കുട്ടി കർഷകർക്ക് സഹായ ഹസ്തവുമായി സിനിമാതാരങ്ങൾ:- നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകും...

തൊടുപുഴയില്‍ കുട്ടി കർഷകർക്ക് സഹായ ഹസ്തവുമായി സിനിമാതാരങ്ങൾ രംഗത്ത്. നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്നും അറിയിച്ചു. പി.ജെ.ജോസഫ് എംഎൽഎ ഒരു പശുവിനെ നൽകുമെന്നും അറിയിച്ചു. അബ്രഹാം ഓസ് ലര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടന്‍ ജയറാമും സഹായം നല്‍കുമെന്ന് രാവിലെ അറിയിച്ചിരുന്നു. ഇതനുസരിച്ച് പത്താം ക്ലാസ് വിദ്യാർഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യുബെന്നിയെയും കുടുംബത്തെയും സന്ദർശിച്ച ജയറാം ചെക്ക് കൈമാറി. കുട്ടിക്കർഷകർക്ക് എല്ലാ സഹായവും മന്ത്രി ചിഞ്ചുറാണിയും ഉറപ്പുനൽകി.
ഒരാഴ്ചക്കുള്ളിൽ തന്നെ ഇൻഷുർ ചെയ്ത അഞ്ച് പശുക്കളെ കുട്ടിക്കർഷകർക്ക് നൽകുമെന്ന് പറഞ്ഞമന്ത്രി, മൂന്ന് പശുക്കൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 15000 വീതമുള്ള ധനസഹായം, കേരള ഫീഡ്സിന്റെ ഒരുമാസത്തെ കാലിത്തീറ്റ, കൂടാതെ മിൽമയുടെ ഭാഗത്ത് നിന്നും സഹായമുണ്ടാകുമെന്നും അറിയിച്ചു. തുടർന്നും കൃഷി മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി മാത്യുവിനും കുടുംബത്തിനും ഉറപ്പുനൽകി.
ബ്ലോക്ക്, പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു സഹായപദ്ധതി മാത്യുവിന് നൽകുമെന്നും മന്ത്രി പറഞ്ഞു. കൃഷി വിപുലീകരിക്കുന്നതിനു വേണ്ട നിർദേശങ്ങളും മന്ത്രി മാത്യുവുമായി പങ്കുവെച്ചു. ഞായറാഴ്ച വൈകീട്ട് തീറ്റയായി നൽകിയ കപ്പത്തൊലിയിൽ നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ. ചത്ത കന്നുകാലികളെ ഫാമിന് സമീപമെടുത്ത ഒറ്റ കുഴയിൽ സംസ്കരിച്ചു. പശുക്കളെ ഇൻഷുർ ചെയ്തിരുന്നില്ല. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
ജയറാമിന്റെ ഫാമിലും അറു വർഷം മുമ്പ് സമാന ദുരന്തമുണ്ടായി. 22 പശുക്കളാണ് അന്ന് മരിച്ചത്. ജയറാമും പാർവ്വതിയും പശുകളൊരോന്ന് ചത്തു വീഴുന്നത് കണ്ട് പൊട്ടിക്കരഞ്ഞു. വിഷബാധയാണ് പശുക്കളുടെ ജീവനെടുത്തതെന്ന് ഡോക്ടർമാർ അറിയിച്ചു. സ്വന്തം മക്കളെ പോലെ വളർത്തിയ പശുക്കളായിരുന്നു അന്ന് മരിച്ചത്. അതുകൊണ്ടു തന്നെ വെള്ളിയാമറ്റത്തെ വേദന താനും അറിഞ്ഞതാണ്. ഞാൻ അനുഭവിച്ച വേദനയാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്. അതുകൊണ്ടാണ് അവർക്കൊപ്പം ഇരുന്ന് ആശ്വസിപ്പിക്കാനായി അങ്ങോട്ട് പോകുന്നത് എന്ന് ജയറാം പ്രതികരിച്ചിരുന്നു.
മാത്യുവിനും അമ്മ ഷൈനിയ്ക്കും സഹോദരി റോസ്മേരിയ്ക്കും ശാരീരികാസ്വസ്ഥത ഉണ്ടായതോടെ ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നിട് വീട്ടിൽ തിരിച്ചെത്തി. സയനൈഡ് അമിത അളവിൽ ഉള്ളിലെത്തിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. കൂട്ടുകാരെപ്പോലെ ഓരോ പശുവിനെയും കിടാരിയെയും പേരുചൊല്ലിയാണ് മാത്യു വിളിച്ചിരുന്നത്. കൊച്ചുറാണിയും ഐശ്വര്യറാണിയും മഹാറാണിയും, ഇരട്ടകളായ പൊന്നുവും മിന്നുവും, മറിയാമ്മയും മർത്തയും കണ്ണാപ്പിയുമെല്ലാം മാത്യുവിനും സഹോദരൻ ജോർജിനും പ്രയപ്പെട്ടവരായിരുന്നു.
വെറും വളർത്തുമൃഗങ്ങൾക്കപ്പുറം കുടുംബാംഗങ്ങളെപ്പോലെയാണ് ഇവർ പരിഗണിച്ചിരുന്നത്. വിഷബാധയേറ്റ അഞ്ച് കന്നുകാലികളുടെ നില ഗുരുതരമായി തുടരുകയാണ്. മൂന്നെണ്ണത്തിന്റെ നിലയിൽ പ്രതീക്ഷയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എട്ട് പശുക്കളും എട്ട് കിടാരികളും ആറ് മൂരികളും ഉൾപ്പെടെ ആകെ 22 കന്നുകാലികളാണ് ഫാമിൽ ഉണ്ടായിരുന്നത്. മാത്യുവിന് 13 വയസ്സുള്ളപ്പോഴാണ് അച്ഛൻ ബെന്നി മരിക്കുന്നത്. മരണശേഷം പശുക്കളെ വിൽക്കാൻ തീരുമാനിച്ചെങ്കിലും മാത്യുവിന്റെ കടുംപിടുത്തത്തിനു മുൻപിൽ വീട്ടുകാർക്ക് വഴങ്ങേണ്ടിവന്നു. പശുക്കളെ വിറ്റില്ല.
മാത്യുവാണ് അന്നുമുതൽ പ്രധാന പശുപരിപാലകൻ. ജ്യേഷ്ഠൻ ജോർജും അമ്മ ഷൈനിയും സഹോദരി റോസ്മേരിയും സഹായിക്കും. നല്ലനിലയിൽ ഫാം നടന്നുവരുമ്പോഴാണ് പച്ചക്കപ്പ ഉണക്കിനൽകുന്ന സ്ഥലത്തുനിന്ന് കപ്പത്തൊലിവാങ്ങി ഇവയ്ക്കുനൽകിയത്. ഇത് ദുരന്തമായി. ഇത് കഴിച്ചതോടെ പശുക്കൾ ഒന്നൊന്നായി കുഴഞ്ഞുവീണു. നുരയും പതയും വായിലും മൂക്കിലും വന്ന്, കൈകാലിട്ടടിച്ച് ഓരോന്നായി ചത്ത് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha