ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ: നവ്യ നായരുടെ ആരോഗ്യ നില തൃപ്തികരം....
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നടി നവ്യാ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. നവ്യയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു തന്റെ പുതിയ ചിത്രമായ ജാനകി ജാനേയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശങ്കപ്പെടാൻ ഒന്നും ഇല്ലെന്നും, ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിലെത്തിയതെന്നും നടിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങളാൽ സുൽത്താൻ ബത്തേരിയിൽ എത്തില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ നടി അറിയിച്ചിരുന്നു. പുതിയ തീയതി ഉടനറിയിക്കുമെന്നും നവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നു. താരത്തിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ആരാധകർ ആശങ്കയിലായിരുന്നു. സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആരോഗ്യം വീണ്ടെടുത്താലുടൻ വീണ്ടും പ്രമോഷനുമായി രംഗത്തിറങ്ങാൻ തന്നെയാണ് നവ്യയുടെ തീരുമാനം. അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ മികച്ച പ്രതികരണം നേടി തിയറ്റുകളിൽ മുന്നേറുകയാണ്. അനീഷ് ഉപാസന തന്നെ തിരക്കഥ രചിച്ച ജാനകി ജാനേയുടെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലാണ്. ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ് ജാനകി ജാനേ. തികച്ചും സാധാരണക്കാരുടെ ജീവിതത്തിലൂടെ ഭാര്യാ ഭർത്തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ് ഈ ചിത്രം. സൈജു കുറുപ്പും നവ്യാ നായരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.
അതേ സമയം ജന്മനാടിനെക്കുറിച്ച് നടത്തിയ നവ്യയുടെ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ വിവാദമായിരുന്നു. ഒരു ചാനല്‍ അഭിമുഖത്തില്‍ നവ്യ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിൽ പ്രതിഷേധം ഉയർന്നത്. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമർശം.
ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന് ദിലീപ് അതിശയിച്ചതായും നവ്യ വിഡിയോയിൽ പറയുന്നുണ്ട്. ചില പോസ്റ്റുകളില്‍ മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് ചില പോസ്റ്റുകള്‍ വന്നിരിക്കുന്നത്. എവിടെയും കുളവും പാടവുമാണ് എന്ന നവ്യയുടെ പരാമര്‍ശത്തില്‍ ചില പോസ്റ്റുകളില്‍ മുതുകുളത്തിന്റെ പേരിലെ ഐതിഹ്യം തന്നെ ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മുത്തുമണികൾ പോലെ വിളഞ്ഞ നെൽ പാടങ്ങൾ നിറഞ്ഞ മുത്തുകുളമാണ് മുതുകുളമായി മാറിയതെന്നതാണ് ഐതിഹ്യമെന്ന് നവ്യയെ ചില പോസ്റ്റുകളില്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് സഹനടനായ ദിലീപിനോട് ഞങ്ങളുടെ നാട്ടിൽ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്ന് കായംകുളത്താണ്- എൻടിപിസി എന്ന് നവ്യ പറഞ്ഞെങ്കിൽ ഞങ്ങൾ എത്ര അഭിമാനിക്കുമായിരുന്നു എന്നും ചില പോസ്റ്റുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha