പ്രതിദിനം രാജ്യത്തേക്ക് 600 തൊഴിലാളികൾ; ഗാർഹിക തൊഴിലാളികളെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന് കുവൈറ്റ് സർക്കാർ, ഭക്ഷണവും താമസവുമടക്കം ക്വാറൻ്റൈനിൽ കഴിയുന്നതിനായി 270 ദിനാർ, വിമാന ടിക്കറ്റിനായുള്ള ചെലവ് ഇക്കൂട്ടത്തിൽ ഇല്ല

കുവൈറ്റിലേക്ക് കടക്കാൻ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്. ഇപ്പോഴിതാ പ്രവാസികൾക്ക് സന്തോഷകരമായ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ നേരിട്ട് വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന് കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഡിസംബർ ഏഴ് മുതൽ ഇവർ രാജ്യത്തേക്ക് എത്താമെന്ന് സർക്കാർ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് നിർണായകമായ ഈ തീരുമാനം ഉണ്ടായത് തന്നെ.
അതേസമയം സർക്കാർ നിർദേശ പ്രകാരം പ്രതിദിനം 600 ഗാർഹിക തൊഴിലാളികൾക്ക് മടങ്ങിയെത്താൻ സാധിക്കുന്നതാണ്. ഒപ്പം നിശ്ചിത കാലയളവിലേക്ക് ഭക്ഷണവും താമസവുമടക്കം ക്വാറൻ്റൈനിൽ കഴിയുന്നതിനായി 270 ദിനാർ നിരക്കിൽ ആവശ്യമായ സൗകര്യങ്ങൾ എത്തിനോടകം തന്നെ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ വക്‌താവ് താരിഫ് അൽ മുസ്റം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിമാന ടിക്കറ്റിനായുള്ള ചെലവ് ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നതല്ല.
കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ തന്നെ മടങ്ങിയെത്തുന്നവരെ സ്വീകരിക്കാൻ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സിവിൽ ഏവിയേഷൻ വക്‌താവ് വ്യക്തമാക്കുകയുണ്ടായി. തങ്ങളുടെ തൊഴിലാളികളെ തിരികെ എത്തിക്കാൻ താത്പര്യമുള്ള സ്‌പോൺസർമാർക്ക് രജിസ്‌റ്റർ ചെയ്യാൻ പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കുന്നതാണ്. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വിലക്ക് തുടരുന്നുണ്ടെങ്കിലും ഗാർഹിക തൊഴിലാളികൾക്ക് പ്രവേശനാനുമതി നൽകുകയുണ്ടായി. ഇത് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha

























