തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ് ജ്യോതികൃഷ്ണ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്യമായി പ്രതിഷേധിച്ച അപൂര്‍വം താരങ്ങളിലൊരാളായിരുന്നു ജ്യോതികൃഷ്ണ. ആ പ്രതിഷേധത്തിന്റെ ക്ലൈമാക്‌സ് ജ്യോതിക്കു സമ്മാനിച്ചത് ജീവിതത്തില്‍ പുതിയൊരു ഓപ്പണിങ് ആയിരുന്നു. അരുണ്‍ എന്ന ചെറുപ്പക്കാരന്‍ ജ്യോതിയുടെ മനസിലേക്കു കടന്നുവരുന്നത് അങ്ങനെയാണ്. കൗതുകമുള്ള പ്രണയകഥ പങ്കുവയ്ക്കുകയാണ് വിവാഹത്തിനൊരുങ്ങുന്ന യുവനായിക ജ്യോതികൃഷ്ണ.
സിനിമയില്‍ നിന്നു ചെറിയൊരു ഇടവേളയെടുത്ത് ദുബായില്‍ എഫ്എമ്മില്‍ ജോലി ചെയ്തിരുന്നു കുറച്ചുകാലം. ഒരിക്കല്‍ ഒരു വിവാഹാലോചന തേടി വന്നു. ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളികളുടെ ഇഷ്ടതാരമായ രാധികയുടെ സഹോദരന്‍ അരുണാണ് കക്ഷി. അവര്‍ സകുടുംബം താമസിക്കുന്നത് ദുബായിലാണ്. കൊറിയോഗ്രാഫറായ ബിജു ഞങ്ങളുടെ കോമണ്‍ സുഹൃത്താണ്. ബിജുവായിരുന്നു ഇതിന്റെ സൂത്രധാരന്‍. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ക്ഷമിക്കണം എന്നുപറഞ്ഞ് ഞാനൊഴിഞ്ഞു. കുഴപ്പമില്ല. നമുക്കു സുഹൃത്തുക്കളായി കഴിയാമല്ലോ എന്നു പറഞ്ഞ് അരുണ്‍ മൊബൈലില്‍ മെസേജ് ചെയ്തു. അതിനു കുഴപ്പമില്ലല്ലോ എന്നു ഞാന്‍ പ്രതികരിക്കുകയും ചെയ്തു. കൊച്ചിയില്‍ ഭാവനയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തില്‍ ഞാന്‍ മാധ്യമങ്ങളില്‍ പ്രതികരിച്ചത് ജീവിതത്തില്‍ വഴിത്തിരിവായി.

ഭാവന രാധികയുടെ അടുത്ത സുഹൃത്താണ്. അതുകൊണ്ടുതന്നെ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരുദിവസം അരുണ്‍ എന്നെ വിളിച്ചു. ഞാന്‍ പ്രതികരിച്ചതു നന്നായി എന്നും ധൈര്യം സമ്മതിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഞാന്‍ സംസാരമധ്യേ കാടുകയറി പലതും പറഞ്ഞു. കേരളത്തില്‍ ജീവിക്കാന്‍ പേടിയാകുന്നു എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് തോന്നുണ്ടെന്നുമൊക്കെ . എന്തൊക്കെയോ. എന്നാല്‍ ജ്യോതി പെട്ടിയെടുത്ത് റെഡിയായിക്കോ ഇങ്ങോട്ട് വന്നോളൂ ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാം.... പെട്ടെന്നായിരുന്നു അരുണിന്റെ പ്രതികരണം. സത്യത്തില്‍ ആദ്യം ഞെട്ടിപ്പോയി. തുടര്‍ന്നുവന്ന മെസേജുകളിലൂടെ അരുണിന്റെ പ്രണയം ശക്തമാണെന്നു തിരിച്ചറിഞ്ഞതോടെയാണു ഞാന്‍ സമ്മതം മൂളിയത്.

പ്രണയം ഒരു വര്‍ഷമെത്തിയിട്ടും ഞങ്ങള്‍ പരസ്പരം കണ്ടിരുന്നില്ല. സ്‌കൈപ്പിലൂടെയായിരുന്നു ചാറ്റിങ്. ഞാനൊരിക്കല്‍ തമിഴ് ഗാനം അഴകേ... അഴകേ... സ്വയം പാടി അയച്ചുകൊടുത്തു. അത് പാടിയത് ഞാനാണെന്നറിഞ്ഞപ്പോള്‍ സ്‌കൈപ്പിലും സംസാരത്തെക്കാള്‍ പാട്ടു നിറഞ്ഞു.

നേരില്‍ കാണും മുന്‍പേ ഇരുവീട്ടുകാരും ജാതകം നോക്കി വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമുള്ള തീയതി കുറിച്ചുകഴിഞ്ഞിരുന്നു. അങ്ങനെ മെയ് 20 ന് അരുണും കുടുംബവും വീട്ടില്‍ വന്നു. ഔദ്യോഗികമായ പെണ്ണുകാണല്‍ച്ചടങ്ങായിരുന്നു അന്ന്. അരുണിനെ ആദ്യമായി നേരില്‍ കാണുന്നതും അന്നായിരുന്നു. അരുണിന്റെ കുടുംബം ചേര്‍ത്തലയിലാണ്. തമിഴ് ബ്രാഹ്മിന്‍ ആചാരങ്ങളാണു പിന്തുടരുന്നത്. സിനിമയെ നന്നായി അറിയുന്ന രാധിക കുടുംബത്തിലുള്ളത് എന്റെ കൂടി ഭാഗ്യമാണ്. മെയ് 26 നു വിവാഹനിശ്ചയവും ഭംഗിയായി നടന്നു. നവംബര്‍ 19 ആണു വിവാഹം തീരുമാനിച്ചിരിക്കുന്നത്. കണ്ണന്റെ ഭക്തയാണു ഞാന്‍. എല്ലാം അനുഗ്രഹത്തിനു പിന്നിലും കണ്ണനാണെന്നാണ് എന്റെ വിശ്വാസം.

കൊടുങ്ങല്ലൂരാണു സ്വന്തം നാട്. അച്ഛന്‍ രാജന്‍ ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണു മരിച്ചത്. പിന്നെ അമ്മ ലോലിതയാണു ജീവിതത്തിലെല്ലാം. എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പമായിരുന്നു അമ്മയുടെ ജീവിതം. കുട്ടിക്കാലം മുതലേ നൃത്തം പഠിച്ചിരുന്നു. തൃശൂരിലേക്കു താമസം മാറിയശേഷവും അതു തുടര്‍ന്നു. മമ്മൂട്ടിയുടെ ബോംബെ മാര്‍ച്ച് 1993 ലൂടെയാണു സിനിമയിലെത്തുന്നത്. പിന്നെ കുഞ്ചാക്കോ ബോബനൊപ്പം ഗോഡ് ഫോര്‍ സെയില്‍, ദുല്‍ഖറിനൊപ്പം ഞാന്‍, ദിലീപിനൊപ്പം ലൈഫ് ഓഫ് ജോസൂട്ടി... അങ്ങനെ കുറച്ചു ചിത്രങ്ങള്‍. സലിംകുമാര്‍ നിര്‍മിച്ച മൂന്നാം നാള്‍ ഞായറാഴ്ച എന്ന സിനിമയിലെ കഥാപാത്രത്തോടാണു കൂടുതല്‍ സ്‌നേഹം. മഞ്ജു വാരിയര്‍ക്കൊപ്പം ആമിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണു ചിന്ത മുഴുവന്‍ വിവാഹത്തിനുശേഷം ദുബായിലേക്കു പോകും അരുണ്‍ ഒരു കാര്യം മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞതുകൊണ്ട് അഭിനയം നിര്‍ത്തിയേക്കാം എന്നൊന്നും കരുതരുത്. ഇഷ്ടമുള്ളത് ഇഷ്ടംപോലെ ചെയ്യാം. ജ്യോതികൃഷ്ണ ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല.

https://www.facebook.com/Malayalivartha

























