ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ ഇ.ഡി റെയ്ഡ്

ഭൂട്ടാന്‍ കാര്‍ കടത്തില്‍ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇ.ഡി പരിശോധന. ദുല്‍ഖറിന്റെ വീട്ടിലടക്കം 17 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ്. കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെയാണ് ഇ.ഡിയും റെയ്ഡ് നടത്തുന്നത്. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്ഡ്. കടവന്ത്രയിലെ വീട്ടിലാണ് ദുല്‍ഖര്‍ താമസിക്കുന്നത്.
അമിത് ചക്കാലയ്ക്കല്‍, വിദേശ വ്യവസായി വിജേഷ് വര്‍ഗീസ്, വാഹന ഡീലര്‍മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് എന്നാണ് വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ.ഡിയുടെ വിശദീകരണം.
ഇന്ത്യയിലേക്ക് ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും റജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകളും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യാജ ആര്‍ടിഒ റജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി.
പിന്നീട് വാഹനങ്ങള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്ക്കലും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഇ.ഡി അധികൃതര്‍ വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha