ഇതാണ് എന്റെ രണ്ടാം വീട്; ദുബായിയെയും യുഎഇയെയും തന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് മറഡോണ, ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന അറേബ്യന്‍ ഗള്‍ഫ് ലീഗ് മല്‍സരത്തെ ലോക ശ്രദ്ധയിലേക്ക് എത്തിച്ചു

കാൽപ്പന്ത് കളിയിൽ ഇതിഹാസം തീർത്ത ആ പത്താം നമ്പർ ജെഴ്സിക്കാരൻ നമ്മുടെ പ്രിയപ്പെട്ട ഡീഗോ മറഡോണ പ്രവാസലോകത്തിനും പ്രിയപ്പെട്ടവൻ തന്നെയായിരുന്നു. ദുബായിയെയും യുഎഇയെയും പ്രണയിച്ച താരമായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. പരിശീലക വേഷത്തില്‍ ഏറെനാള്‍ ചെലവഴിച്ച യുഎഇയിയെ കുറിച്ച് മാന്ത്രികതാരം 2013ല്‍ പറഞ്ഞത് ഇങ്ങനെയാണ്:- ഇവിടെ നിന്ന് ഒത്തിരി ദൂരെയായിരിക്കാം എന്റെ നാട്. എന്നെ വിശ്വസിക്കൂ, ദുബായിലെത്തിയ ശേഷം ഇതെന്റെ രണ്ടാം വീടായാണ് എനിക്ക് അനുഭവപ്പെടുന്നത്. അത്രമാത്രം ദുബായിയെയും യുഎഇയെയും തന്റെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുകയായിരുന്നു ആ 'ദൈവത്തിന്റെ കൈകള്‍'.
അങ്ങനെ 10-ാം നമ്പര്‍ ജഴ്‌സിയെ ലോക പ്രശസ്തമാക്കിയ 'ഗോള്‍ഡണ്‍ ബോയി'യെ സ്വന്തമാക്കാന്‍ ലോകരാജ്യങ്ങള്‍ അദ്ദേഹത്തിന് ചുറ്റും വട്ടമിട്ടു പറന്ന നാളുകളിലായിരുന്നു 2011ല്‍ മറഡോണ യുഎഇയിലേക്ക് കാലെടുത്ത് വച്ചത്. അറേബ്യന്‍ ഗള്‍ഫ് ലീഗില്‍ കളിക്കുന്ന അല്‍വാസല്‍ ക്ലബ്ബിന്റെ പരിശീലകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ബ്രഹ്മാണ്ഡ വരവ്. ഊദ് മേത്തയിലെ സബീല്‍ സ്റ്റേഡിയത്തില്‍ അദ്ദേഹം കാലെടുത്തുവച്ച നിമിഷം ദുബായുടെയും യുഎഇയുടെയും ഹൃദയത്തിലേക്കും അദ്ദേഹം എത്തുകയായിരുന്നു.
ശേഷം യുഎഇയാകെ ഒരു വികാരമായി മറഡോണയെന്ന സ്‌നേഹതാരം പടര്‍ന്നു കയറി . രാജ്യത്തിന്റെ കായിക രംഗത്ത് പ്രത്യേകിച്ച് ഫുട്‌ബോളില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അതിപ്രധാനമായി മാറിയിരുന്നു. അദ്ദേഹത്തിന്റെ വാക്കും നോക്കുമെല്ലാം രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. അതോടെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന അറേബ്യന്‍ ഗള്‍ഫ് ലീഗ് മല്‍സരത്തെ ലോക ശ്രദ്ധയിലേക്ക് എത്തിക്കുകയായിരുന്നു അദ്ദേഹം .
https://www.facebook.com/Malayalivartha

























