തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു

വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മമിത ബൈജു. ഇപ്പോള്‍ ജയ് ഹനുമാനിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മമിത. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഒരുങ്ങുന്ന ജയ് ഹനുമാന്‍ എന്ന ഋഷഭ് ഷെട്ടി ചിത്രത്തിലാണ് മമിത ബൈജു അഭിനയിക്കുന്നത്. ഹൈദരാബാദില്‍ ജയ് ഹനുമാന്റെ കഴിഞ്ഞ ഷെഡ്യൂളില്‍ മമിത അഭിനയിച്ചിരുന്നു. അടുത്ത ഷെഡ്യൂള്‍ സെപ്തംബര്‍ 22ന് ഹൈദരാബാദില്‍ ആരംഭിക്കും.
ടൈറ്റില്‍ കഥാപാത്രമായി ഋഷഭ് ഷെട്ടി എത്തുന്ന ചിത്രത്തില്‍ മറ്റു താരങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മലയാളത്തില്‍നിന്ന് ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്ക് താരം റാണ ദഗുബട്ടി, ബോളിവുഡ് താരം അക്ഷയ് ഖന്ന എന്നിവരും താരനിരയിലുണ്ട്.നിമിഷ് രവി ആണ് ഛായാഗ്രഹണം. സൂര്യ ചിത്രം വിശ്വനാഥ് ആന്റ് സണ്‍സിനുശേഷം നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ്.
തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് 2024 ല്‍ പ്രശാന്ത് വര്‍മ്മ ഹനുമാന്‍ സംവിധാനം ചെയ്തത്. രണ്ടാംഭാഗമാണ് ജയ്ഹനുമാന്‍. 40 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ഹനുമാന്‍ 350 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ഒരുക്കുന്ന ജയ് ഹനുമാന്‍ ടി സീരിസ് ആണ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ വന്‍ ബഡ്ജറ്റില്‍ ആണ് രണ്ടാംഭാഗം ഒരുക്കുന്നത്. ഐ മാക്‌സ് ത്രിഡി ഫോര്‍ മാറ്റില്‍ ആണ് ചിത്രീകരണം. സംഗീതം എം.എം. കീരവാണി.
https://www.facebook.com/Malayalivartha



























