"ആരേയും തള്ളിപ്പറയാനില്ല...,ലോകത്തിൻ്റെ മുഴുവൻ സ്നേഹം തനിക്ക് വേണം...വിമർശനം മക്കൾ പറയുന്ന പോലെയെ കണക്കാക്കുന്നുള്ളൂ," ദേശീയ പുരസ്‌കാര വിവാദത്തിൽ പ്രതികരിച്ച് നഞ്ചിയമ്മ

നഞ്ചിയമ്മ മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നൽകിയത് വർഷങ്ങളുടെ സംഗീത പാരമ്പര്യമുള്ള സംഗീതജ്ഞരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിമർശനമുയർന്നിരുന്നു. ഇപ്പോളിതാ ദേശീയ പുരസ്‌കാര വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണ് നഞ്ചിയമ്മ. പുരസ്‌കാര വിവാദം താൻ കാര്യമാക്കുന്നില്ല.വിമർശനം മക്കൾ പറയുന്ന പോലെയെ കണക്കാക്കുന്നുള്ളുവെന്നും ആരോടും വിരോധമില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.
ലോകത്തിൻ്റെ മുഴുവൻ സ്നേഹം തനിക്ക് വേണം, അതു കൊണ്ട് തന്നെ ആരേയും തള്ളിപ്പറയാനുമില്ലെന്നും മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം ദേശീയ ചലച്ചിത്രപരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മികച്ച ഗായികയ്‌ക്കുള്ള അവാർഡ് നഞ്ചിയമ്മയ്‌ക്ക് നൽകിയതിൽ വിമർശനവുമായി സംഗീതജ്ഞൻ ലിനു ലാൽ രംഗത്തെത്തിയിരുന്നു.ഒരു മാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്‌ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിനായി ജീവിതം ഉഴിഞ്ഞ് വെച്ചവർക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നായിരുന്നു ലിനു ലാലിന്റെ വിമർശനം. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. സംഗീതലോകത്തെ പ്രമുഖരിൽ പലരും നഞ്ചിയമ്മയ്‌ക്ക് പിന്തുണയുമായി എത്തിയിരുന്നു.
അതേസമയം ദേശീയ പുരസ്ക്കാരത്തിന് പിന്നാലെ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് കുതിക്കുകയാണ് നഞ്ചിയമ്മ. നിരവധി സംഘടനകളും വ്യക്തികളുമാണ് നഞ്ചിയമ്മ ആശംസകളുമായി അട്ടപ്പാടിയിലെ നക്കുപതി ഊരിലെത്തുന്നത്.
https://www.facebook.com/Malayalivartha

























