വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

അഹമ്മദാബാദിലെ സംഗീതവേദിയിൽ പാട്ടിനേക്കാൾ ആരാധികയുടെ ചുംബനമാണ് ഇപ്പോൾ വൈറലാകുന്നത്. പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ജിനാണ് സംഗീത പരിപാടിക്കിടെ ആരാധികയുടെ വക അപ്രതീക്ഷിത സ്നേഹപ്രകടനം ലഭിച്ചത്.
നവംബർ 21ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഓറ ഇന്ത്യ ടൂർ പരിപാടിക്കിടെയായിരുന്നു സംഭവം. നൃത്തം ചെയ്യാനായി വേദിയിലെത്തിയ വിദേശ വനിതാ ആരാധിക പാട്ടിനിടെ ദിൽജിത്തിന്റെ അടുത്തെത്തി. ചുംബിക്കാൻ ശ്രമിച്ചപ്പോൾ ആദ്യം കൈ ഉയർത്തി തടയാൻ ശ്രമിച്ചെങ്കിലും പിന്നീട് കവിളിൽ ചുംബിക്കാൻ അനുവദിച്ചു. അപ്രതീക്ഷിതമായ ഈ സ്നേഹപ്രകടനത്തിൽ ദിൽജിത് നാണംകുണുങ്ങുന്നതും വീഡിയോയിലുണ്ട്.
പിന്നാലെ ആരാധികയോട് തമാശരൂപേണ സംസാരിച്ച ദിൽജിത് പറഞ്ഞത്, 'എന്റെ ഇംഗ്ലീഷ് അത്ര സുന്ദരമല്ല, പക്ഷേ ഞാൻ സുന്ദരനാണ്' എന്നായിരുന്നു. ഇതോടെ സ്റ്റേഡിയം ചിരിയിലും കൈയടിയിലും മുങ്ങി. ആരാധികയ്ക്ക് സമ്മാനവും നൽകിയ ശേഷമാണ് താരം വേദിയിൽ നിന്ന് യാത്രയാക്കിയത്. വീണ്ടും ആലിംഗനം ചെയ്തും കവിളിൽ ചുംബിച്ചുമാണ് ആരാധിക മടങ്ങിയത്.
ദിൽജിത്തിന്റെ ഈ രസകരമായ പ്രതികരണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഗീതവും നൃത്തവും മാത്രമല്ല, ആരാധകരുമായുള്ള താരത്തിന്റെ ഈ സൗഹൃദനിമിഷവും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























