ആ ഭീഷണി പ്രകോപനമായി... കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം, 23കാരിക്ക് ദാരുണാന്ത്യം

ഏറെനാൾ പ്രണയിച്ച ബന്ധം ഒടുവിൽ സംശയത്തിന്റെയും വഴക്കിന്റെയും പേരിൽ കൊലപാതകത്തിൽ അവസാനിച്ചു. ഒരുമിച്ച് ലോഡ്ജിൽ മുറിയെടുത്ത് സമയം ചെലവഴിക്കാനെത്തിയ കമിതാക്കൾക്കിടയിൽ മദ്യപാനത്തിനിടെ തർക്കം. വിശ്വാസമില്ലെന്ന് പറഞ്ഞ് യുവതി പൊട്ടിക്കരഞ്ഞു. പിന്നാലെ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ യുവതിയോട് കാമുകന്റെ മറുപടി, 'നിനക്ക് ഇഷ്ടമുള്ളത് ചെയ്യ്'. തൊട്ടുപിന്നാലെ യുവതിയെ ഇയാൾ പിടിച്ചുതള്ളിയെന്നാണ് പൊലീസിന് ലഭിച്ച പരാതി. ലോഡ്ജിന്റെ ജനലിലൂടെ താഴേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കർണാടകയിലെ ഗംഗാമഗുഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഭവം നടന്നത്. ഹസൻ സ്വദേശിനിയായ 23കാരി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഐശ്വര്യയുടെ കാമുകനും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐശ്വര്യയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഐശ്വര്യയുടെ മരണത്തിന് പിന്നിൽ സംശയവും അവിശ്വാസവും നിറഞ്ഞ ഒരു ബന്ധത്തിന്റെ കഥയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നേരത്തെ ഐശ്വര്യ മറ്റൊരാൾക്കൊപ്പം ഓയോ മുറിയിൽ പോയെന്ന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പരിചയക്കാരിയായ അരുന്ധതിയുടെ ആൺസുഹൃത്തിന്റെ സുഹൃത്തായ സച്ചിനൊപ്പമാണ് ഐശ്വര്യ ഓയോ മുറിയിൽ പോയതെന്നാണ് പരാതിയിൽ പറയുന്നത്. ഈ വിവരം അരുന്ധതി പിന്നീട് ഐശ്വര്യയുടെ വീട്ടുകാരെ അറിയിച്ചു. ഇതോടെ വീട്ടുകാർ ഐശ്വര്യയെ കുറ്റപ്പെടുത്തി സംസാരിച്ചുവെന്നാണ് ആരോപണം.
ഈ സംഭവം സന്തോഷിന്റെ മനസ്സിലും സംശയമുണ്ടാക്കി. പ്രണയത്തിലായിരുന്നിട്ടും സന്തോഷിന് തന്നെ വിശ്വാസമില്ലെന്ന തോന്നൽ ഐശ്വര്യയെ മാനസികമായി തളർത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. സ്വന്തം വീട്ടുകാർ പോലും തന്നെ വിശ്വസിക്കുന്നില്ലെന്നും കാമുകനും തന്നെ സംശയിക്കുകയാണെന്നും ഐശ്വര്യ വേദനയോടെ പറഞ്ഞിരുന്നതായി അമ്മയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
ഇതെല്ലാം ചർച്ച ചെയ്ത് പരിഹരിക്കാൻ ഇരുവരും ബെംഗളൂരുവിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. വൈകുന്നേരത്തോടെ ഇരുവരും മദ്യപിച്ചു. മദ്യം തലക്ക് പിടിച്ചതോടെ സ്നേഹം പരിഭവവും സങ്കടവും തർക്കവും പ്രതികാരവും ഒക്കെയായി. സന്തോഷിനും വീട്ടുകാർക്കും തന്നെ വിശ്വാസമില്ലെന്ന കാര്യം ഐശ്വര്യ വീണ്ടും ഉന്നയിച്ചു. സംസാരത്തിനിടെ തർക്കം രൂക്ഷമായി. മാനസികമായി തളർന്ന ഐശ്വര്യ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും പൊലീസ് പറയുന്നു.
എന്നാൽ ഈ ഘട്ടത്തിൽ സന്തോഷ് നടത്തിയ പ്രതികരണമാണ് സംഭവത്തെ കൂടുതൽ ഗുരുതരമാക്കിയത്. 'നിനക്ക് ഇഷ്ടമുള്ളത് ചെയ്യ്' എന്ന് പറഞ്ഞ സന്തോഷ് ഐശ്വര്യയെ കൈകൊണ്ട് പിടിച്ചുതള്ളിയെന്നാണ് പൊലീസിന് ലഭിച്ച പരാതി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഐശ്വര്യ ലോഡ്ജിന്റെ ജനലിലൂടെ താഴേക്ക് വീണു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ തൽക്ഷണം മരിച്ചു.
സംഭവത്തിൽ ഐശ്വര്യയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സന്തോഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഒരിക്കൽ ഒരുമിച്ച് ജീവിതം സ്വപ്നം കണ്ടിരുന്ന രണ്ടുപേർ. എന്നാൽ ആ ബന്ധത്തിൽ വളർന്ന സംശയവും അവിശ്വാസവും ഒടുവിൽ ഒരു യുവതിയുടെ ജീവനെടുക്കുന്ന ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഐശ്വര്യയുടെ മരണത്തിൽ സന്തോഷിനെതിരായ ആരോപണങ്ങളും സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങളും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha

























