പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി സ്മാര്‍ട്ട് സംവിധാനങ്ങൾ ഒരുക്കി യുഎഇ അധികൃതർ; കൊവിഡിനെ കുറിച്ചുള്ള വിവരങ്ങള്‍ ലളിതമായി ലഭ്യമാക്കുന്നതിനും അതിനെ പ്രതിരോധിക്കുന്നതിലും ചികിത്സിക്കുന്നതിലും ജനങ്ങളെ സഹായിക്കുന്നതിനായി നിരവധി ആപ്പുകൾ, യുഎഇയിലെ മൊബൈല്‍ ആപ്പുകളെ പരിചയപ്പെടാം

കൊറോണ വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി സ്മാര്‍ട്ട് സംവിധാനങ്ങളാണ് യുഎഇ അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്. കൊവിഡിനെ കുറിച്ചുള്ള വിവരങ്ങള്‍ ലളിതമായി ലഭ്യമാക്കുന്നതിനും അതിനെ പ്രതിരോധിക്കുന്നതിലും ചികിത്സിക്കുന്നതിലും ജനങ്ങളെ സഹായിക്കുന്നതിനുമാണ് ഇവ രൂപകൽപന ചെയ്തിട്ടുള്ളത്. കൊവിഡ് ടെസ്റ്റിനും കൊവിഡ് പ്രതിരോധ വാക്‌സിനും വേണ്ടി അപ്പോയിന്‍മെന്റ് എടുക്കാനും വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഡോക്ടറുമായി ഓണ്‍ലൈനില്‍ സംസാരിക്കാനും ഉള്‍പ്പെടെ ഈ ആപ്പുകളിലൂടെ സാധിക്കുന്നതാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ആപ്പുകളെ പരിചയപ്പെടാം:
1. അല്‍ ഹുസ്ന്‍ യുഎഇ ആപ്പ്
കൊവിഡ് പ്രതിരോധത്തില്‍ പ്രധാന പങ്കുവഹിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് അല്‍ ഹുസ്ന്‍ യുഎഇ എന്നത്. കൊവിഡ് ടെസ്റ്റിനുള്ള ഔദ്യോഗിക ഡിജിറ്റല്‍ സംവിധാനം കൂടിയാകുന്നു ഇത്. ഇതുവഴി ടെസ്റ്റിനുള്ള അപ്പോയിന്‍മെന്റ് എടുക്കാൻ സാധിക്കും. ടെസ്റ്റിന്റെ ഫലവും ഇതുവഴി സ്മാര്‍ട്ട്‌ഫോണിലെത്തുന്നതാണ്. കൊവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ തന്റെ പരിസരത്തുണ്ടോ എന്ന കാര്യം ഈ ആപ്പിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഇരുവരും ഈ ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ മാത്രമാണ് ഇത് അറിയാൻ സാധിക്കുക. ഫോണില്‍ ബ്ലൂടൂത്ത് ഓണ്‍ ചെയ്താല്‍ ആപ്പില്‍ ഈ വിവരം തെളിയുന്നതാണ്.
2. കൊവിഡ് 19 യുഎഇ ആപ്പ്
ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പാണ് കൊവിഡ് 19 യുഎഇ എന്നത്. കൊവിഡുമായി ബന്ധപ്പെട്ട തല്‍സമയ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും ഇതില്‍ ലഭ്യമാകുന്നതാണ്. നാഷനല്‍ ക്രൈസിസ് ആന്റ് എമര്‍ജെന്‍സി മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ഈ വിവരങ്ങള്‍ ലഭ്യമാക്കി വരുന്നത്. കൊവിഡ് പ്രതിരോധ വാക്‌സിന് ആവശ്യമായ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാനും ഇതിലൂടെ സാധിക്കുന്നതാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കുന്ന സംവിധാനം ആവശ്യപ്പെടാനും ആപ്പിലുടെ കഴിയും. ആന്‍ഡ്രോയിഡിലെന്ന പോലെ ഐഫോണിലും ഒരുപോലെ ഈ ആപ്പും ലഭ്യമാക്കും.
3. ഡിഎച്ച്എ ആപ്പ്
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ഔദ്യോഗിക ആപ്പാണ് ഡിഎച്ച്എ ആപ്പ്. കൊവിഡ് പരിശോധനയും കൊവിഡ് വാക്‌സിനേഷനും ഇതിലൂടെ മനസിലാക്കാൻ സാധിക്കും. അതോടൊപ്പം കൊവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങളും ഈ ആപ്പിലൂടെ ലഭ്യമാവും. വാക്‌സിന്‍ എടുത്തവര്‍ക്കുള്ള വാക്‌സിനേഷന്‍ കാര്‍ഡും ഈ ആപ്പ് വഴി ലഭിക്കുന്നതാണ്. എടുത്ത വാക്‌സിന്റെ വിവിരങ്ങളും ഇതിൽ തന്നെ ഉണ്ടാകും. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും നിലവിലെ അവസ്ഥയില്‍ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹനാണോ എന്ന കാര്യവും ആപ്പിലൂടെ മനസ്സിലാക്കാൻ സാധിക്കും.
4. കൊവിഡ് 19 ദുബായ് സ്മാര്‍ട്ട് ആപ്പ്
കൊവിഡ് 19 ദുബായ് സ്മാര്‍ട്ട് ആപ്പും ദുബായ് ഹെല്‍ത്ത് അതോറിറ്റി ഒരുക്കിയതാണ്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട സംശയങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ് കൊവിഡ് 19 ദുബായ് സ്മാര്‍ട്ട് ആപ്പ് എന്നത്. കൊവിഡ് 19ന്റെ ലക്ഷണങ്ങള്‍, അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍, അപകടം കുറയ്ക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ കൈക്കൊള്ളണം തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ മനസിലാക്കുവാൻ സാധിക്കും. കൊവിഡുമായി ബന്ധപ്പെട്ട് ആഗോള തലത്തിലും യുഎഇക്കകത്തും നിന്നുള്ള കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ഇതിൽ ലഭ്യമാണ്.
5. വെര്‍ച്വല്‍ ക്ലിനിക്ക് ആപ്പ്
വെര്‍ച്വല്‍ ക്ലിനിക്ക് ആപ്പ് യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ഡോക്ടറുമായി സംസാരിക്കാനും ആവശ്യമെങ്കില്‍ ചികിത്സ മാര്‍ഗങ്ങള്‍ ആരായാനും ഇതിലൂടെ സാധിക്കുന്നതെയിരിക്കും. മൊബൈല്‍ ഫോണിലെ ആപ്പ് വഴി ഓഡിയോ കോളിലൂടെയോ വീഡിയോ കോളിലൂടെയോ ഡോക്ടറുമായി സംസാരിക്കാൻ കഴിയും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഒരു ചാറ്റ് ബോട്ടിന്റെ സേവനം ലഭിക്കുകയും ചെയ്യും. ബോട്ടിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഡോക്ടറുടെ സേവനം ആവശ്യമെങ്കില്‍ ഡോക്ടറുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ആപ്പ്.
https://www.facebook.com/Malayalivartha