സിനിയില്‍ വന്നു പെട്ടത് അറിയാതെ;രക്ഷാധികാരി ബൈജു ഫെയിം ഹന്ന റെജി!

സിനിമയിലേക്കു വന്നത് യാദൃച്ഛികമായാണ്. സിനിമ മോഹിച്ചു വന്നതല്ല. സിനിമയില്‍ അറിയാതെ പെട്ടുപോയതാണ്. എന്താണു സിനിമയെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. ഹന്ന റെജി കോശിയ്ക്ക് സിനിമയെക്കുറിച്ച് പറയാനുള്ളത് ഇതാണ്. തീയേറ്ററുകളില്‍ മുന്നേറുന്ന രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയില്‍ നായികയായ ഹന്നയുടെ വാക്കുകളിലൂടെ...
''ആദ്യ സിനിമ ഡാര്‍വിന്റെ പരിണാമം. ഇപ്പോള്‍ രക്ഷാധികാരി ബൈജു ഒപ്പ്. രണ്ടാമത്തെ സിനിമ ചെയ്തു കഴിഞ്ഞതോടെ ഞാന്‍ സിനിമയുമായി പൂര്‍ണമായും പ്രണയത്തിലായി. സിനിമയെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞപ്പോള്‍ അതിനോടുള്ള ഇഷ്ടം കൂടി. കൂടുതല്‍ കാലം സിനിമ ചെയ്യണമെന്നുണ്ട്''. രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വഹിച്ച രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തില്‍ ബിജുമേനോന്റെ ഭാര്യവേഷത്തില്‍ അഭിനയിച്ചതിന്റെ ആവേശത്തിലാണ് മോഡലും അഭിനേത്രിയുമായ ഹന്ന റെജി കോശി.
''ഡെന്റിസ്റ്റായി ഒരു വര്‍ഷം, പിന്നെ പരസ്യചിത്രങ്ങള്‍. കര്‍ണാടകയിലായിരുന്നു ഡെന്റല്‍ പഠനം. മോഡലിംഗിലേക്കു പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. പഠിത്തം പൂര്‍ത്തിയാക്കിയശേഷമേ മോഡലിംഗിന് അനുവദിക്കൂ എന്നതു രക്ഷിതാക്കള്‍ക്കു നിര്‍ബന്ധമായിരുന്നു. അങ്ങനെ പഠനശേഷം ഒരു വര്‍ഷം അവടെ ഡെന്റിസ്റ്റായി വര്‍ക്ക് ചെയ്തു. മോഡലിംഗ് ആയിരുന്നു എന്റെ വലിയ സ്വപ്നം. അങ്ങനെ മോഡലിംഗിലെത്തി. 2014 തുടക്കം മുതല്‍ 2015 അവസാനം വരെ മോഡലിംഗ് ചെയ്തു. മിസ് സൗത്ത് ഇന്ത്യ ടോപ്പ് സിക്‌സ് ഫൈനലിസ്റ്റായി. അതിനിടെ ആഡ് ഫിലിംസ് ചെയ്യുന്നുണ്ടായിരുന്നു. പരസ്യചിത്രങ്ങളില്‍ നിന്നു പൂര്‍ണമായും വ്യത്യസ്തമാണല്ലോ സിനിമ.
ആഡുകള്‍ ചെയ്യുന്നതിനിടെയാണ് ഡാര്‍വിന്റെ പരിണാമം വരുന്നത്. മോഡലിംഗിനു പോകുമ്പോള്‍ അവിടെ ഒരു ഏജന്‍സിയില്‍ വച്ചു പരിചയപ്പെട്ട ഹുവൈസ് എന്ന സുഹൃത്ത് വഴിയാണ് സിനിമയിലെത്തിയത്. എന്റെ സാരി ഉടുത്ത ഒരു ചിത്രം സംവിധായകന്‍ ജിജോസാറിന് അയച്ചുകൊടുത്തു. അതു കണ്ട് ഇഷ്ടപ്പെട്ട് എന്നെ വിളിപ്പിച്ചു. ചില സീനുകള്‍ അഭിനയിപ്പിച്ചു നോക്കി. അങ്ങനെയാണ് അതില്‍ സെലക്ടായത്. ആന്‍സി എന്നായിരുന്നു അതിലെ കഥാപാത്രത്തിന്റെ പേര്.
പൃഥ്വിരാജ്ചിത്രം ആയതുകൊണ്ടുതന്നെ എറെപ്പേര്‍ പടം കാണുന്നുണ്ടായിരുന്നു. പോസിറ്റീവായ അഭിപ്രായമാണ് എന്റെ കഥാപാത്രത്തിനു ലഭിച്ചത്. എനിക്ക് അതൊരു ബൂസ്റ്റ് ആയിരുന്നു. മറ്റുള്ളവര്‍ നല്ലതു പറയുമ്പോഴാണല്ലോ നമുക്കു വീണ്ടും നല്ലതു ചെയ്യാന്‍ തോന്നുന്നത്.
ഡാര്‍വിന്റെ പരിണാമത്തിനുശേഷം പഠനം തുടരാന്‍ തീരുമാനിച്ചു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ എം.ബി.എ ചെയ്തു തുടങ്ങി. മോഡലിംഗും സിനിമയുമായി ചേര്‍ത്തു കൊണ്ടുപോകാന്‍ പറ്റാത്തതുകൊണ്ട് ഇപ്പോള്‍ പഠനം നിര്‍ത്തിവച്ചു. ഡാര്‍വിനു ശേഷം ചില അവസരങ്ങള്‍ വന്നിരുന്നു. ഞാന്‍ ബംഗളൂരുവില്‍ ആയിരുന്നതിനാല്‍ പല അവസരങ്ങളും സ്വീകരിക്കാനായില്ല. പിന്നീടാണു രക്ഷാധികാരി ബൈജു വരുന്നത്. ഈ ചിത്രത്തിന്റെ നിര്‍മാതാവ് സതീഷ് കോലം ഡാര്‍വിന്റെ പരിണാമം കണ്ടിരുന്നു. അദ്ദേഹം ജിജോ സാറിനെ ബന്ധപ്പെട്ടു. തുടര്‍ന്നാണു ഞാന്‍ രഞ്ജന്‍ സാറിനെ പരിചയപ്പെട്ടുന്നതും ഈ സിനിമയിലേക്കു വന്നതും. ഇതിലാണ് ആദ്യമായി നായികയായി വരുന്നത്.
തുടക്കം മുതല്‍ അവസാനം വരെ ഈ സിനിമയില്‍ എല്ലാം എനിക്കു ചലഞ്ചിംഗ് ആയിരുന്നു. യഥാര്‍ഥ ജീവിതത്തില്‍ ഞാനൊരു ടോം ബോയി ടൈപ്പാണ്. എന്റെ വാര്‍ഡ്രോബ് നിറയെ ജീന്‍സും ഷര്‍ട്ടുമാണ്. ജീന്‍സും ഷര്‍ട്ടും ധരിക്കുന്ന ഒരു വ്യക്തിയാണു ഞാന്‍. അങ്ങനെയുള്ള എനിക്കു സാരി ധരിക്കുന്ന, ഏറെ പക്വതയുള്ള കഥാപാത്രം ചെയ്യാന്‍ അവസരം വന്നു. അതിനു സഹായകമായി ചില റഫറന്‍സ് സിനിമകള്‍ കാണണമെന്നു നിര്‍ദേശം കിട്ടിയിരുന്നു. ഉര്‍വശി ചേച്ചി, സംയുക്തവര്‍മ, രേവതി, ശോഭന.. തുടങ്ങിയവര്‍ അഭിനയിച്ചു തകര്‍ത്ത കുടുംബചലച്ചിത്രങ്ങളില്‍ അവര്‍ ചെയ്ത രീതി കണ്ടതിനുശേഷം അത് എന്‍േറതായ രീതിയില്‍ ചെയ്യണമെന്നു നിര്‍ദേശം ലഭിച്ചിരുന്നു. അതൊക്കെ കണ്ടിരുന്നു.
എനിക്ക് ഈ ക്രൂവിലുള്ള എല്ലാവരുടെയും സപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാല്‍ എനിക്ക് അഭിനയിക്കുകയാണെന്നു തോന്നിയിരുന്നില്ല. ആക്ഷന്‍ പറയുമ്പോള്‍ കഥാപാത്രമായ അജിതയായിട്ടു മാറുകയായിരുന്നു ഞാന്‍. എനിക്കത് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. പക്ഷേ, ചലഞ്ചിംഗ് ആയിരുന്നു. കാരണം, ഞാന്‍ ഇതേവരെ ചെയ്യാത്ത ഒരു കാരക്ടറും ഞാന്‍ അല്ലാത്ത ഒരു വ്യക്തിയുമാണല്ലോ അജിത. ഞാനുമായി ഒരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രം. അതിനാല്‍ വെല്ലുവിളിയുണ്ടായിരുന്നു. എങ്കിലും എന്‍ജോയ് ചെയ്താണ് ഞാന്‍ അതു ചെയ്തത്.
സിനിമ കൊണ്ട് മോഡലിംഗിന് ഇതേവരെ തടസം വന്നിട്ടില്ല. അതിനാല്‍ മോഡലിംഗില്‍ അവസരം വന്നാല്‍ അതും തുടരും. രണ്ടും ഭംഗിയായി കൈകാര്യം ചെയ്യാന്‍ പറ്റുമെങ്കില്‍ വളരെ നന്നായിരിക്കുമെന്നു വിചാരിക്കുന്നു. ഡെന്റല്‍ പഠനം പൂര്‍ത്തിയായതിനാല്‍ വേണമെങ്കില്‍ എനിക്കു ക്ലിനിക്ക് ഇടാം. പക്ഷേ, ഇതുവരെ ഇട്ടിട്ടില്ല. ആലോചനയിലുണ്ട്.
എനിക്ക് അഭിനയിക്കാന്‍ സന്തോഷം തോന്നുന്നതും അല്ലെങ്കില്‍ എനിക്ക് അഭിനയ സാധ്യതയുള്ളതും എനിക്ക് സ്‌പേസ് തരുന്നതും എനിക്ക് അഭിനയിക്കാന്‍ പറ്റും എന്നുതോന്നുന്നതുമായ ഏതു കഥാപാത്രവും ഞാന്‍ സ്വീകരിക്കും. ഇതുവരെ ചെയ്ത രണ്ടു സിനിമകളിലും പ്രാധാന്യമുള്ള വേഷങ്ങളാണു കിട്ടിയിരിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടി കാത്തിരിക്കും. പുതിയ സിനിമകള്‍ ഇതേവരെ കമിറ്റ് ചെയ്തിട്ടില്ല. പക്ഷേ, ചില സ്‌ക്രിപ്റ്റുകള്‍ കേട്ടിട്ടുണ്ട്. ഈ സിനിമ റിലീസായശേഷം തീരുമാനിക്കും.
വീട്ടില്‍ പപ്പയും മമ്മിയും ഗ്രാന്‍ഡ് മദറും ഉണ്ട്. പപ്പ റെജി തോമസ്. ബിസിനസ് ചെയ്യുന്നു. മമ്മ ആലീസ് റെജി. താമസം എറണാകുളത്ത്. മൃഗസ്‌നേഹികളാണ് ഞങ്ങള്‍.
https://www.facebook.com/Malayalivartha


























