പഴയ മച്ചിന്റെ പുതിയ പ്രൗഢി

ഫോള്‍സ് സീലിംഗ് ഒരു പുതിയ കണ്ടുപിടുത്തമല്ല. ഏകദേശം എല്ലാ പഴയവീടുകളിലും ഈ ഫോള്‍സ് സീലിംഗ് കാണാം. പക്ഷേ അന്നതിനുപേര് 'മച്ച്'. ചൂട് നിയന്ത്രിക്കുകയോ അല്ലെങ്കില്‍ സ്റ്റോറേജ് സ്‌പെയ്‌സാവുക എന്നിവയാണ് ഇത്തരത്തിലുള്ള മച്ചുകളുടെ പ്രധാന ജോലി. പണ്ട് തടി മാത്രമായിരുന്നു എങ്കില്‍ ഇന്ന് എണ്ണിയാലൊടുങ്ങാത്ത മെറ്റീരിയലുകളാണ് ഫോള്‍സ് സീലിംഗിനുപയോഗിക്കുക. മെറ്റീരിയലുകള്‍ക്കു മാത്രമല്ല ഫോള്‍സ് സീലിംഗുകളുടെ ലക്ഷ്യങ്ങള്‍ക്കും മാറ്റമുണ്ട്.
ഫോള്‍സ് സീലിംഗുകളുടെ പ്രധാന ഉദ്ദേശം ഭംഗിതന്നെ എന്നതില്‍ സംശയമില്ല. ഉയരം ക്രമീകരിച്ച് ഭംഗിയിലുള്ള ഫോള്‍സ് സീലിംഗുകള്‍ നല്‍കുമ്പോള്‍ ഇന്റീരിയറിനുണ്ടാകുന്ന പകിട്ട് ഒന്ന് വേറെ തന്നെ. ചുവര് കഴിവതും ഒഴിവാക്കി സീലിങ്ങില്‍ ലൈറ്റുകള്‍ നല്‍കുന്നതാണ് ഇപ്പോഴത്തെ ട്രന്റ്. ആധുനികശൈലിയിലുള്ള ലൈറ്റിംഗ് സമ്പ്രദായങ്ങള്‍ക്ക് ഫോള്‍സ് സീലിംഗ് വളരെ ഉപകാരപ്രദമാണ് താനും.
ഫോള്‍സ് സീലിംഗ് ചെയ്യുമ്പോള്‍ ഒന്നിലേറെ മെറ്റീരിയലുകളുടെ കോമ്പിനേഷനുകള്‍ തിരഞ്ഞെടുക്കുക. ഇന്റീരിയറിന്റെ തീം അനുസരിച്ചാകും ഫോള്‍സ് സീലിംഗിന്റെ മെറ്റീരിയലുകള്‍. ഗ്ലാസ്, മെറ്റല്‍, വെനീര്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. ലൈറ്റിങ്ങിനെ മനോഹരമാക്കാം എന്നതാണ് ഗ്ലാസിന്റെ മെച്ചം. പഴയതാണെങ്കിലും തടിയുടെ പ്രൗഢിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. തടിയാണെന്ന് തോന്നിക്കുന്ന വെനീറിനും പ്രാധാന്യം ലഭിച്ചുതുടങ്ങിയത് ഇതുകൊണ്ടുതന്നെയാണ്. തലയ്ക്കു മീതെ സര്‍ഗ്ഗസങ്കല്‍പ്പങ്ങളുടെ കൊടി പാറിക്കുകയാണ് ഫോള്‍സ് സീലിംഗുകള്‍.
https://www.facebook.com/Malayalivartha