ദിലീപിന്റെ കാലുപിടിച്ചതായി റിപ്പോര്‍ട്ട്... ലിബര്‍ട്ടി ബഷീറിന് പുത്തന്‍പടം

സിനിമയില്ലാതെ നെട്ടോട്ടമോടിയ ലിബര്‍ട്ടി ബഷീറിന് ഒടുവില്‍ പുത്തന്‍ പടങ്ങള്‍ ലഭിക്കുന്നു. നടന്‍ ദിലീപുമായി ഒത്തുതീര്‍പ്പിലെത്തിയതിന്റെ അടിസ്ഥനത്തില്‍ ബഷീറിന്റെ തലശേരിയിലെ തിയേറ്ററുകള്‍ക്കു പുതിയ പടം നല്‍കാന്‍ വിതരണക്കാര്‍ തയ്യാറായതായാണ് അറിവ്. ദിലീപിനെകണ്ട് കാലുപിടിച്ച് തെറ്റ് ഏറ്റുപറഞ്ഞതാണ് ബഷീറുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ കാരണമെന്നാണു അണിയറയിലെ സംസാരം.
തിയേറ്റര്‍ വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ട് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകള്‍ നടത്തിയ സമരം ദിലീപ് ഇടപെട്ടു പൊളിച്ചിരുന്നു. തിയേറ്റര്‍ ഉടമകളുടെ ഇടയില്‍ ബഷീര്‍ ഒറ്റപ്പെടുകയും ലിബര്‍ട്ടി പാരഡൈസ് കോംപ്ലക്‌സില്‍ സിനിമകളൊന്നും ലഭിക്കാതെയുമായി. മാസങ്ങളായി തമിഴ് ചിത്രങ്ങള്‍ മാത്രമാണ് ബഷീറിന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. തലശേരിയിലെ പ്രധാനപ്പെട്ട തിയേറ്ററായിട്ടുകൂടി നല്ല സിനിമകള്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ കൈയൊഴിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് ദിലീപുമായി ഒത്തുതീര്‍പ്പിലെത്താന്‍ ബഷീറിനെ പ്രേരിപ്പിച്ചത്. പുതിയ സിനിമകള്‍ കിട്ടിയില്ലെങ്കില്‍ തിയേറ്റര്‍ പൂട്ടിപ്പോകേണ്ടിവരുമെന്നും ബഷീര്‍ വ്യക്തമായിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാമെന്ന് ബഷീര്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ തലശേരിയിലെ ലിബര്‍ട്ടി പാരഡൈസ് കോംപ്ലക്‌സില്‍ പുതിയ സിനിമകളെത്തും. സിനിമകള്‍ നല്‍കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും തീരുമാനിക്കുകയായിരുന്നു.
അഞ്ചു തിയേറ്ററുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണു സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. അതും തമിഴ്‌സിനിമ. പതിനഞ്ചുപേരില്‍ കൂടുതല്‍ ഓരോ പ്രദര്‍ശനത്തിനും എത്തിയിരുന്നില്ല. പുതിയ സിനിമകള്‍ കിട്ടിയില്ലെങ്കില്‍ മുന്നോട്ടു പോകാനാവില്ലെന്നു ഇത്രയും നാളുകള്‍കൊണ്ട് ബഷീറിനും വ്യക്തമായിരുന്നു. അതിനിടെ, സിനിമാരംഗം വിട്ടു മറ്റെന്തെങ്കിലും ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും ബഷീര്‍ ആലോചിച്ചിരുന്നു.
കഴിഞ്ഞദിവസം ഒത്തുതീര്‍പ്പിലെത്തിയതിന്റെ അടിസ്ഥാനത്തില്‍ എവികെ നായര്‍ റോഡിലെ അഞ്ചു തിയേറ്ററുകളിലും ഇന്നു പുതിയ പടങ്ങളെത്തും. മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദര്‍, മോഹന്‍ലാല്‍ ചിത്രം 1971:ബിയോണ്‍ ബോര്‍ഡേഴ്‌സ് എന്നിവയാണു തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. വരുമാനവിഹിതം ആവശ്യപ്പെട്ടു നടത്തിയ സമരത്തിലൂടെ മുപ്പതുലക്ഷം രൂപ തനിക്കു മാത്രം നഷ്ടപ്പെട്ടതായി ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. വിതരണക്കാര്‍ക്ക് ഒരു കോടിയിലേറെ നഷ്ടമുണ്ടായിരുന്നു. ലിബര്‍ട്ടിയുടെ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം മുതല്‍ കാന്റീന്‍ വരെയായി എഴുപതോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ലിബര്‍ട്ടിയില്‍ പ്രദര്‍ശനം തടസ്സപ്പെട്ടതോടെ തലശ്ശേരിയില്‍ സിനിമാപ്രദര്‍ശനം ചിത്രവാണിയില്‍ മാത്രമായിരുന്നു.
https://www.facebook.com/Malayalivartha


























