സിനിമയ്‌ക്കെത്തിയ യുവാവ് ബാഹുബലിയായി; വാഹനങ്ങളും തിയേറ്ററും അടിച്ചുതകര്‍ത്തു

സിനിമ കാണാനെത്തിയ യുവാവ് ബാഹുബലിയായി. ഒടുവില്‍ വാഹനങ്ങള്‍ തകര്‍ത്തു. സിനിമാ തിയേറ്ററിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് പത്തോളം വാഹനങ്ങളും റസ്‌റ്റോറന്റിന്റെ മെയിന്‍ ഗ്ലാസും തിയേറ്ററിന്റെ ഗേറ്റും അടിച്ചു തകര്‍ത്തത്. ബാഹുബലി ഡാ എന്ന കമന്റോടെയാണ് ഇയാള്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അഞ്ചല്‍ കാനാമ്പള്ളി ബിജു വിലാസത്തില്‍ ബിജു വിനെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. അര്‍ച്ചന തിയേറ്ററിനു മുന്നില്‍ നിന്നും മുക്കട ജംഗ്ഷന്‍വരെ 100 മീറ്റര്‍ ദൂരത്തില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളുള്‍പ്പെടെ പത്തോളം വാഹനങ്ങളാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്. സൊസൈറ്റി ജംഗ്ഷനിലെ അര്‍ച്ചന റസ്‌റ്റോറന്റിന്റെ ഗ്ലാസും തീയേറ്ററിന്റെ ഗേറ്റും ഇയാള്‍ അടിച്ചു തകര്‍ത്തു.
ഫസ്റ്റ് ഷോയുടെ ടിക്കറ്റുമായി മാറ്റിനിയ്‌ക്കെത്തിയ ഇയാളെ സെക്യുരിറ്റി ജീവനക്കാരന്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് ഫസ്റ്റ് ഷോ കണ്ട് വീട്ടിലെത്തിയ ശേഷം കമ്പിവടിയുമായി തിരിച്ചെത്തി അക്രമം നടത്തുകയായിരുന്നു. യുവാവിന് മാനസികവൈകല്യമുള്ളതായി പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
https://www.facebook.com/Malayalivartha

























