സച്ചിയെ ഓര്‍ത്ത് അഭിമാനിക്കുന്നു.... ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍

സച്ചി എവിടെയാണെങ്കിലും ഇപ്പോള്‍ സന്തോഷിക്കുകയായിരിക്കുമെന്ന് നടന്‍ പൃഥ്വിരാജ്. സച്ചിയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെയാണ് സച്ചിയെ അനുസ്മരിച്ച് പൃഥ്വി കുറിപ്പ് പങ്കുവച്ചത്.
സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ബിജു മേനോനും മികച്ച പിന്നണി ഗായിക പുരസ്‌കാരം നേടിയ നഞ്ചിയമ്മയ്ക്കും ചിത്രത്തിന്റെ മുഴുവന്‍ അണിയറ ശില്‍പ്പികള്‍ക്കും പൃഥ്വിരാജ് അഭിനന്ദനം അറിയിച്ചു.
'ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ. നീ എവിടെയായിരുന്നാലും നീ സന്തോഷവാനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും' പൃഥ്വിരാജ് പറഞ്ഞു.
അട്ടപ്പാടി സബ് ഇന്‍സ്‌പെക്ടറായ അയ്യപ്പന്‍ നായരായി വേഷമിട്ട ബിജുമേനോന്‍ രണ്ടു തലത്തിലുള്ള വേഷങ്ങളെയാണ് അഭ്രപാളിയിലെത്തിച്ചിരിന്നത്. നിയമം മാത്രം നോക്കി സത്യസന്ധമായി ജോലി ചെയ്യുന്ന 27 വര്‍ഷത്തെ സര്‍വീസുള്ള അയ്യപ്പന്‍ നായര്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്.
സ്വന്തം ഭാര്യയ്‌ക്കെതിരെ പരാതി വന്നപ്പോള്‍ പോലും മുഖം നോക്കാതെ നടപടിയെടുത്ത ഓഫീസറാണ് അയ്യപ്പന്‍. എന്നാല്‍ കോശി കാരണമുണ്ടാകുന്ന ചില പ്രശ്‌നങ്ങളില്‍ നിന്നും പിടിവള്ളി നഷ്ടപ്പെടുന്ന അയ്യപ്പന്‍, അനുസരിച്ച അതേ നിയമങ്ങളെ കാറ്റില്‍പ്പറത്തി കോശിയോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.
എല്ലാം നഷ്ടപ്പെട്ടതോടെ അയ്യപ്പന്‍ 27 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള, തന്റേടിയായ അപകടകാരിയായ മുണ്ടൂരുകാരനാകുന്നു. പിന്നീട് നിയമങ്ങളുടെ നൂലാമാലകളിലൂടെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും തല്ലുകൂടിയുമെല്ലാം അയ്യപ്പനും കോശിയും സഞ്ചരിക്കുന്നു. തുല്യശക്തികളായ അയ്യപ്പനും കോശിയും ഏറ്റുമുട്ടുമ്‌ബോള്‍ ജയം ആരുടെ പക്ഷത്ത് എന്ന ചോദ്യമുയരും. അതുതന്നെയാണ് സിനിമയുടെ വിജയവും. ഇരുവര്‍ക്കും പ്രതിഷേധിക്കാന്‍ അവരവരുടേതായ കാരണങ്ങളുണ്ട്.
നായകനാര്‍ പ്രതിനായകനാര് എന്ന ചോദ്യം പ്രേക്ഷകരെ കുഴപ്പിക്കും. എന്നാലും മനസ്സിനോട് ചേര്‍ന്നു നില്‍ക്കുന്നത് ബിജു മേനോന്റെ അയ്യപ്പന്‍നായരാണ്. പേരിലുള്ള നായരില്‍ തന്നെ പ്രതിഷേധം കൊണ്ടുനടക്കുന്ന അയ്യപ്പന്‍ നായര്‍ ആദിവാസി യുവതിയായ കണ്ണമ്മയെ കല്യാണം കഴിച്ച് അട്ടപ്പാടിയില്‍ തന്നെ ജീവിക്കുന്നയാളാണ്. അയ്യപ്പന്‍ നായരെ സ്‌ക്രീനില്‍ മികവുറ്റതാക്കിയതിന് അവാര്‍ഡ് ലഭിച്ചതിലെ സന്തോഷം നടന്‍ ബിജു മേനോന്‍ പങ്കുവെച്ചു.
https://www.facebook.com/Malayalivartha























