കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ആശംസയര്‍പ്പിക്കാന്‍ വിളിച്ചപ്പോള്‍ 2022ല്‍ ഖത്തറില്‍ കാണാമെന്ന് ആത്മവിശ്വാസത്തോടെ മറഡോണ; സുലൈമാന്‍ പോലുമറിയാതെ മലപ്പുറത്തുള്ള കുടുംബത്തെ ദുബൈയിലെത്തിക്കാന്‍ ടിക്കറ്റെടുത്തു, താരജാഡകളോ അഹങ്കാരമോ ഇല്ലാത്ത നന്‍മയുള്ള മനുഷ്യനാണ് ഡീഗോയെന്ന് മറഡോണയുടെ ഓർമയിൽ ഡ്രൈവര്‍ പ്രവാസി മലയാളി

പത്ത് എന്ന സംഖ്യ ലോകത്താകമാനം വിജയത്തിന്റെ പ്രതീകമായത് എങ്ങനെ? കളിക്കളത്തിൽ ഇറങ്ങുന്ന ഓരോ കുട്ടിയും തന്റെ നീല ഷർട്ടിൽ പത്ത് എന്ന് കുത്തിക്കുറിക്കാൻ പ്രേരിതമായ, കാൽപ്പന്തിൽ മാന്ത്രികം തീർത്ത ഡീഗോ മറഡോണക്ക് കായികലോകം കണ്ണീരോടെ വിടപറയുമ്പോള്‍ ഹൃദയം തകര്‍ന്ന് ഒരാള്‍ ഇവിടെ ദുബൈയിലുണ്ട്. മറഡോണയുടെ ഇഷ്ട ഡ്രൈവര്‍ മലപ്പുറം താനൂര്‍ അയ്യായ നെല്ലിശേരി സുലൈമാന്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എന്നൊക്കെ മറഡോണ ദുബെയില്‍ എത്തിയിട്ടുണ്ടോ, അന്നെല്ലാം മറഡോണയുടെ കാറിന്റെ സാരഥിയായി സുലൈമാനും ഉണ്ടായിരുന്നു. വീടിനകത്തും പുറത്തും കളിക്കളത്തിലും നിശാക്ലബ്ബിലുമെല്ലാം മറഡോണക്കൊപ്പം സുലൈമാനും എത്തുമായിരുന്നു. കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ആശംസയര്‍പ്പിക്കാന്‍ വിളിച്ചപ്പോള്‍ 2022ല്‍ ഖത്തറില്‍ കാണാമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞതും കണ്ണീരോടെ സുലൈമാന്‍ ഇപ്പോൾ ഓര്‍ക്കുന്നു.
സ്വന്തം കുടുംബം പോലെ മറഡോണയുടെ കുടുംബവുമായി ഇടപഴകാനും കഴിഞ്ഞിട്ടുണ്ട് ഈ പ്രവാസിക്ക്. 2011ല്‍ യു.എ.ഇയിലെ അല്‍വാസല്‍ ക്ലബ്ബില്‍ പരിശീലകനായി എത്തിയപ്പോഴാണ് ഡീഗോയെ ആദ്യമായി സുലൈമാന്‍ പരിചയപ്പെടുന്നത്. ഈ സമയത്ത് ക്ലബ്ബിന്റെ ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു സുലൈമാന്‍. പിന്നീട് മറഡോണ ക്ലബ് വിട്ടെങ്കിലും അടുത്ത വര്‍ഷം ദുബൈയില്‍ എത്തിയപ്പോള്‍ സുലൈമാനെ തന്നെ ഡ്രൈവറായി വേണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. ദുബൈയുടെ സ്പോര്‍ട്സ് അംബാസിഡറായിട്ടായിരുന്നു പിന്നെയുള്ള മറഡോണയുടെ വരവ്. അങ്ങനെയാണ് വീണ്ടും മറഡോണയുടെ ഡ്രൈവിങ് സീറ്റില്‍ സുലൈമാന്‍ എത്തി. അന്ന് മുതല്‍ ഡീഗോ എത്തുമ്പോഴൊക്കെ അദ്ദേഹത്തിനൊപ്പം പാം ജുമൈറയിലായിരുന്നു സുലൈമാന്റെ താമസം.
സ്പാനിഷ് ഭാഷയിലാണ് സംസാരമെങ്കിലും അറിയാവുന്ന ഇംഗ്ലീഷൊക്കെ ചേര്‍ത്ത് സുലൈമാന്‍ മറുപടിയും നല്‍കുമായിരുന്നു. ടി.വിയില്‍ കളിയുള്ള ദിവസം എത്ര ഉറക്കത്തിലാണെങ്കിലും വിളിച്ചെഴുന്നേല്‍പിക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഒരിക്കല്‍ സുലൈമാന്‍ പോലുമറിയാതെ മലപ്പുറത്തുള്ള കുടുംബത്തെ ദുബൈയിലെത്തിക്കാന്‍ അദ്ദേഹം ടിക്കറ്റെടുക്കുകയുണ്ടായി. കുടുംബാംഗങ്ങളുടെ പാസ്പോര്‍ട്ടിന്റെ കോപ്പി ട്രാന്‍സലേറ്റര്‍ ആവശ്യപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത് തന്നെ.
അതോടൊപ്പം തന്നെ സുലൈമാന്റെഉമ്മാക്ക് സുഖമില്ലാതെ വന്നപ്പോള്‍ ലീവ് നല്‍കി നാട്ടിലേക്കയക്കുകയും ഉമ്മായെ ഫോണില്‍ വിളിച്ച് ട്രാന്‍സലേറ്ററുടെ സഹായത്തോടെ സംസാരിക്കുകയും ചെയ്തു. അങ്ങനെ താരജാഡകളോ അഹങ്കാരമോ ഇല്ലാത്ത നന്‍മയുള്ള മനുഷ്യനാണ് ഡീഗോയെന്ന് സുലൈമാന്‍ കണ്ണീരോടെ ഓര്‍മിക്കുന്നു. 2018 ജൂലൈ 15നാണ് അദ്ദേഹം ഇവിടെ നിന്ന് മടങ്ങിയത്. കഴിഞ്ഞതവണ മടങ്ങിയപ്പോള്‍ നല്‍കിയ വാച്ച് നിധിപോലെ സുലൈമാന്‍ സൂക്ഷിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























