വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 15 അദ്ധ്യാപക തസ്തികകള്‍

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് 15 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോ വാസ്‌ക്യുലര്‍ തൊറാസിക് സര്‍ജറി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് തസ്തികകള്‍ സൃഷ്ടിച്ചത്. വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് വളരെ വേഗത്തില്‍ അഡ്മിഷന്‍ നടത്തി ക്ലാസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു. വയനാട് 60 സീറ്റുകളോട് കൂടിയ നഴ്‌സിംഗ് കോളേജും ആരംഭിച്ചിരുന്നു. ഇത് കൂടാതെയാണ് 15 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോ വാസ്‌ക്യൂര്‍ തൊറാസിക് സര്‍ജറി, നെഫ്രോളജി എന്നീ വിഭാഗങ്ങളില്‍ ഓരോ അസോ. പ്രൊഫസര്‍ തസ്തികയും ഓരോ അസി. പ്രൊഫസര്‍ തസ്തികയും ഓരോ സീനിയര്‍ റെസിഡന്റ് തസ്തികകളുമാണ് സൃഷ്ടിച്ചത്. പ്രകൃതി ദുരന്തങ്ങളും മൃഗങ്ങളുടെ ആക്രമണങ്ങളും ഉണ്ടാകുന്നതിനാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ജില്ലയ്ക്ക് ഏറെ സഹായകരമാകും. വയനാട് മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യങ്ങളൊരുക്കാനായി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് പുതിയ മെഡിക്കല്‍ കോളേജായിട്ടും സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകള്‍ സൃഷ്ടിച്ചത്.
അടുത്തിടേയാണ് വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി ലഭ്യമായത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകളും നഴ്‌സിംഗ് കോളേജുകളും യാഥാര്‍ത്ഥ്യമായി. പത്തനംതിട്ട, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 4 മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഈ സര്‍ക്കാരിന്റെ കാലത്ത് എന്‍എംസി അനുമതി ലഭ്യമാക്കി ക്ലാസുകള്‍ ആരംഭിച്ചത്. ഇതോടെ 300 എംബിബിഎസ് സീറ്റുകളാണ് സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ലഭ്യമാക്കിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലായി 21 നഴ്‌സിംഗ് കോളേജുകളാണ് ആരംഭിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 478 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളില്‍ നിന്ന് 1060 സീറ്റുകളാക്കി വര്‍ധിപ്പിച്ചു. ആകെ 10300 ലധികം ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാക്കി വര്‍ധിപ്പിച്ചു.
https://www.facebook.com/Malayalivartha