ആദ്യ നായികവേഷം തന്നെ ഞെരിപ്പ്... സുരഭി മനസ് തുറന്ന് മലയാളി വാര്‍ത്തയോട്

കഴിഞ്ഞ വെള്ളിയാഴ്ച സ്‌റ്റേജ്‌ഷോയുമായി ബന്ധപ്പെട്ട് സലാലയില്‍ നില്‍ക്കുമ്പോഴാണ് മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ച വാര്‍ത്ത കോഴിക്കോട് നരിക്കുനി സ്വദേശിയായ സുരഭിയെ തേടിയെത്തിയത്. ഏതൊരു ആര്‍ട്ടിസ്റ്റിനെയും പോലെ അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം. എന്ത് പറഞ്ഞ് സന്തോഷം പ്രകടിപ്പിക്കണമെന്നറിയാത്ത സ്ഥിതിയിലായി. തിരക്കഥ മുതല്‍ എത്രയോ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ സുരഭി ചെയ്തു. പക്ഷെ, അപ്പോഴൊന്നും ദേശീയ പുരസ്‌ക്കാരം സ്വപ്‌നം പോലും കണ്ടിരുന്നില്ല. മൊയ്തീനിലെ വേഷം പൃഥ്വിരാജ് വിളിച്ച് തന്നതാണ്. സുരഭി ഓര്‍മകള്‍ പങ്കുവയ്ക്കുന്നു.
ആദ്യ നായികവേഷം തന്നെ ഞെരിപ്പ്
സിനിമയിലെ ആദ്യ നായികാ വേഷമാണ് മിന്നാമിനുങ്ങിലേതെന്ന് സുരഭി പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞ് നടനും നിര്‍മാതാവുമായ പ്രേംപ്രകാശ് സുരഭിയോട് പറഞ്ഞു, നിനക്കെന്തായാലും ഒരു അവാര്‍ഡ് ഉറപ്പാണ്. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേന്ന് പല ചാനലുകളിലും സ്‌കോള്‍ കാണിച്ചു മികച്ച നടിക്കുള്ള പുരസ്‌ക്കാരത്തിന്റെ അവസാനപട്ടികയില്‍ സുരഭിയുമുണ്ടെന്ന്. എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് താരം അപ്പോള്‍ ചിന്തിച്ചു. എന്നാല്‍ രജീഷയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. അതില്‍ സുരഭിക്ക് വിഷമമില്ലായിരുന്നു. ഇപ്പോ ദം ബിരിയാണ് ലഭിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം കിട്ടിയത് തന്നെ താരം വലിയ നേട്ടമായി കരുതി. കാരണം അതൊരു തുടക്കം മാത്രമായിരുന്നു.
തിരക്കഥ കിട്ടിയപ്പോ അമ്പരന്നു
പത്ത് കൊല്ലത്തിലധികമായി സുരഭി സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ഇഷ്ടമില്ലാത്ത കഥാപാത്രങ്ങള്‍ എത്ര വലിയ സംവിധായകന്റെ സിനിമയായാലും താരം സ്വീകരിക്കില്ല. മിന്നാമിനുങ്ങിന്റെ തിരക്കഥാകൃത്ത് മനോജ് രാംസിംഗ് തിരക്കഥ സുരഭിക്ക് കൊടുത്തിട്ട് വായിച്ച് നോക്കാനും ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കണമെന്നും പറഞ്ഞു. ആദ്യമായാണ് ഒരു തിരക്കഥ കയ്യില്‍ കിട്ടുന്നത്. ഷോട്ടുകള്‍ ഡിവൈഡ് ചെയ്താണ് സീനുകള്‍ എഴുതിയിരുന്നത്. അതുകൊണ്ട് മനസിലാക്കാന്‍ ഏറെ പ്രയാസപ്പെട്ടു. അങ്ങനെ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് വായിച്ച് തീര്‍ത്തത്. ശരിക്കും കഥാപാത്രത്തെ ഇഷ്ടപ്പെട്ടു, അവള്‍ക്ക് പേരില്ലായിരുന്നു. ബാല്യം മുതല്‍ താന്‍ തെരുവുകളിലും വീടുകളിലും അങ്ങനെ പലയിടങ്ങളിലും കണ്ട അമ്മമാരെയെല്ലാം ആ കഥാപാത്രത്തില്‍ കണ്ടു. അവള്‍ അമ്മയും മകളും ഭാര്യയുമായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പല ജോലികളാണ് അവള്‍ ചെയ്തിരുന്നത്. എന്നിട്ടും യാതൊരു പരാതിയോ, പരിഭവമോ ആരോടും അവര്‍ പറയില്ലായിരുന്നു.

30 വയസില്‍ 20കാരിയുടെ അമ്മ
മുപ്പതാംവയസിലാണ് സുരഭി റബേക്ക എന്ന ഇരുപതുകാരിയുടെ അമ്മയായി അഭിനയിച്ച് ദേശീയ കിരീടം ചൂടിയത്. ( അടുത്തിടെ ഒരു യുവനടിയോട് മേക്കപ്പ്മാന്‍ ഡള്‍മേക്കപ്പ് ഇടാന്‍ പറഞ്ഞതിന് തട്ടിക്കയറിയ സംഭവം ഉണ്ടായതാണ് ഇത് അറിഞ്ഞപ്പോള്‍ മനസിലൂടെ കടന്ന് പോയത്. ) ചിത്രം തുടങ്ങി ആദ്യ രണ്ട് മൂന്ന് ദിവസങ്ങളില്‍ താന്‍ നന്നേ ബുദ്ധിമുട്ടിയെന്ന് സുരഭി പറഞ്ഞു. അത് മറികടക്കാന്‍ തന്റെ അമ്മയെ തന്നെ മനസില്‍ കണ്ടെന്ന് സുരഭി പറഞ്ഞു. കാനഡയില്‍ കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യം റബേക്ക അമ്മയോട് പറയുന്നില്ല. നമ്മളെല്ലാരും പലപ്പോഴും അമ്മമാരോട് കളവ് പറയാറുണ്ട്. നമ്മുടെ വിചാരം അവര്‍ക്കതറിയില്ലെന്നാണ്. എന്നാല്‍ നമ്മുടെ നോട്ടത്തിലെ പാളിച്ചപോലും അവര്‍ മനസിലാക്കുമെന്ന് സുരഭി പറഞ്ഞു.

കരുണയായി ജയരാജും ഭാര്യയും
അച്ഛന്‍ മരിച്ച് ഏതാനും നാളുകള്‍ക്ക് ശേഷമാണ് സുരഭി സംസ്ഥാന ഹയര്‍സക്കണ്ടറി കലോല്‍സവത്തില്‍ പങ്കെടുത്തത്. ഓട്ടംതുള്ളലിന് മൂന്നാംസ്ഥാനം കിട്ടി. ഒന്നാമത് എത്തേണ്ടതായിരുന്നു. എന്നാല്‍ അച്ഛന്‍ മരിച്ചത് മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ പക്കമേളക്കാരില്ലാതെയാണ് താരം മല്‍സരിച്ചത്. അതുകൊണ്ടാണ് പിന്തള്ളപ്പെട്ടത്. ഈ വാര്‍ത്ത പത്രങ്ങളില്‍ വന്നു. അത് കണ്ട് സംവിധായകന്‍ ജയരാജും ഭാര്യ സബിതയും സഹായവുമായെത്തി. അക്കൊല്ലം മോണോ ആക്ടിനും ഫസ്റ്റ് അടിച്ചു. മികച്ച നടിയുമായി. കുച്ചിപ്പുടിക്ക് മൂന്നാം സ്ഥാനം കിട്ടി. പിന്നീട് ജയരാജിന്റെ ബൈ ദ പീപ്പിളില്‍ അഭിനയിച്ചു.

https://www.facebook.com/Malayalivartha


























