ഇന്ന് ലോക പുകയില വിരുദ്ധ ദിനം... പുകവലിക്കാർക്ക് കോവിഡ് പിടിപെട്ടാൽ മരണ സാധ്യത ഇരട്ടിയിലധികം പുകവലിയിൽ നിന്നും പുകവലി കമ്പനികളുടെ കൗശലത്തിൽ നിന്നും യുവാക്കളെ സംരക്ഷിക്കാൻ ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കാം

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. ലോകാരോഗ്യ സംഘടയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് 31 നാണ് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്.
എന്നാൽ, ഇക്കുറി കൊവിഡ് മഹാമാരി പടർന്നു പിടിക്കുന്നതിനിടയിലാണ് ഇത്തവണ പുകയില വിരുദ്ധ ദിനം എത്തുന്നതെന്നതും ശ്രദ്ദേയമാണ്. പുകവലിക്കുന്നവർക്ക് കൊവിഡ് വളരെ എളുപ്പത്തിൽ പകരുമെന്ന് മാത്രമല്ല ചികിൽസിച്ചു ഭേദമാക്കാനും ബുദ്ധിമുട്ടാണ് എന്നാണു ലോകാരോഗ്യ സംഘടന നൽകുന്ന വിവരം.
കൊവിഡ് വ്യാപനത്തിന് പുകവലി കാരണമാകുന്നതായി തെളിവുകൾ ലഭിച്ചിട്ടില്ല എങ്കിലും കൊവിഡ് പുകവലിക്കാരിൽ മരണ കാരണമാകാനുള്ള സാധ്യത ഏറെയാണ്
‘പുകവലിയിൽ നിന്നും പുകവലി കമ്പനികളുടെ കൗശലത്തിൽ നിന്നും യുവാക്കളെ സംരക്ഷിക്കുക’ എന്നതാണ് ഇത്തവണ ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം..സിഗരറ്റ് വലിക്കുന്നതിലൂടെ ഉണ്ടാകുന്ന അനേകം ആരോഗ്യ അപകടങ്ങളെക്കുറിച്ച് മിക്ക ആളുകൾക്കും അറിയാം. എന്നിട്ടും പലർക്കും ഈ ശീലം നിർത്താൻ കഴിയുന്നില്ല എന്നതാണ് വാസ്തവം
പുകവലി ഉപേക്ഷിക്കുന്നത് പ്രയാസമാണ് എന്നാണു പൊതുവെ പുകവലിക്കുന്നവർ പറയുന്നത് , പക്ഷേ യഥാർത്ഥത്തിൽ നിങ്ങൾ ഈ ദുശീലം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനായി ഇനി പറയുന്ന വഴികൾ സ്വീകരിക്കാം
പുകവലി ഉപേക്ഷിക്കുന്നതിന്, നിങ്ങളുടെ സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തേണ്ടിവരും... നിക്കോട്ടിൻ ഉപഭോഗം പെട്ടെന്ന് നിർത്തുന്നതിനാൽ അനുഭവപ്പെടുന്ന പിൻവലിക്കൽ ലക്ഷണങ്ങളെ നേരിടാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ഇതിനായി ചില മാർഗ്ഗങ്ങൾ സ്വീകരിക്കാം
ആദ്യം നിങ്ങൾ ചെയ്യേണ്ടത് പുകവലി പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനം കൈക്കൊള്ളുക എന്നതാണ്. പുകവലി നിർത്താൻ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, അത് ഉപേക്ഷിക്കുന്ന തീയതി സജ്ജമാക്കാൻ നിങ്ങൾ തയ്യാറാകണം. ഭാവിയിൽ വളരെ ദൂരെയല്ലാത്ത ഒരു ദിവസം തിരഞ്ഞെടുക്കുക ... ഈ ദിവസത്തിനുള്ളിൽ മാനസികമായും ശാരീരികമായും സ്വയം തയ്യാറാകാൻ നിങ്ങൾക്ക്കഴിയണം
പുകവലി നിർത്താൻ നിരവധി മാർഗങ്ങളുണ്ട്... ഒന്നുകിൽ പെട്ടെന്ന് ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ പുകവലി തുടരുക, തുടർന്ന് നിർത്തുക.
അതല്ലെങ്കിൽ ക്രമേണ ഉപേക്ഷിക്കുക, നിങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം ഉപേക്ഷിക്കുന്ന തീയതി വരെ സിഗരറ്റ് വലിക്കുന്നതിന്റെ എണ്ണം കുറയ്ക്കുക, തുടർന്ന് നിർത്തുക.
പുകവലിയുടെ പെട്ടെന്നുള്ള നിർത്തലിനെ പുകവലി സാവധാനം കുറയ്ക്കുന്നതുമായി താരതമ്യപ്പെടുത്തിയ ഒരു ഗവേഷണത്തിൽ ഈ രണ്ട് മാർഗ്ഗങ്ങളും ഒന്ന് മറ്റൊന്നിനേക്കാളും മികച്ച ഫലം നൽകുന്നു എന്നുള്ള തരത്തിലുള്ള ഒരു നിഗമനത്തിൽ എത്തിച്ചേരുവാൻ സാധിക്കുകയുണ്ടായില്ല. അതിനാൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക.
ഇതിനായി സ്വയം സജ്ജമാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും ...
* പുകവലി ഉപേക്ഷിക്കുവാൻ നിങ്ങൾ തീരുമാനിച്ച തീയതിയെക്കുറിച്ച് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും പറയുക.
* എല്ലാ സിഗരറ്റുകളും അവയുടെ ആഷ് ട്രേകളും വീട്ടിൽനിന്നും ഓഫീസിൽ നിന്നും നീക്കം ചെയ്യുക.
* നിങ്ങൾ പൂർണ്ണമായും അവ ഉപേക്ഷിച്ച് കഴിയുവാൻ പോകുകയാണോ അതോ നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പി (എൻആർടി) അല്ലെങ്കിൽ മറ്റ് മരുന്നുകൾ ഉപയോഗിക്കണോ എന്ന് തീരുമാനിക്കുക.
* നിങ്ങൾ പുകവലിക്കെതിരെയുള്ള ഏതെങ്കിലും ഒരു സംഘത്തിൽ ചേരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇപ്പോൾ തന്നെ അതിൽ ചേരുക.
* കോലു മിഠായി, പഞ്ചസാരയില്ലാത്ത ച്യൂയിം ഗം, കാരറ്റ് സ്റ്റിക്കുകൾ, കാപ്പി കലക്കുവാൻ ഉപയോഗിക്കുന്ന സ്പൂൺ, സ്ട്രോ, ടൂത്ത്പിക്കുകൾ എന്നിവ പോലുള്ളവ സിഗരറ്റിന് പകരമായി വായിൽ വയ്ക്കാവുന്നതാണ്.
* പുകവലി നിർത്തുന്നതിൽ വിജയിച്ച ഒരു കുടുംബാംഗം നിങ്ങളെ സഹായിക്കുവാൻ സന്തോഷത്തോടെ തയ്യാറായാൽ, അവരുടെ പിന്തുണ തേടുക.
* പുകവലിക്കുന്ന സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നിങ്ങളുടെ അടുത്ത് നിന്നുകൊണ്ട് പുകവലിക്കരുതെന്ന് ആവശ്യപ്പെടുക.
* നിങ്ങൾ മുമ്പ് പുകവലി ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ, എന്താണ് പ്രവർത്തിച്ചതെന്നും എന്തൊക്കെ പാളിച്ചകളാണ് സംഭവിച്ചത് എന്നും ചിന്തിക്കുക.
പുകവലിക്കാനുള്ള പ്രേരണ ഉണ്ടാകുമ്പോൾ മറ്റെന്തെങ്കിലും തിരക്കിൽ ഏർപ്പെടുക. എൻആർടി ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ എൻആർടിയുടെ ഉപയോഗം ഉടൻ ആരംഭിക്കുക.
കൂടുതൽ വെള്ളവും ജ്യൂസും കുടിക്കുന്നത് ഫലപ്രദമാണ് .. പുകവലിക്കുന്ന വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കണം ..
നിങ്ങൾ പുകവലി നിർത്തുന്ന ദിവസത്തിൽ പലതവണ പുകവലിക്കാനുള്ള ആഗ്രഹം നിങ്ങൾക്ക് അനുഭവപ്പെടും, പുകവലിക്കാനുള്ള പ്രേരണയെ ചെറുക്കാൻ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നിങ്ങളെ സഹായിച്ചേക്കാം:
ആഴത്തിലുള്ള ശ്വാസനം. മൂന്ന് പ്രാവശ്യം എന്ന കണക്കിൽ നിങ്ങളുടെ മൂക്കിലൂടെ സാവധാനം ശ്വസിക്കുകയും വായിലൂടെ ശ്വാസം വിടുകയും ചെയ്യുക. ശുദ്ധവായു കൊണ്ട് നിറയുന്ന നിങ്ങളുടെ ശ്വാസകോശത്തെ മനസ്സിൽ കാണുക.
സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ വെള്ളം കുറച്ച് കുറച്ചായി കുടിച്ചുകൊണ്ടിരിക്കുക.
സ്വയം ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും ചെയ്യുക.വേണമെങ്കിൽ പുറത്ത് നടക്കാൻ പോകുക.
എല്ലാറ്റിലും ഉപരിയായി മനസ്സിൽ പുകവലിക്കില്ല എന്ന ദൃഢ നിശ്ചയം എടുക്കുക ..ഈ പുകയില വിരുദ്ധ ദിനത്തിൽ നിങ്ങളുടെയും കുടുംബത്തിന്റെയും നന്മക്കായി ഈ തീരുമാനം എടുക്കാം
https://www.facebook.com/Malayalivartha