ദിലീപിന്റെ മൊഴിയെടുക്കല്‍ പത്താം മണിക്കൂറിലേക്ക്...

നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന നടന്നെന്ന പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസഥാനത്തില്‍ നടന്‍ ദിലീപിന്റെയും സുഹൃത്ത് നാദിര്‍ഷയുടെയും മൊഴിയെടുക്കല്‍ പത്താം മണിക്കൂറിലേക്ക്. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവ പൊലീസ് ക്ലബ്ബില്‍ നടന്‍ ദിലീപിന്റെയും സുഹൃത്ത് നാദിര്‍ഷയുടെയും മൊഴിയെടുക്കുന്നത്. ദിലീപിനെയും നാദിര്‍ഷയെയും വെവ്വേറെ ഇരുത്തിയാണ് പൊലീസ് മൊഴിയെടുക്കുന്നത്. ബ്ലാക്‌മെയില്‍, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും മൊഴിയെടുക്കുന്നതായാണു വിവരം. ഇരുവരും സഹകരിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. ദിലീപ് തനിക്കറിയാവുന്ന നിരവധി കാര്യങ്ങള്‍ പറഞ്ഞെന്നാണ് സൂചന. പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങളും പൊലീസ് ചോദിച്ചറിയുന്നുണ്ട്.
''ഒരു കാര്യം തുറന്നു പറയാം, ആര്‍ക്കും വിഷമമൊന്നും തോന്നരുത്, ചിലരുടെ മാധ്യമ വിചാരണയ്ക്കു നിന്നുകൊടുക്കാന്‍ എനിക്കു നേരമില്ല. എനിക്കു പറയാനുള്ളത് പൊലീസിനോടും കോടതിയോടും ഞാന്‍ പറഞ്ഞോളാം. എന്നെ പ്രതിയാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. അതൊന്നും നടക്കാന്‍ പോകുന്നില്ല. ഞാനിപ്പോള്‍ പോകുന്നത് എന്റെ പരാതിയില്‍ മൊഴികൊടുക്കാനാണ്'' ആലുവ പൊലീസ് ക്ലബിലേക്കു പോകുന്നതിനു മുമ്പ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണു ദിലീപ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയാറായിരുന്നില്ല. ഇതില്‍ താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അന്നു ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് നേരിട്ടാണു ദിലീപ് പരാതി നല്‍കിയിരുന്നത്.
കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നില്‍നിന്നു പണം തട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ ആരോപണം. വിഷ്ണുവെന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാല്‍ വിഷ്ണുവല്ല, പള്‍സര്‍ സുനിതന്നെയാണു ഫോണ്‍ വിളിച്ചതെന്നു കണ്ടെത്തിയിരുന്നു.
അതിനിടെ, ദിലീപിനെ ഭീഷണിപ്പെടുത്താന്‍ വിഷ്ണുവിനു പള്‍സര്‍ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോണ്‍ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നു. സുനി, ദിലീപിന് എഴുതിയെന്നു കരുതുന്ന കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തനിക്കു തരാമെന്നേറ്റ പണം നല്‍കണമെന്നും ദിലീപിന്റെ പേരു പറയാന്‍ പുറത്തുനിന്നും പല സമ്മര്‍ദവുമുണ്ടെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.
അതേസമയം വിവാദങ്ങള്‍ക്കിടെ ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം തുടങ്ങി. നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു
https://www.facebook.com/Malayalivartha


























