നടനും എംഎൽഎയുമായ മുകേഷിന്‍റെ മകൻ ശ്രാവൺ നായകനായെത്തുന്ന 'കല്യാണ'ത്തിന്റെ ഓഡിയോ ലോഞ്ച് വ്യത്യസ്തമാക്കി അണിയറ പ്രവര്‍ത്തകര്‍

നടനും എംഎൽഎയുമായ മുകേഷിന്‍റെ മകൻ ശ്രാവൺ നായകനായി അരങ്ങേറ്റം കുറിക്കുന്ന മലയാള ചിത്രമാണ് 'കല്യാണം'. മുകേഷിന്‍റെ മകന്റെ അരങ്ങേറ്റ ചിത്രം എന്നതിലുപരി ചർച്ചാവിഷയമാകുന്നത് സിനിമയുടെ വ്യത്യസ്തമായ ഓഡിയോ ലോഞ്ചാണ്. കടലിനടിയിലാണ് സിനിമയുടെ ഓഡിയോ ലോഞ്ച് ഒരുക്കിയത്. ചിത്രത്തിലെ നായിക വര്‍ഷയും മറ്റ് അണിയറപ്രവര്‍ത്തരും ഇതിനായി പ്രത്യകം സജ്ജമാക്കിയ മുങ്ങൽ വസ്ത്രങ്ങളും ഓക്സിജൻ സംവിധങ്ങളുമായി കടലിന്റെ അടിത്തട്ടിൽ ഇറങ്ങുകയായിരുന്നു.
കടൽ തീരത്ത് നിന്നും 80 മീറ്റർ അകലെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചലച്ചിത്ര താരവും ഫ്രൈഡേ സിനിമാസിന്റെ ഉടമയുമായ വിജയ് ബാബു, ചിത്രത്തിന്റെ സംവിധായകനു നിർമ്മാതാവുമായ രാജേഷ് നായർ, പത്നി ഉഷ, സഹ നിർമ്മാതാവ് കിഷോർ, നായിക വർഷ, ഗാന സംവിധായകൻ അലക്സ് പോൾ എന്നിവരടങ്ങുന്ന സംഘമാണ് കടലിൽ 6 മീറ്ററോളം ആഴത്തിൽ നടന്ന ഓഡിയോ ലോഞ്ചിൽ പങ്കെടുത്തത്. എന്നാൽ നായകൻ ഉണ്ടായിരുന്നില്ല. നായിക കൂടിയായ വർഷ ഫ്രൈഡേ ഫിലിംസ് ഉടമ വിജയ് ബാബുവിന് സിഡിയുടെ മാതൃക നൽകി ഉദ്‌ഘാടനം നിർവഹിച്ചു. ഇവർക്കൊപ്പം ബോണ്ട് ഓഷ്യൻ സഫാരി കോവളത്തിന്റെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബോണ്ട് സഫാരി സംഘത്തിന്റെ നേതൃത്വത്തിൽ ഒരു ദിവസത്തെ പരിശീലനം നൽകിയ ശേഷമാണ് ഇവർ കടലിൽ മുങ്ങിയത്. മുങ്ങാന്‍ മടിച്ച താരങ്ങള്‍, കരയില്‍ നിന്ന് ആശംസകള്‍ നേര്‍ന്നു. ചിത്രത്തിന്റെ പ്രചരണത്തിനുപുറമേ കടലിൽ മാലിന്യം തള്ളുന്നതിനെതിരെയുള്ള ഒരു ബോധവത്കരണം കൂടിയാണ് പരിപാടിയെന്നു അണിയറ പ്രവർത്തകർ പറയുന്നു. രാജേഷ് നായരാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആർ. നായർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ശ്രാവണിന്‍റെ അച്ഛന്‍റെ വേഷത്തിൽ മുകേഷ് തന്നെയാണ് എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. രാജീവ് നായരുടെ വരികൾക്ക് പ്രകാശ് അലക്സ് ഈണംപകരുന്നു.
https://www.facebook.com/Malayalivartha