യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,204 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു; 1,693 പേര്‍ രോഗമുക്തരായി, എട്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,204 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയംഅറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,693 പേര്‍ രോഗമുക്തരായി. എട്ട് കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് എന്നും അധികൃതർ അറിയിച്ചു.
അതോടൊപ്പം തന്നെ 2,42,026 കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തുകയുണ്ടായി. 3.26 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,17,909 പേര്‍ക്ക് യുഎഇയില്‍ ഇതിനോടകം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചു. ഇവരില്‍ 3,98,126 പേരാണ് രോഗമുക്തരായത്. 1,353 പേര്‍ രാജ്യത്ത് കൊവിഡ് കാരണം മരിച്ചു. നിലവില്‍ 18,430 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ് രംഗത്ത് എത്തിയിരിക്കുകയാണ്. രണ്ടു രാത്രി സൗജന്യ ഹോട്ടല്‍ താമസം, 10 കിലോഗ്രാംവരെ അധിക ബാഗേജ് അലവന്‍സ്, പ്രത്യേക വിമാനനിരക്കുകള്‍ എന്നിവ ഉള്‍പ്പെടെയാണ് വാഗ്ദാനം നൽകിയിരിക്കുന്നത്.
ഇതേതുടർന്ന് മാര്‍ച്ച് 15 നും ജൂണ്‍ 30 നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി മാര്‍ച്ച് 8 മുതല്‍ 28 വരെ ദുബായിലേക്ക് റിട്ടേണ്‍ എക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് ആസ്ഥാനമായുള്ള കാരിയര്‍ ഖലീജ് ടൈംസിന് നല്‍കിയ പ്രസ്താവനയിലാണ് എമിറേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഇവര്‍ക്ക് ജെ.ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ഒരു രാത്രി സൗജന്യമായി താമസിക്കാൻ സാധിക്കുന്നതാണ്. അതേ കാലയളവില്‍ ബുക്ക് ചെയ്യുന്ന ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് രാത്രി സൗജന്യമായി താമസിക്കാവുന്നതാണ്. ഇക്കോണമി ക്ലാസിന് 17,982 രൂപ (ദിര്‍ഹം 905), ബിസിനസ് ക്ലാസിന് 68,996 രൂപ (3,473 ദിര്‍ഹം), ഫസ്റ്റ് ക്ലാസിന് 192,555 രൂപ (ദിര്‍ഹം 9,700) മുതല്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്. ഇതുകൂടാതെ അധിക ബാഗേജ് അലവന്‍സും എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നു. എല്ലാ യാത്രക്കാര്‍ക്കും സൗകര്യപ്രദമായ ടിക്കറ്റ് ബുക്കിങ് ഓപ്ഷനുകളും മള്‍ട്ടി റിസ്‌ക് ട്രാവല്‍ ഇന്‍ഷൂറന്‍സും എമിറേറ്റ്സ് നല്‍കി വരുന്നു.
https://www.facebook.com/Malayalivartha