വളരെ രഹസ്യമായി പറയേണ്ട ഒരു കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു, ആര്‍ത്തവകാലത്ത് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് രാധിക ആപ്‌തെ

ജീവിതത്തിലും കരിയറിലുമെടുത്ത ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങള്‍കൊണ്ട് ആരാധകരുടെയും വിമര്‍ശകരുടെയും പ്രശംസയും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങിയ നടിയാണ് രാധിക ആപ്‌തേ. വളരെ രഹസ്യമായി പറയേണ്ട ഒരു കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു എന്നതിന്റെ പേരില്‍ പലതവണ എനിക്കും കുറ്റപ്പെടുത്തല്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം വീട്ടില്‍ നിന്നു തന്നെ തനിക്കിതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും രാധിക പറയുന്നു.
കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍പ്പോയപ്പോഴാണ് ആദ്യമായി തനിക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നത് എന്നു പറഞ്ഞുകൊണ്ടാണ് ആര്‍ത്തവവുമായി ബന്ധപ്പെട്ട് തനിക്കുനേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് രാധിക തുറന്നു പറഞ്ഞത്. ഒരു ആര്‍ത്തവകാലത്താണ് സുഹൃത്തിന്റെ വീടു സന്ദര്‍ശിച്ചതെന്നും അതു മനസ്സിലാക്കിയ സുഹൃത്തിന്റെ അമ്മ തന്റെ മുന്നില്‍ ഉപദേശങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ തന്നെയാണ് തുറന്നിട്ടതെന്നും രാധിക പറയുന്നു.
ആര്‍ത്തവകാലത്ത് ഏതൊക്കെ മുറിയില്‍ പ്രവേശിക്കണം എവിടെയൊക്കെ പ്രവേശിക്കാന്‍ പാടില്ല, എങ്ങനെയാണ് വിശ്രമിക്കേണ്ടത്. ആ സമയത്തു യാത്രപോകാന്‍ പാടുണ്ടോ പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ അങ്ങനെ കുറേയേറെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമായി അവര്‍ തന്നെ വലച്ചുവെന്നും താന്‍ എന്തൊക്കെ ചെയ്യണമെന്ന് അവര്‍ സ്വയം അങ്ങു തീരുമാനിച്ചുവെന്നും രാധിക പറയുന്നു.
ആളുകള്‍ ഏറ്റവുമധികം ഭയപ്പെടുന്നതും ഒളിപ്പിക്കാന്‍ ആഗ്രഹിക്കുന്നതും ആര്‍ത്തവത്തിന്റെ രക്തക്കറകളെയാണെന്നാണ് രാധികയുടെ അഭിപ്രായം. നമ്മളിടുന്ന വസ്ത്രത്തിന്റെ നിറമിളകി പടര്‍ന്നാലോ കടുത്ത നിറത്തിലുള്ള ജ്യൂസുകള്‍ വസ്ത്രങ്ങളില്‍ വീണാലോ കറപിടിക്കാറില്ലേ അതിനെയൊന്നും ഭയത്തിന്റെ കണ്ണുകളിലൂടെയല്ലല്ലോ നമ്മള്‍ കാണുന്നത്. പിന്നെയെന്തുകൊണ്ടാണ് ആര്‍ത്തവരക്തത്തിന്റെ കറകള്‍ വസ്ത്രങ്ങളില്‍ പടര്‍ന്നാല്‍ മാത്രം ആളുകള്‍ ഇങ്ങനെ ഉത്കണ്ഠപ്പെടുന്നതെന്നാണ് രാധികയുടെ ചോദ്യം.
സ്വന്തം വീട്ടില്‍ നിന്നു തന്നെ തനിക്കിതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും രാധിക. വസ്ത്രത്തില്‍ ആര്‍ത്തവത്തിന്റെ കറ പറ്റിയിരിക്കുന്നുവെന്നും ഉടന്‍ തന്നെ വസ്ത്രം മാറ്റിവരാനും സഹോദരന്‍ തന്നോടാവശ്യപ്പെട്ടെന്നും ഭക്ഷണം കഴിച്ചതിനുശേഷം വസ്ത്രംമാറ്റാമെന്ന് താന്‍ മറുപടിനല്‍കിയെന്നും രാധിക പറയുന്നു. എന്നാല്‍ ആ സമയത്ത് വീട്ടിലുണ്ടായിരുന്ന അതിഥികള്‍ക്ക് തന്റെ മറുപടിയിഷ്ടമായില്ലെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇങ്ങനെയുറക്കെ സംസാരിക്കാമോയെന്ന് അവര്‍ തന്നെ ശാസിച്ചതായും രാധിക വെളിപ്പെടുത്തുന്നു.
സാനിറ്ററി നാപ്കിനുകള്‍ വാങ്ങാനായി മെഡിക്കല്‍ഷോപ്പുകളില്‍ പോകുമ്പോഴാണ് മറ്റു ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതെന്നും രാധിക പറയുന്നു. മെഡിക്കല്‍ ഷോപ്പുകാര്‍ കറുത്ത പോളിത്തീന്‍ ബാഗുകളിലാണ് നാപ്കിനുകള്‍ പൊതിഞ്ഞു നല്‍കുന്നതെന്നും അതുകണ്ടാല്‍ താന്‍ അവരോടു ചോദിച്ചത് കള്ളപ്പണമാണെന്ന തോന്നലാണ് ഉണ്ടാക്കുന്നതെന്നും രാധിക പറയുന്നു. നാപ്കിന്‍ വേണമെന്നു ഉറക്കെ വിളിച്ചു പറഞ്ഞാല്‍ പോലും ആളുകള്‍ തുറിച്ചു നോക്കും. വളരെ പതിഞ്ഞ ശബ്ദത്തില്‍ മെഡിക്കല്‍ഷോപ്പുകാരനോട് ആവശ്യപ്പെടേണ്ട ഒരു വസ്തുവാണെന്നും ആരുംകാണാതെ കറുത്ത പോളിത്തീന്‍ബാഗില്‍ പൊതിഞ്ഞുവാങ്ങേണ്ട ഒരു വസ്തുവാണ് നാപ്കിനുകളെന്നും ആരാണ് സമൂഹത്തെ പറഞ്ഞു പഠിപ്പിച്ചത്? രാധിക ചോദിക്കുന്നു.
'ഇതിനേക്കാളൊക്കെ എന്നെ ദേഷ്യംപിടിപ്പിക്കുന്നത് ആ ചോദ്യമാണ്. ചിലപ്പോഴൊക്കെ ചിലരോടൊക്കെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ പ്രത്യേകിച്ചും പുരുഷന്മാര്‍ ആ ചോദ്യം ചോദിക്കാറുണ്ട്. നിനക്കിപ്പോള്‍ ആര്‍ത്തവ ദിവസങ്ങളാണോയെന്ന്. ഒരു പെണ്‍കുട്ടി അവളുടെ ന്യായത്തിനു വേണ്ടി വാദിച്ചാല്‍ അല്‍പ്പം ഒച്ചയുയര്‍ത്തിയാല്‍, അതുമല്ലെങ്കില്‍ ദേഷ്യപ്പെട്ടാല്‍ അതിന്റെ അര്‍ത്ഥം അവള്‍ ആര്‍ത്തവ ദിവസങ്ങളിലാണ് എന്നാണോ? അങ്ങനെ കരുതുന്നവരെ വിഡ്ഢികള്‍ എന്നല്ലാതെ എന്തു വിളിക്കും?. ആര്‍ത്തവമില്ലാത്ത ദിവസങ്ങളിലും ഞാന്‍ ദേഷ്യപ്പെടാറുണ്ട്'.
'ശരിയാണ് ആര്‍ത്തവം വേദനാജനകമാണ്. അതെല്ലാമാസവും എനിക്കു ശക്തിനല്‍കുന്നുണ്ട്. ലോകത്തിലേക്കും ഏറ്റവും ശക്തിയുള്ള ഒരു അവസ്ഥയായാണ് ഞാനതിനെക്കാണുന്നത്. ഗര്‍ഭം ധരിക്കാനും പ്രത്യുത്പാദനം നടത്താനും കഴിവു നല്‍കുന്ന ഏറ്റവും മഹനീയമായ അവസ്ഥ. ആ നാലുദിവസങ്ങള്‍ എനിക്കു ശക്തിനല്‍കുന്നുണ്ട്. ആ ദിവസങ്ങളില്‍ എനിക്കു തീരുമാനിക്കാം എന്റെ കിടക്കയില്‍ ചുരുണ്ടു കിടന്നുറങ്ങണോ അതോ ഏതെങ്കിലും കൊടുമുടി കീഴടക്കാന്‍ പോകണോയെന്ന്. കാരണം അതെന്റെ മാത്രം തീരുമാനമാണ്'.
https://www.facebook.com/Malayalivartha

























