യന്റെ മൃതദേഹം തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിനു വച്ചപ്പോൾ സിനിമ-സീരിയൽ രംഗത്തെ നിരവധി പേരാണ് അന്തിമോപചാരം അർപ്പിച്ചത്.
https://www.facebook.com/Malayalivartha