നടന്‍ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനും എതിരെ വഞ്ചനാകുറ്റത്തിന് കേസ്

നടന്‍ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനും എതിരെ വഞ്ചനാകുറ്റത്തിന് കേസ്. സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നല്‍കിയില്ലെന്ന് ആരോപിക്കപ്പെട്ട പരാതിയിലാണ് താരദമ്ബതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
തൃശൂര്‍ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു നടന്‍ ബാബുരാജ്, ഭാര്യ വാണി വിശ്വനാഥ് എന്നിവര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി. 2017 ലാണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നല്‍കിയതെന്നു പരാതിയില്‍ പറയുന്നു.
തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചര്‍ച്ചകള്‍. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉള്‍പ്പെടെ തിരിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാടെന്നു പരാതിയില്‍ ആരോപിക്കുന്നു. വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്.
പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു. ഇടപാടുകള്‍ മുഴുവന്‍ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു ഇത്. ഇരുവര്‍ക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























