കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും യുഎഇയുടെ ചതുർനിറ ദേശീയ പതാക ഉയരങ്ങളിലേക്ക്; ഇന്ന് മുതൽ ഡിസംബർ മൂന്നുവരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു, ഒട്ടേറെ ജീവനക്കാർക്ക് 5 ദിവസത്തെ അവധി ലഭിക്കുന്നതാണ്, ജാഗ്രതയോടെ പ്രവാസലോകം

യുഎഇ ദേശീയദിനാഘോഷത്തിന് നാടും നഗരവും ഒരുങ്ങിയിരിക്കുന്നു. ബുധനാഴ്ചയാണ് 49–ാം ദേശീയദിനം ആഘോഷിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും യുഎഇയുടെ ചതുർനിറ ദേശീയ പതാക ഉയരങ്ങളിലേയ്ക്ക് പറക്കുന്നത് കാണാൻ സ്ത്രീകളും കുട്ടികളുമടക്കമുള്ള സ്വദേശികളും പോറ്റമ്മനാടിന്റെ അഭിമാന ദിനാഘോഷത്തിൽ പങ്കുചേരാൻ പ്രവാസികളും തയാറായിക്കഴിഞ്ഞു. ദേശീയദിനം പ്രമാണിച്ച് ഇന്ന് മുതൽ ഡിസംബർ മൂന്നുവരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിഭാഗം സ്വകാര്യ കമ്പനികളും ശനിയാഴ്ച കൂടി അവധി പ്രഖ്യാപിക്കുകയുണ്ടായി.
ഇന്ന് മുതൽ യുഎഇയിൽ പൊതു അവധിയാണ്. സർക്കാർ ജീവനക്കാർക്ക് ഞായറാഴ്ചമുതലാണ് ഇനി ഔദ്യോഗിക പ്രവൃത്തിദിനം. സ്വകാര്യ കമ്പനികളിൽ പലതിനും ശനിയാഴ്ച കൂടി അവധിയുള്ളതിനാൽ മലയാളികളടക്കമുള്ള ഒട്ടേറെ ജീവനക്കാർക്ക് 5 ദിവസത്തെ അവധി ലഭിക്കുന്നതാണ്. പലരും ദീർഘ സ്ഥലങ്ങളിലേയ്ക്കുള്ള യാത്രയും പദ്ധതിയിട്ടിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ടുള്ള ആഘോഷ പരിപാടികളാണ് എല്ലാ എമിറേറ്റുകളിലും ആസൂത്രണം ചെയ്തിട്ടുണ്ട്.
കുടുംബസംഗമം നടക്കുമ്പോൾ കോവിഡ് 19 നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയുണ്ടായി. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എല്ലാ എമിറേറ്റുകളും അറിയിക്കുകയുണ്ടായി. 20 പേരിൽ കൂടുതൽ വീടുകളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പാടില്ല. മറ്റു സ്ഥലങ്ങളിലും കൂടുതൽ പേർ കൂട്ടംകൂടി നിൽക്കരുത്. മാസ്ക് ധരിക്കൽ, സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ എപ്പോഴും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മാത്രമല്ല ദേശീയദിനാഘോഷം, ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ വിശേഷാൽ ദിനങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ദേശീയ അടിയന്തര നിവാരണ വിഭാഗവും നിർദേശിച്ചിരുന്നു. ജോലി സ്ഥലങ്ങളിലെ ആഘോഷങ്ങൾ റദ്ദാക്കുകയും തോരണങ്ങൾ, പതാകകൾ, ബാനറുകൾ എന്നിവ മാത്രം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കരിമരുന്ന് പ്രയോഗം, മറ്റു സ്ഥലങ്ങളിലെ ആൾക്കൂട്ടം എന്നിവയും അനുവദിക്കുന്നതല്ല.
https://www.facebook.com/Malayalivartha

























