കൂർക്കംവലി വലിപ്പിക്കുന്നുവോ ; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഒരു ദിവസത്തെ അധ്വാനവും യാത്രകളും പ്രവർത്തികളുമൊക്കെ കഴിഞ്ഞു സമാധാനമായി ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും അടുത്ത് കിടക്കുന്ന ആളിന്റെ കൂർക്കം വലി എന്ന വില്ലൻ നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നത്. ഉറക്കത്തില്‍ ശബ്ദത്തോടെ ശ്വാസോച്ഛ്വാസം ചെയ്യേണ്ടി വരുന്നതാണ് കൂര്‍ക്കംവലി. ഉണര്‍ന്നിരിക്കുമ്പോൾ നാം ശ്വാസോച്ഛ്വാസം ചെയ്യാറുണ്ട്. അപ്പോൾ അല്പ ശബ്‍ദം പോലും ഉണ്ടാകാറില്ല. ഉറങ്ങുമ്പോഴും നാം ശ്വാസോച്ഛ്വാസം ചെയ്യാറുണ്ട്. പക്ഷേ ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടായി കൂര്‍ക്കം വലിയായി പരിണമിക്കുന്നത്. ജീവിത പങ്കാളികൾക്കിടയിൽ വലിയയൊരു വിടവ് കൂർക്കംവലി വരുത്താറുണ്ട്. നമ്മിൽ പലരും ഉറക്കത്തിനിടയിൽ കൂർക്കം വലിക്കാറുണ്ട്. എന്നാൽ അതിൻറെ തീവ്രത എത്രത്തോളം എന്ന് മറ്റുള്ളവർക്ക് മാത്രമേ അറിയാവൂ. കൂർക്കംവലിയുടെ കാരണങ്ങളും പരിഹാരങ്ങളും ചികിത്സകളും എന്തൊക്കെയാണെന്ന് നോക്കാം.
നാം ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ വായു കടന്നു പോകുന്ന മാർഗത്തിലെവിടെയെങ്കിലും തടസങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലിയായി മാറുന്നത്. കൂര്‍ക്കംവലിക്ക് പല കാരണങ്ങള്‍ ഉണ്ട്.
കുറുനാക്കിന് അല്പം നീളം കൂടുതലുള്ളവരില്‍ സാധാരണ കൂർക്കം വലി കാണാറുണ്ട്. കുറുനാക്കിന്റെ നീള കൂടുതൽ ശ്വാസ വായുവിന്റെ പ്രവാഹത്തെ തടസപ്പെടുത്തുന്നതാണ് കൂർക്കംവലിയിലേക്ക് നയിക്കുന്നത്. എന്നാൽ വളരെ ചുരുക്കം ആളുകളിൽ മാത്രം കാണുന്ന പ്രശ്‌നമാണിത്. കുട്ടികളില്‍ സാധാരണയായി കൂർക്കംവലി കാണാറുണ്ട്. അതിനു കാരണം ജലദോഷമോ മൂക്കടപ്പോ ഉള്ളപ്പോള്‍ എല്ലാവരും കൂർക്കം വലിക്കാറുണ്ട്. ശ്വാസ വായുവിന് നേരേ ശ്വാസകോശത്തിലേക്കു കടന്നെത്താന്‍ കഴിയാത്തവിധം തടസങ്ങളുണ്ടാകുന്നതാണ് ഇതിനു കാരണം. ഇതും കൂർക്കം വലിക്കു കാരണമാകാറുണ്ട്.
നമ്മൾ ഉറങ്ങുമ്പോള്‍ കഴുത്തിലെ പേശികളും നാവുമായി ബന്ധപ്പെട്ട പേശികളുമൊക്കെ കുഴഞ്ഞ് ബലം കുറഞ്ഞ അവസ്ഥയിലായിരിക്കും. നാവും വലിയൊരു പേശിയാണല്ലോ. നാം ഉണർന്നിരിക്കുന്ന സമയം ദൃഢമായി നില്‍ക്കുന്ന നാവ് ഉറക്കത്തില്‍ ദൃഢത കുറഞ്ഞ് കുഴഞ്ഞു താഴേക്കു തൂങ്ങിനില്‍ക്കും. കഴുത്തില്‍ പേശികളല്ലാതെ അസ്ഥികളൊന്നുമില്ലല്ലോ. ഉറങ്ങുമ്പോള്‍ ഈ പേശികളെല്ലാം കുറച്ചൊന്ന് അയഞ്ഞ് തളര്‍ന്നിരിക്കും. കൂര്‍ക്കംവലിയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയപ്പെടുന്നത് ഇതാണ്.
തൊണ്ടയിലൂടെയാണല്ലോ ശ്വാസനാളി കടന്നു പോകുന്നത്. ഈ ശ്വാസക്കുഴല്‍ അയഞ്ഞ് തളര്‍ന്നിരിക്കുന്നതിനാല്‍ അതിലൂടെ വായുവിന് ശരിക്കു കടന്നുപോകാന്‍ കഴിയാതെ വരും. ഇങ്ങനെ വായു കടന്നു പോകാതിരിമ്പോഴുണ്ടാകുന്ന തടസ്സം സൃഷ്ടിക്കുന്ന ശബ്ദമാണ് കൂര്‍ക്കം വലി.
ജനിക്കുമ്പോള്‍ മൂക്കിനുണ്ടാകുന്ന പ്രശ്നങ്ങൾ കൂർക്കം വലിയിലേക്ക് നയിക്കാറുണ്ട്. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നവർക്കും ഇത് ഉണ്ടാകാറുണ്ട്. കഴുത്തിന്റെ ഇരു വശങ്ങളിലുമായി ഉള്ള ലിംഫ് കലകളായ ടോണ്‍സിലുകള്‍ക്കു ഉണ്ടാകുന്ന പ്രശ്നങ്ങളും കൂർക്കം വലിക്കു കാരണമാകും. ഇവയ്ക്ക് അണുബാധയുണ്ടായി വീങ്ങൽ ഉണ്ടാകുകയാണെങ്കിൽ തൊണ്ടയില്‍ ശ്വാസനാളം ഇടുങ്ങുകയും കൂര്‍ക്കംവലിക്കുകയും ചെയ്യും.
ചികിത്സ മാർഗത്തിലൂടെ കൂർക്കംവലിയെ അകറ്റാവുന്നതാണ്. ഗൗരവമായ കാരണങ്ങളാണ് കൂർക്കം വലിയിലേക്ക് നയിക്കുന്നതെന്ന് കണ്ടെത്തിയാൽ ഉടൻ തന്നെ ചികിത്സകള്‍ തേടേണ്ടതായി വരും. മൂക്കിന്റെയോ മുഖാകൃതിയുടെയോ പ്രശ്‌നങ്ങള്‍, ടോണ്‍സിലൈറ്റിസ് തുടങ്ങിയ കാര്യങ്ങൾക്കും ചികിത്സ വേണ്ടിവരും. ഉറക്കത്തില്‍ ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യൂവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. വെന്റിലേറ്ററിന്റെ പ്രവര്‍ത്തനത്തോടു സാദൃശ്യമുള്ള ഇതിന് ഉയര്‍ന്ന മര്‍ദ്ദത്തിൽ വായുവിനെ മൂക്കിലൂടെ അടിച്ചു കയറ്റി വിടാൻ സഹായിക്കുന്ന ഉപകരണമാണിത്. വളരെ ലളിതമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം നമ്മുടെ നാട്ടിലും ഉപയോഗിക്കുന്നുണ്ട്.
കൂർക്കം വലിക്കു നേരെ ചെവി പൊത്തുക മാത്രമല്ല പരിഹാരം. കൂർക്കം വലിക്കുന്ന ആൾക്കാരോട് പറഞ്ഞു കൊടുക്കാവുന്ന പരിഹാര മാർഗങ്ങൾ ഇതൊക്കെയാണ്.
മലര്‍ന്നു കിടന്നുറങ്ങുമ്ബോള്‍ കഴുത്തിലെ പേശികള്‍ അയഞ്ഞു തളര്‍ന്ന് ശ്വാസനാളം ചുരുങ്ങി
കൂര്‍ക്കംവലിയുണ്ടാകാം. മലർന്നു കിടക്കുന്നതിനു പകരം ചരിഞ്ഞു കിടന്നാല്‍ ഈ പ്രശ്‌നത്തെ പരിഹരിക്കാനാവും. മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കുന്നതാണ് നല്ലത്.കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്‌നങ്ങളുടെയും പ്രധാന കാരണങ്ങളിലൊന്ന് അമിത വണ്ണമാണ്. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവു വരെ ഈയൊരു പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്.
സമയത്ത് രാത്രി ആഹാരം കഴിക്കാതിരിക്കുന്നതും ഒരു കാരണമാണ്. അതിനാൽ ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുൻപെങ്കിലും രാത്രി ആഹാരം കഴിച്ചിരിക്കണം. വയറ് നിറയെ ആഹാരം കഴിച്ച ശേഷം ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലിയുടെ ആക്കം കൂട്ടും. രാത്രിയിൽ അല്പമേ ആഹാരം കഴിക്കാവൂ. ശ്വാസതടസം, കഫക്കെട്ട് , ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങളെന്തെങ്കിലുമാണ് കൂർക്കം വലി ഉണ്ടാക്കുന്നതെങ്കിൽ ആവി പിടിക്കുന്നത് ഏറെ ഫലവത്താണ്.
അപ്പോൾ കൂർക്കം വലിയുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.
https://www.facebook.com/Malayalivartha