പ്രവാസികൾക്ക് നൊമ്പരമായി ആ വാർത്ത; മലയാളികളായ രണ്ട് സുഹൃത്തുക്കൾ വാഹനാപകടത്തിൽ മരിച്ചു, അബുദാബിയിലെ ബനിയാസിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശികളാണ് മരിച്ചത്

കൊറോണ വ്യാപനം നൽകിയ ആഘാതങ്ങൾ മായും മുൻപ് പ്രവാസികളെ രണ്ട് ദുരന്ത വാർത്തകളാണ് തേടിയെത്തിയത്. കഴിഞ്ഞ ദിവസം ഷാർജയിൽ പ്രവാസി മലയാളികളായ അച്ഛനും മകളും കടലിൽ ചുഴിയിപെട്ട് മരിച്ച വാർത്ത പ്രവാസികൾക്ക് നൽകിയത് വലിയ ആഘാതമാണ്. അതിനു പിന്നാലെയാണ് മലയാളികളായ രണ്ട് സുഹൃത്തുക്കൾ വാഹനാപകടത്തിൽ മരിച്ചതായുള്ള വാർത്തയും പുറത്തേക്ക് വരുന്നത്.
യുഎഇയുടെ തലസ്ഥാന എമിറേറ്റായ അബുദാബിയിലെ ബനിയാസിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ പിണറായി പാണ്ഡ്യാലപറമ്പിൽ മെഹ്ഫിൽ വീട്ടിൽ റഫിനീദ് (28), സുഹൃത്ത് അഞ്ചരക്കണ്ടിയിലെ നടുക്കണ്ടി കണ്ണോത്ത് റാഷിദ്(28) എന്നിവർ മരിച്ചു. ഇന്നലെ പുലർച്ചെ അഞ്ചിനു ഇവർ സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിക്കുകയുണ്ടായി. ഉറ്റസുഹൃത്തുക്കളായ ഇരുവരും പതിവുപോലെ അവധിദിനത്തിൽ ഒരുമിച്ചു യാത്രയ്ക്കിറങ്ങിയപ്പോഴാണ് സംഭവം. അവിവാഹിതരാണ്. കബറടക്കം പിന്നീടു നാട്ടിൽ നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. അബുദാബി അഡ്മി കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയ റാഷിദ് കാസിം–റസിയ ദമ്പതികളുടെ മകനാണ്.
https://www.facebook.com/Malayalivartha

























