ആ പൊടിമീശയിലും താടിയിലും നടത്തിയ സൂത്രപണി പഠിപ്പിച്ചത് ആരെന്നോ?

മലയാള സിനിമയുടെ പ്രിയമേക്കപ്പ് മാനാണ് പട്ടണം റഷീദ്. തന്റേതായ ശൈലിയില്‍ ഓരോ സിനിമയുടെയും മേക്കപ്പ് അതിഗംഭീരമായി ചെയ്തു തീര്‍ക്കും. 'അരയന്നങ്ങളുടെ വീട്' എന്ന സിനിമയില്‍ മമ്മൂക്കയുടെ മേക്കപ്പില്‍ പട്ടണം റഷീദ് ഒരു സൂത്രപണി പ്രയോഗിച്ചിരുന്നു. അത് ആരാണ് പഠിപ്പിച്ചതെന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ അത് ഒരു സൂത്രവിദ്യയാണെന്ന് മറുപടി പറഞ്ഞു.
'അരയന്നങ്ങളുടെ വീട്' എന്ന സിനിമയില്‍ മമ്മൂക്ക കുറ്റിത്താടിവച്ച് അഭിനയിക്കുന്ന രംഗങ്ങളുണ്ട്. ഏതാനും ദിവസങ്ങളില്‍ ഷൂട്ടിംഗ് നടന്നതിനുശേഷം മമ്മൂക്ക ഞങ്ങളുടെ ലൊക്കേഷനില്‍ നിന്നും മറ്റെവിടേയ്‌ക്കോപോയി. രണ്ടുദിവസം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ മമ്മൂക്ക ക്ലീന്‍ഷേവ് ചെയ്ത് വന്നു. മീശയുമില്ല, താടിയുമില്ല. കണ്ടിന്യുവിറ്റി പ്രോബ്ലമായിക്കഴിഞ്ഞുവെന്ന് പറയേണ്ടതില്ലല്ലോ.
ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു മമ്മൂക്കയുടെ വരവ്. അത് രമ്യമായി പരിഹരിക്കപ്പെടേണ്ട ചുമതല എന്റേതുമാണല്ലോ. സംവിധായകന്‍ ലോഹിതദാസും ക്യാമറാമാനും ഞാനുമൊക്കെ അതുകണ്ട് ഞെട്ടിപ്പോയി എന്നു പറയുന്നതാകും ശരി. കണ്ടിന്യുവിറ്റി ജംപ് ചെയ്യാത്ത രീതിയില്‍ അത് പരിഹരിക്കപ്പെടണം. അതിനുള്ള വഴി എന്താണെന്ന് ഞാന്‍ ആലോചിച്ചു. റഷീദെ, എന്താണ് മാര്‍ഗ്ഗമെന്ന് നല്ല കൂളായി മമ്മൂക്കയുടെ ചോദ്യവും വന്നു.
മുടി പൊടിയായി അരിഞ്ഞ് ഗം ഉപയോഗിച്ച് മുഖത്ത് ഒട്ടിക്കാമെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയ്ക്ക് ദേഷ്യമായി. നീ എന്താ റഷീദെ, ഈ പറയുന്നെ, ഗംവച്ച് താടി ഒട്ടിക്കാനോ? എന്റെ മുഖത്തൊന്നും അത് നടക്കൂല്ല. ഞൊടിയിടയില്‍ മമ്മൂക്കയുടെ ഈ മറുപടിയും കൂടി വന്നപ്പോള്‍ മറ്റ് മാര്‍ഗ്ഗം ഞാന്‍ ആലോചിച്ചു. ഞാന്‍ ആദ്യമായി ഇന്‍ഡിപ്പെന്റ് മേക്കപ്പ്മാനായി ജോലി തുടങ്ങിയ 'ഒന്നുമുതല്‍ പൂജ്യംവരെ' എന്ന ചിത്രത്തിന്റെ സെറ്റില്‍ ചെയ്ത ഒരു പൊടിക്കൈ എനിക്കോര്‍മ്മ വന്നു. അതിവിടെ പരീക്ഷിച്ചാല്‍ വിജയിക്കുമെന്ന് എനിക്ക് ബോദ്ധ്യമായി. അങ്ങനെ ആ പ്രയോഗം മമ്മൂട്ടിയുടെ മുഖത്ത് ഞാന്‍ നടത്തി.
വാസ്‌ലൈന്‍ കയ്യിലെടുത്ത് മമ്മൂക്കയുടെ മുഖത്ത് തേച്ചിട്ട് നനഞ്ഞ തുണിയില്‍ മുടിവച്ച് ചെറുതായി കട്ട് ചെയ്‌തെടുത്തു. മുടിയുടെ ആ പൊടി കടലാസ് ഘനത്തിലെന്നപോലെ വാസ്‌ലൈന് പുറമെവച്ച് ഒപ്പിയൊപ്പി ഒട്ടിച്ചു. ആ ടെക്‌നിക്ക് വിജയിച്ചു. ആദ്യഘട്ടത്തില്‍ ഷൂട്ട് ചെയ്തപ്പോഴുണ്ടായിരുന്നതുപോലെതന്നെ വലിയ കുഴപ്പമില്ലാതെ കുറ്റിത്താടി ശരിയായി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ മമ്മൂക്കയ്ക്കും ഇഷ്ടമായി. അപ്പോഴും മമ്മുക്ക ചോദിച്ചു. റഷീദേ, നീ ഇതൊക്കെ എവിടെ നിന്നാടാ പഠിച്ചതെന്ന്. ആര് പഠിപ്പിച്ചു.
എങ്ങനെ പഠിച്ചു എന്നുള്ള കാര്യം ഞാനന്ന് മമ്മൂക്കയോട് പറഞ്ഞില്ല. ഇതൊക്കെ ഒരു സൂത്രപ്പണിയാണെന്നുമാത്രം പറഞ്ഞ് ചിരിച്ചതല്ലാതെ ഞാന്‍ കാര്യം പറഞ്ഞില്ല. എന്നാല്‍, സത്യം പറയട്ടെ, വാസ്‌ലൈന്‍ മുഖത്തുപുരട്ടി മുടിയുടെ പൊടി ഒട്ടിച്ചാല്‍ കുറ്റിത്താടിയായി ഇരിക്കുമെന്ന് എന്നെ പഠിപ്പിച്ചത് ആരെന്നോ? നടന്‍ മോഹന്‍ലാല്‍. ഇതുവരെയും ഞാന്‍ മമ്മൂക്കയോട് പറയാത്ത ഒരു കാര്യം അന്ന് ഞാനിത് പറഞ്ഞാല്‍ മോഹന്‍ലാലാണോടാ മേക്കപ്പില്‍ നിന്റെ ഗുരുവെന്നോ, ട്യൂഷന്‍ മാസ്റ്ററെന്നോ ഒക്കെ മമ്മൂക്ക ചോദിച്ചേക്കും. അങ്ങനെയൊരു ചോദ്യം ഒഴിവാക്കാം എന്ന് കരുതിയാണ് ഞാനന്ന് ഇക്കാര്യം പറയാതിരുന്നത്.
https://www.facebook.com/Malayalivartha























