കുടുംബവുമൊത്ത് ആഘോഷിക്കാൻ എത്തി; അവസാനം പ്രവാസലോകത്തെ ആകമാനം ദുഃഖത്തിലാഴ്ത്തി ആ ദുരന്തം, അച്ഛനും മകളും കുടുംബാംഗങ്ങളുടെ കണ്മുന്നിൽ ചുഴിയിൽപെട്ടു മരിച്ചു

കോവിഡ് വ്യാപനം നൽകിയ വേദനകൾക്ക് പിന്നാലെ മലയാളി കുടുംബത്തിന്റെ ദുരന്തം യുഎഇയിലെ പ്രവാസി ഇന്ത്യക്കാരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ലോക്ക് ഡൗണും കർശന നിയന്ത്രണങ്ങളും നൽകിയ വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാളികൾ സമയം ചെലവഴിക്കാൻ പുറത്തേക്ക് ഇറങ്ങുന്നത്. ഇത്തരത്തിൽ സായാഹനം ചെലവഴിക്കാൻ ഷാർജ–അജ്മാൻ അതിർത്തിയിലെ പുതുതായി തുറന്ന അൽ ഹീറ ബീച്ചിൽ എത്തിയ കോഴിക്കോട് ബാലുശ്ശേരി ഇയ്യാട് താഴേചന്തം കണ്ടിയിൽ ഇസ്മായിൽ (47), മകൾ അമൽ ഇസ്മായിൽ (18) എന്നിവര്‍ ബുധനാഴ്ച വൈകിട്ട് അഞ്ചിന് കടലിൽ മുങ്ങി മരിക്കുകയായിരുന്നു.
ഇസ്മായിലിന്റെയും സഹോദരന്റെയും കുടുംബങ്ങൾ ഒരുമിച്ചാണ് ബീച്ചിലെത്തിയത്. ഇവർ സംസാരിച്ചിരുന്നപ്പോൾ, അഞ്ചു കുട്ടികളും കടലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കുട്ടികളെല്ലാവരും ഒഴുക്കിൽപ്പെടുകയും അവരെ രക്ഷിക്കാൻ ഇസ്മായീൽ മുന്നിട്ടിറങ്ങുകയുമായിരുന്നു. ഇസ്മായീലിന്റെ മൂന്നു മക്കളും സഹോദരന്റെ രണ്ടും കുട്ടികളുമാണ് കടലിൽ ശക്തമായ തിരയിൽപെട്ടത്.
നാലു കുട്ടികളെയും ഇസ്മായീൽ ആദ്യശ്രമത്തിൽ തന്നെ രക്ഷപ്പെടുത്തിയെങ്കിലും മൂത്ത മകൾ അമലിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ ഇസ്മായീൽ കടലിലേയ്ക്ക് ചാടി അമലിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും രണ്ടുപേരും ശക്തമായ ചുഴിയിൽപെട്ട് മുങ്ങുകയായിരുന്നു. ബാക്കിയുള്ളവർക്കു കരയിലിരുന്ന് നിലവിളിക്കുവാനേ കഴിഞ്ഞുള്ളു. വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി 30 മിനിറ്റിനകം ഇസ്മായീലിനെ കരക്കെത്തിക്കുകയായിരുന്നു. പക്ഷേ അപ്പോഴേയ്ക്കും മരിച്ചിരുന്നു. തുടർന്ന് അമലിന്റെ മൃതദേഹവും സംഭവ സ്ഥലത്ത് നിന്ന് തന്നെ അധികൃതർ കണ്ടെടുത്തു.
അതേസമയം വർഷങ്ങളായി ദുബായിൽ താമസിക്കുന്ന ഇസ്മായീൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)യിൽ ട്രാൻസ്പോർട് സിസ്റ്റം കൺട്രോളറായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം അവധിയാഘോഷിക്കാനാണ് ഒരാഴ്ച മുൻപ് സന്ദർശക വീസയിൽ ദുബായിലെത്തിയത്. ഇസ്മായീലിന് ഭാര്യയും അമലിനെ കൂടാതെ, 8, 14 വയസ്സുള്ള രണ്ടു പെൺകുട്ടികളുമുണ്ട്.
\
https://www.facebook.com/Malayalivartha

























