പ്രതീക്ഷിച്ച രീതിയില്‍ അല്ല തന്റെ കഥാപാത്രം; ആമിയില്‍നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി വിദ്യാ ബാലന്‍

ആമി സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ബോളിവുഡ് താരം വിദ്യാ ബാലന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം പറയുന്നത്. ആമിയില്‍ കമലാ സുരയ്യയുടെ വേഷം ചെയ്യാന്‍ ആവേശത്തോടെയാണ് കാത്തിരുന്നത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായതിന് ശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രവും ചിത്രവും വികസിച്ചിരുന്നില്ല. അതോടെ സിനിമയുടെ ടീമുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അതുമാത്രമാണ് പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ കാരണമായതെന്നുമാണ് വിദ്യയുടെ വിശദീകരണം.
എന്നാല്‍ മൂന്നു മാസം മുമ്പ് സിനിമയുടെ സ്‌ക്രിപ്റ്റ് വിദ്യക്ക് അയച്ചുകൊടുത്തിരുന്നെന്നാണ് കമല്‍ പറഞ്ഞത്. കഥാപാത്രമാകാന്‍ കഴിയുന്നില്ലെന്നാണ് വിദ്യാബാലന്‍ പിന്‍മാറ്റത്തിന് കാരണമായി പറഞ്ഞതെന്നും എന്നാല്‍ ഇത് ശരിയാണെന്ന് കരുതുന്നില്ലെന്നും കമല്‍ പറഞ്ഞിരുന്നു. തങ്ങള്‍ക്കിഷ്ടപ്പെടാത്തതു ചെയ്യാന്‍ സമ്മതിക്കാത്ത അസഹിഷ്ണുത തന്നെയാണ് ഇതിനു പിന്നിലും പ്രവര്‍ത്തിച്ചതെന്ന് കരുതുന്നെന്നും കമല്‍ പറഞ്ഞു.
വിദ്യാബാലന് പകരം മഞ്ജുവാര്യരാണ് ആമിയുടെ വേഷത്തിലെത്തുന്നത്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ നായികയാകുന്ന കമല്‍ ചിത്രമാണ് ആമി.
https://www.facebook.com/Malayalivartha


























