ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരിൽ വൃക്കരോഗം കൂടുന്നു; അമിത ഭക്ഷണവും വ്യായാമമില്ലായ്മയും കാരണം പ്രമേഹവും രക്തസമ്മർദവും ബാധിച്ച് വൃക്ക തകരാറിലാകുന്നതാണ് പ്രധാന കാരണം, ചൂട് കൂടുമ്പോൾ വേണം കൂടുതൽ ജാഗ്രത

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരിൽ വൃക്കരോഗം കൂടുന്നതായുള്ള റിപ്പോർട്ടാണ് പുറത്ത് വരുന്നത്. അമിത ഭക്ഷണവും വ്യായാമമില്ലായ്മയും കാരണം പ്രമേഹവും രക്തസമ്മർദവും ബാധിച്ച് വൃക്ക തകരാറിലാകുന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണ്ടിക്കുന്നത്. ആരോഗ്യ സേവന വിഭാഗമായ സേഹയിലെ റീനൽ ആൻഡ് ട്രാൻസ്പ്ലാന്റ് കൗൺസിൽ മേധാവിയും ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി (എസ്കെഎംസി) നെഫ്രോളജിസ്റ്റുമായ ഡോ. മുഹമ്മദ് അൽ സീയാറിയാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
ഒരു പ്രമുഖ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഇതുകൂടാതെ അമിത ചൂടിൽ ജോലി ചെയ്യുന്നവരിലും വൃക്ക രോഗം കണ്ടുവരുന്നതായും അദ്ദേഹം പറയുകയുണ്ടായി. വൃക്ക രോഗ ചികിത്സയ്ക്കായി നവീന സൗകര്യങ്ങളോടെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ പ്രത്യേക വിഭാഗം പ്രവർത്തിച്ചുവരികയാണ്. വൃക്ക മാറ്റ ശസ്ത്രക്രിയയ്ക്കുള്ള എല്ലാ ചെലവും അബുദാബി സർക്കാർ തന്നെയാണ് വഹിക്കുന്നത്. നിയമവിധേയമായി യുഎഇയിൽ താമസിക്കുന്ന ദാതാവിനും സ്വീകരിക്കുന്നയാൾക്കും ചികിത്സ സൗജന്യമാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ശസ്ത്രക്രിയയ്ക്കുശേഷമുള്ള തുടർ ചികിത്സയും സർക്കാർ സൗജന്യമാക്കിയിരിക്കുകയാണ്. യുഎഇയിലെ ഏറ്റവും വലുതും ആദ്യത്തേതുമാണ് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ വൃക്കമാറ്റ ശസ്ത്രക്രിയാ വിഭാഗം. ഇതുവരെ വിവിധ രാജ്യക്കാരായ 340 പേരുടെ വൃക്ക മാറ്റിവച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 38 പേർ ഇന്ത്യക്കാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. രക്തബന്ധുക്കൾ വൃക്ക നൽകാൻ സ്വമേധയാ തയാറാവുകയായിരുന്നു. മരണാനന്തരം വൃക്ക ദാനം ചെയ്യാൻ മുന്നോട്ടുവന്ന 25 പേരിൽനിന്നും 3 ഇന്ത്യക്കാർക്കു വൃക്ക മാറ്റിവച്ചതായും വ്യക്തമാക്കി.
"അതേസമയം കോവിഡ് അൽപം വെല്ലുവിളി സൃഷ്ടിച്ചെങ്കിലും സജീവ പ്രവർത്തനവുമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ വൃക്ക ലഭിക്കാൻ കാത്തിരിക്കുന്ന വിവിധ രാജ്യക്കാരായ 100 പേരിൽ 20 ഇന്ത്യക്കാരുണ്ട്. വർഷങ്ങളായി ഡയാലിസിസ് ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഡയാലിസിസും സൗജന്യമാക്കിയിട്ടുണ്ട്. പ്രവാസികൾക്ക് ഇത് സുവർണാവസരമാണ്. എല്ലാ വൃക്ക രോഗികൾക്കും തുല്യ പരിഗണനയാണ് യുഎഇ നൽകുന്നത്. യുഎഇയിലെ വൃക്ക രോഗികൾക്ക് 800500, 050 6629239 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha