മൈഥിലിയ്ക്കും ചിലത് പറയാനുണ്ട് ; പക്ഷെ അത് വിഷമമാണോ? സന്തോഷമോണോ? എന്തായാലും ആളിപ്പോ ഹാപ്പിയാണ് !!!

മൈഥിലി സിനിമയിലെത്തിയിട്ട് എട്ടുവര്‍ഷം പിന്നിടുന്നു. പാലേരി മാണിക്യത്തിലൂടെ സിനിമയിലെത്തിയെങ്കിലും കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. തുടക്കം മുതല്‍ക്കേ എണ്ണം തികയ്ക്കാന്‍ വേണ്ടി കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാനില്ലെന്ന് മൈഥിലി നിലപാടെടുത്തിരുന്നു. പാലേരിമാണിക്യത്തിന്റെ വിജയവും മാണിക്യമെന്ന കഥാപാത്രത്തെ കൈയൊതുക്കത്തോടെ അഭിനയിച്ച് വിജയം കൈവരിച്ചതും മൈഥിലിക്ക് നല്ലൊരു ഇമേജാണ് ഉണ്ടാക്കിയത്. ഇപ്പോള്‍, വര്‍ഷത്തില്‍ ഒരു പടമാണെങ്കിലും അതു മതിയെന്ന തീരുമാനത്തിലാണ്. നല്ല കഥയെന്ന് വിചാരിച്ച് അഭിനയിച്ച ചിത്രങ്ങള്‍ കാര്യമായ ചലനം സൃഷ്ടിക്കാതായപ്പോള്‍ അതിന്റെ വിഷമവും മൈഥിലിക്കുണ്ടായിരുന്നു.
മൈഥിലി അഭിനയിക്കുന്ന പുതിയ ചിത്രം പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന 'പാതിരാ കാല'മാണ്. ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ പ്രിയനന്ദനന്റെ നായികയായി അഭിനയിക്കുന്നതിന്റെ ആഹഌദവും മൈഥിലിക്കുണ്ട്. പാലക്കാട്ടെ കൊല്ലങ്കോടിനടുത്ത് ചിത്രീകരണം നടന്ന പാതിരാകാലത്തിന്റെ സെറ്റിലെത്തുമ്പോള്‍ മൈഥിലി ക്യാമറയുടെ മുന്നിലായിരുന്നു. ചെറുപ്പം മുതല്‍ക്കേ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുഡിയിലും തന്റേതായ പ്രതിഭ തെളിയിച്ച മൈഥിലി ബികോം പഠനത്തിനു ശേഷം എയര്‍ ഹോസ്റ്റസ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയതോടെയാണ് മോഡലിംഗ് ശാഖയില്‍ ശ്രദ്ധ പതിപ്പിച്ചത്.

സഹോദരന്‍ യു.എസിലായതിനാല്‍ അവിടേയ്ക്ക് പോകുന്നതിന് ടോഫല്‍ കോഴ്‌സിന് ചേര്‍ന്നപ്പോഴാണ് മോഡലിംഗിനോട് അഭിനിവേശമുണ്ടായത്. മെഡിമിക്‌സ്, സഞ്ജീവനം, റിലയന്‍സ്, നാഷണല്‍ പെയിന്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ മൈഥിലിക്ക് സിനിമയിലേക്കുള്ള വഴി തെളിയുകയായിരുന്നു. മോഡലിംഗിന്റെ ഫോട്ടോ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് സംവിധായകന്‍ രഞ്ജിത്ത് പാലേരി മാണിക്യത്തിലെ മാണിക്യമായി മൈഥിലിയെ തെരഞ്ഞെടുത്തത്. അങ്ങനെ മോഡേണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്ന മൈഥിലി മുഖത്ത് എണ്ണതേച്ച് മുണ്ടും ബ്ലൗസുമണിഞ്ഞ് മാണിക്യമായി മാറി.

എറണാകുളം സരിതയില്‍ ചങ്ങാതിമാരോടൊപ്പം പാലേരിമാണിക്യം കണ്ട മൈഥിലി സ്വന്തം മുഖം ബിഗ്‌സ്‌ക്രീനില്‍ കണ്ട് പൊട്ടിക്കരഞ്ഞു. മലയാളസിനിമയിലേക്ക് മൈഥിലിയുടെ കടന്നുവരവായിരുന്നു അത്. പാലേരിമാണിക്യത്തിന് ശേഷം ധാരാളം ഓഫറുകള്‍ വന്നെങ്കിലും ചിത്രത്തിന്റെ എണ്ണം കൂട്ടുന്നതിനേക്കാള്‍ നല്ല സിനിമകളില്‍ അഭിനയിച്ചാല്‍ മതിയെന്ന് മൈഥിലി തീരുമാനിക്കുകയായിരുന്നു. തമിഴ് സിനിമയിലേക്ക് ക്ഷണമുണ്ടായപ്പോള്‍ തമിഴിലേക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവില്‍ 'മുള്ളും മലരും' എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ വിജയ്‌സാഗര്‍, മൈഥിലിയുടെ വീട്ടിലെത്തി നിര്‍ബന്ധിപ്പിച്ചപ്പോഴാണ് അഭിനയിക്കാന്‍ സമ്മതം മൂളിയത്.

ഇങ്ങനെ, കഥയൊന്നും കേള്‍ക്കേണ്ട ഏതു റോളിലാണെങ്കിലും അഭിനയിക്കാന്‍ തയാറാണെന്നു പറഞ്ഞ് മുന്നോട്ടുവരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന കാലത്താണ് മൈഥിലി വേറിട്ടുനില്‍ക്കുന്നത്. പാതിരാ കാലത്തില്‍ മൈഥിലിയും ശൈലജയും തമ്മിലുള്ള സീനുകള്‍ വിശ്രമമില്ലാതെ പൂര്‍ത്തിയാക്കുമ്പോഴേയ്ക്കും നേരം സന്ധ്യയായിരുന്നു. വയനാട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന തിരക്കിനിടയിലാണ് മൈഥിലിയെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി മൈഥിലി സംസാരിക്കുകയാണ്.''പാതിരാ കാലത്തില്‍ ജഹനാരയെന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്.

അവകാശസമരങ്ങള്‍ നടക്കുന്ന ഇടങ്ങളിലെല്ലാം സജീവസാന്നിധ്യമാകുന്നതിനിടയില്‍ കാണാതായ അച്ഛനെ തേടിയുള്ള മകളുടെ യാത്രയാണ്. കഥ കേട്ടപ്പോള്‍ തന്നെ ജഹനാരയെ എനിക്കിഷ്ടപ്പെട്ടു. വളരെ ബോള്‍ഡാണ് ജഹനാര. മാത്രമല്ല പ്രിയനന്ദനന്‍ സാറിന്റെ സംവിധാന രീതിയും പ്രത്യേകതയുള്ളതാണ്. ഓരോ സീനുകളും സൂക്ഷ്മതയോടെയാണ് ചിത്രീകരിക്കുന്നത്. പാതിരാ കാലത്തിലെ കഥ എന്നെ വല്ലാതെ സ്വാധീനിച്ചുവെന്ന് പറയാം. കാരണം കേരളത്തിലെ സാമൂഹ്യപ്രശ്‌നങ്ങളാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഒരു തരത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമയാണിത്. മാത്രമല്ല മണ്ണ്, ജലം, ഫ്രീഡം എന്നിവയ്ക്ക് വേണ്ടിയുള്ള ജനങ്ങളുടെ സമരം ഇതിവൃത്തമാവുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.

ഗോഡ്‌സെയ്ക്കു ശേഷം ഞാന്‍ അഭിനയിക്കുന്ന സിനിമയാണിത്. ഏതു റോളാണെങ്കിലും അഭിനയിക്കാനൊന്നും എനിക്കു താല്പര്യമില്ല. നല്ല സിനിമയുടെ ഭാഗമാകാനാണ് എനിക്കിഷ്ടം. സിനിമയുടെ എണ്ണം കൂട്ടാനൊന്നും ആഗ്രഹമില്ല. വര്‍ഷത്തില്‍ ഒരു സിനിമയാണെങ്കിലും ആളുകള്‍ ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രമാകണമെന്നു മാത്രം. ഞാനിപ്പോള്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രം ഒരു കാറ്റിലൊരു പായ്ക്കപ്പലാണ്. എന്റെ സുഹൃത്താണ് ചിത്രം ചെയ്യുന്നത്. കഥാപാത്രത്തെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. കാരണം ഒരു പായ്ക്കപ്പലിന്റെ നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ അവസാനിക്കുന്നതു വരെയാണ് സിനിമ. പുതുമയുള്ള കഥയാണ്. പായ്ക്കപ്പലിന്റെ നിര്‍മ്മാണത്തോടെ ചിത്രീകരണത്തിനും തുടക്കംകുറിച്ചു.

സിനിമയില്ലാത്ത അവസരത്തില്‍ യു.എസിലേക്ക് സഹോദരന്റെ അടുത്തേക്ക് പോകാറുണ്ട്. പിന്നെ ഫിലിം മേക്കിംഗ് പഠിക്കുന്നുണ്ട്. സംവിധായിക ആകണമെന്ന മോഹമുണ്ട്. നടക്കുമോ എന്നറിയില്ല. പിന്നെ, കാര്യങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതുപോലെ ആവണമെന്നില്ല. ജീവിതം അണ്‍പ്രെഡിക്റ്റബിളാണ്. മൈഥിലി അവസാനിപ്പിച്ചു...

https://www.facebook.com/Malayalivartha

























