പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

കത്തോലിക്കാ സഭയുടെ മുൻ പരമാധ്യക്ഷനായിരുന്ന പോപ്പ് ഫ്രാൻസിസ് നേരിട്ടത് കടുത്ത ആത്മീയ സംഘർഷങ്ങളെന്ന് വെളിപ്പെടുത്തുന്ന സ്വകാര്യ ഡയറി പുറത്ത്. 2025 ഏപ്രിലിൽ അന്തരിച്ച ഫ്രാൻസിസിന്റെ 1992 മുതൽ 2024 വരെയുള്ള കുറിപ്പുകളാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസാണ് ഈ കുറിപ്പുകൾ ക്രോഡീകരിച്ച് പുസ്തകമാക്കിയത്.
ജീവിതത്തിൽ മൂന്ന് തവണ പിശാചിനെ കണ്ടതായി ഫ്രാൻസിസ് ഡയറിയിൽ കുറിച്ചിട്ടുണ്ട്. തീപോലെ ജ്വലിക്കുന്ന കണ്ണുകളും ഭയപ്പെടുത്തുന്നതും ഒരേസമയം ആകർഷിക്കുന്നതുമായ നോട്ടവുമാണ് ആ രൂപത്തിനുണ്ടായിരുന്നതെന്നാണ് അദ്ദേഹത്തിന്റെ വിവരണം. 2018-ൽ നരകത്തിന്റെ കവാടം കണ്ടതായും ഭയന്നുപോയ താൻ സംരക്ഷണത്തിനായി ജപമാല മുറുകെ പിടിച്ചതായും അദ്ദേഹം എഴുതിയിട്ടുണ്ട്.
2021 മുതൽ 2022 വരെ രണ്ട് വർഷത്തോളം കടുത്ത ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയെന്നും ഡയറി വെളിപ്പെടുത്തുന്നു. അധികാരത്തിന്റെ പ്രലോഭനങ്ങളും സഭയ്ക്കുള്ളിലെ പ്രതിസന്ധികളും അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. ചിലിയിൽ വൈദികർക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ കൈകാര്യം ചെയ്തതിൽ പിഴവുണ്ടായെന്നും പിന്നീട് അദ്ദേഹം തുറന്നെഴുതി.
ഒരു മാർപാപ്പയുടെ സ്വകാര്യ ആത്മീയ ജീവിതത്തിലേക്ക് അപൂർവമായി ലഭിക്കുന്ന ഈ കാഴ്ചയാണ് പുതിയ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.
https://www.facebook.com/Malayalivartha


























