നിർണായക തീരുമാനവുമായി സൗദി; സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍, ഒരു വര്‍ഷം വരെ തടവും അരലക്ഷം റിയാല്‍ വരെ പിഴയും ചുമത്തപ്പെടുമെന്ന് അധികൃതർ

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നത്. ഒരു വര്‍ഷം വരെ തടവും അരലക്ഷം റിയാല്‍ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വീടുകളിലും ജോലി സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ വകുപ്പുകളാണ് സൗദിയിലെ പ്രൊട്ടക്ഷന്‍ ഫ്രം അബ്യൂസ് നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നിയമ പ്രകാരം രക്ഷിതാക്കളും ഭര്‍ത്താക്കന്‍മാരും സ്‌പോണ്‍സര്‍മാരും തൊഴിലുടമകളും സ്ത്രീകളുമായുള്ള ഇടപെടലുകളില്‍ അതിര്‍വരമ്പുകള്‍ പാലിക്കേണ്ടതായിട്ടുണ്ട്. ഇത് ലംഘിക്കുന്നതും സ്ത്രീകള്‍ക്കെതിരായ അതിക്രമമായാണ് കണക്കു കൂട്ടുക. അതിക്രമത്തിന്റെ തീവ്രത വര്‍ധിക്കുന്നതിനനുസരിച്ച് ശിക്ഷയുടെ കാഠിന്യവും കൂടുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശാരീരികമായോ മാനസികമായോ ലൈംഗികമായോ ആയ അതിക്രമങ്ങളോ ഭീഷണികളോ സ്ത്രീകള്‍ക്ക് നേരെ നടത്തിയാലും കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയും ഇരട്ടിയാവും.
സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സുരക്ഷയും ഒപ്പം അവരുടെ അവകാശങ്ങളും ഉറപ്പാക്കാനാണ് സൗദിയുടെ ശ്രമം. അടുത്തിടെ സ്ത്രീകള്‍ക്കായി നിരവധി നിയമങ്ങളാണ് സൗദി കൊണ്ടു വന്നത്. ഈ നിയമത്തിലൂടെ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് അടക്കം കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗദി. ഭാര്യയ്‌ക്കോ സഹോദരിയ്‌ക്കോ മറ്റേതെങ്കിലും സ്ത്രീകള്‍ക്കെതിരയോ ഉള്ള അതിക്രമങ്ങള്‍ നടത്തും മുമ്പ് ഏത് പുരുഷനെയും രണ്ടാമതൊന്ന് ചിന്തിക്കാന്‍ ഈ നിയമം പ്രേരിപ്പിക്കും.
2017ല്‍ മുഹമ്മദ് ബില്‍ സല്‍മാന്‍ ഭരണകേന്ദ്രത്തില്‍ എത്തിയ ശേഷം ഒരുപാട് അവകാശങ്ങളാണ് സ്ത്രീകള്‍ക്കായി കൊണ്ടുവരുന്നത്. സൗദിയുടെ വിഷന്‍ 2030 ലക്ഷ്യമിടുന്നതും സ്ത്രീകളുടെ ഉന്നമനമാണ്. തൊഴില്‍ ചെയ്യാനും ഡ്രൈവ് ചെയ്യാനും യാത്രകള്‍ ചെയ്യാനും അനുമതി നല്‍കിയിരുന്നു. ഇതിനായി പുരുഷന്‍മാരുടെ അനുമതി വേണ്ടെന്നും നിയമം കൊണ്ടുവന്നു. വനിതാ ഫുട്‌ബോള്‍ ലീഗ് സൗദി ആരംഭിച്ചത് ചരിത്ര നീക്കം തന്നെയായിരുന്നു. അതേസമയം സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ വേണമെന്നാണ് സൗദി മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്. എല്ലാ മനുഷ്യാവകാശ സംഘടനകളുമായും സഹകരണം സൗദിക്കുണ്ടാവണം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും തുടച്ച് നീക്കാനാണ് നടപടികള്‍ വേണ്ടതെന്നും സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് അവദ് അല്‍ അവദ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള അവബോധം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























