പ്രമുഖ സംവിധായകന്റെ മക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു, ബാങ്കിനെതിരെ പരാതി

മാക്ട ജനറല്‍ സെക്രട്ടറിയും സിനിമാ സംവിധായകനുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും മകനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ട ബാങ്ക് മാനേജരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വിളിച്ചു വരുത്തും. സ്വകാര്യ ബാങ്കിന്റെ വരാപ്പുഴ ബ്രാഞ്ച് മാനേജരോട് ഈ മാസം 26ന് ആലുവ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ക്യാംപ് കോടതിയില്‍ നേരിട്ടു ഹാജരാകാനാണു കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടത്. ബൈജു കൊട്ടാരക്കരയും അദ്ദേഹത്തിന്റെ മകളും സമര്‍പ്പിച്ച പരാതികളിലാണ് ഉത്തരവ്.
തന്റെ പേരില്‍ വരാപ്പുഴയിലുള്ള വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശം ബൈജു കൊട്ടാരക്കര അദ്ദേഹത്തിന്റെ മക്കളുടെ പേരിലേക്കു കോടതി ഉത്തരവ് പ്രകാരം മാറ്റിയിരുന്നു. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വത്താണ് ഇത്. ഇക്കഴിഞ്ഞ ഏപ്രില്‍ 26നു മക്കള്‍ പഠന പരിശീലനത്തിന്റെ ഭാഗമായി കോട്ടയത്തായിരിക്കുമ്പോള്‍ വീട് കുത്തിത്തുറന്നു ബാങ്ക് വനിതാ മാനേജരും പുരുഷ ജീവനക്കാരനും ചേര്‍ന്നു പുതിയ താക്കോലിട്ടു പൂട്ടിയതായി പരാതിയില്‍ പറയുന്നു.
ഏപ്രില്‍ 29നു വീട്ടില്‍ മടങ്ങിയെത്തിയ കുട്ടികളാണ് ഇക്കാര്യം ആദ്യം കണ്ടത്. ബൈജു സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ ബാങ്ക് നിയോഗിച്ച കാവല്‍ക്കാരനും മാനേജരും വീടിനു മുമ്പിലുണ്ടായിരുന്നു. വീട് ബാങ്ക് ജപ്തി ചെയ്തു എന്നാണു മാനേജര്‍ കുട്ടികളെ അറിയിച്ചത്.
തങ്ങള്‍ക്കു തല്‍ക്കാലം താമസിക്കാന്‍ മറ്റൊരു സ്ഥലമില്ലെന്നു പറഞ്ഞപ്പോള്‍ ജപ്തിക്കായി ബാങ്ക് നിയോഗിച്ചിരിക്കുന്ന ഗുണ്ടകളെ വിളിച്ചുവരുത്തുമെന്നു ഭീഷണിപ്പെടുത്തി. ഇതെല്ലാം കണ്ടു മകള്‍ തളര്‍ന്നു വീണു. സഭ്യമല്ലാത്ത ഭാഷയില്‍ മാനേജരും ജീവനക്കാരനും സംസാരിച്ചതായും പരാതിയില്‍ പറയുന്നു.
ഒറ്റയ്ക്കു താമസിക്കുന്ന മക്കള്‍ക്കോ തനിക്കോ സംസാരിക്കാന്‍ പോലും ഒരവസരം ബാങ്ക് മാനേജരും ജീവനക്കാരനും നല്‍കിയില്ലെന്ന് ബൈജു കൊട്ടാരക്കര പരാതിയില്‍ പറഞ്ഞു. പരാതി സത്യമാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് വീടു കുത്തിപൊട്ടിച്ചു പുതിയ താക്കോലിട്ടു പൂട്ടിയതു മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ബാങ്ക് ശാഖാ മാനേജര്‍ മേയ് 26നു നടക്കുന്ന സിറ്റിങ്ങില്‍ വിശദീകരണം സമര്‍പ്പിക്കണം.
എന്നാല്‍, ലോണ്‍ തിരിച്ചടവു മുടങ്ങിയതിനാലാണു വീട് ജപ്തി ചെയ്തതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു ജപ്തി. ലോണ്‍ അടയ്ക്കണമെന്നു നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും അവര്‍ അനുസരിച്ചില്ല. ജപ്തി ചെയ്യുന്ന സമയം, പ്രാദേശിക പൊലീസ് സംഘവും റവന്യു വകുപ്പ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു അപ്പോള്‍. മാസങ്ങളായി ആ വീട്ടില്‍ ആരും താമസിക്കുന്നില്ലായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























