ലാല്‍ജോസിന്റെ മോഹന്‍ലാല്‍ ചിത്രം അടുത്തയാഴ്ച തിരുവനന്തപുരത്ത്

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത ബുധനാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. തുമ്പയില്‍ സെന്റ് സേവ്യേഴ്‌സ് കോളജിലാണ് ചിത്രീകരണം. 20ന് മോഹന്‍ലാല്‍ സിനിമയില്‍ ജോയിന്‍ ചെയ്യും. ഒരു കോളജില്‍ വൈസ് പ്രിന്‍സിപ്പലായി ചാര്‍ജ്ജെടുക്കാന്‍ വരുന്ന നായകകഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഗുരുശിഷ്യബന്ധം.. ഇതെങ്ങനെ ആരോഗ്യപരമായി നിര്‍ത്താം. എന്ന്, തികച്ചും രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ലാല്‍ജോസ്. ഇതിന് മുമ്പ് കോളജ് കുമാരനിലാണ് മോഹന്‍ലാല്‍ അവസാനമായി ഒരു ക്യാമ്പസ് ചിത്രത്തില്‍ അഭിനയിച്ചത്. ആ സിനിമയില്‍ കോളജ് കാന്റീന്‍ നടത്തുന്നയാളുടെ വേഷമായിരുന്നു.
ഛോട്ടാമുംബൈയ്ക്കുശേഷം ബെന്നി. പി. നായരമ്പലം രചയിതാവാകുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. അങ്കമാലി ഡയറീസ് ഫെയിം അന്നാരേഷ്മ ആണ് നായിക. പ്രിയങ്ക, അനൂപ് മേനോന്‍, സിദ്ധിഖ്, സലിംകുമാര്‍, കലാഭന്‍ ഷാജോണ്‍, ശരത് , അരുണ്‍ (ആനന്ദം ഫെയിം) ശിവജി ഗുരുവായൂര്‍, സ്വപ്ന തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌വര്‍മ്മ, റഫീഖ് അഹമ്മദ്, മനുമഞ്ജിത് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഷാന്റഹ്മാന്‍ ഈണം പകരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വരുന്ന ഓണക്കാല സിനിമയായി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.
മോഹന്‍ലാലിനെ നായകനാക്കി കസിന്‍സ് എന്ന ചിത്രം മുമ്പ് ലാല്‍ജോസ് പ്ലാന്‍ ചെയ്തിരുന്നു. പൃഥ്വിരാജായിരുന്നു മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തിനായി തൃശൂര്‍ പൂരം ഉള്‍പ്പെടെ ചിത്രീകരിച്ചിരുന്നു. എന്നാല്‍ കഥയുടെ ക്ലൈമാക്‌സ് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
https://www.facebook.com/Malayalivartha

























