ലോക്ഡൗണ്‍ കാലത്തെടുത്ത ടിക്കറ്റ് തുക ഈ മാസത്തിനു ശേഷം തിരിച്ചുനല്‍കണമെന്ന് കോടതി വിധി; ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റെടുത്തവര്‍ക്ക് ആശങ്ക വർധിക്കുന്നു

ലോക്ഡൗണ്‍ കാലത്തെടുത്ത ടിക്കറ്റ് തുക ഈ മാസത്തിനു ശേഷം തിരിച്ചുനല്‍കണമെന്ന കോടതി വിധിച്ചിരുന്നു. എങ്കിലും പ്രവാസികളുടെ ആശങ്ക തീരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് 25ന് മുന്‍പ് ടിക്കറ്റെടുക്കുകയും കോവിഡ് നിയന്ത്രണങ്ങൾമൂലം വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ യാത്ര മുടങ്ങുകയും ചെയ്തവര്‍ക്ക് ഈ മാസത്തിനു ശേഷം തുക തിരികെ നല്‍കണമെന്നായിരുന്നു കോടതി വിധിച്ചത് .
ടിക്കറ്റ് തുക നല്‍കിയ അക്കൗണ്ട് വഴി തുക തിരികെ നല്‍കണം എന്ന നിര്‍ദേശo നൽകിയിരുന്നു. എന്നാൽ ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റെടുത്തവര്‍ക്ക് അവര്‍ വഴിയാണ് ടിക്കറ്റ് തുക തിരികെ ലഭിക്കുക. ടിക്കറ്റെടുത്തവരുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ഏജന്‍സികള്‍ തയാറാകാത്തതാണു പ്രവാസികളുടെ ആശങ്കയ്ക്കു പ്രധാന കാരണം.
പ്രവാസികളുടെ ആശങ്ക ദുരീകരിക്കാന്‍, വിഷയത്തില്‍ കോടതിയെ സമീപിച്ച പ്രവാസി ലീഗല്‍ സെല്‍ വെബിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം പ്രവാസി ലീഗല്‍ സെല്‍ ഖത്തര്‍ ഘടകം സംഘടിപ്പിച്ച വെബിനാറില്‍ ഒട്ടേറെ പ്രവാസികള്‍ ആശങ്കകള്‍ പങ്കുവച്ചെന്നു ഖത്തർ കൺട്രി ഹെഡ് 'അബ്ദുൽറഹൂഫ് കൊണ്ടോട്ടി, അബ്ദുല്ല പൊയിൽ, പി.എച്ച്.ഷമീർ എന്നിവർ വ്യക്തമാക്കി .
ഈ മാസത്തിനു ശേഷം ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ടിക്കറ്റ് തുക തിരികെ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് സുപ്രീകോടതി പുറപ്പെടുവിച്ച വിധിയും ഏഴിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനവും ഇക്കാര്യം ഉറപ്പാക്കുന്നുണ്ടെന്നു ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്‌റ് ജോസ് ഏബ്രഹാം പറഞ്ഞു.
ലോക്ഡൗണിനു മുന്‍പെടുത്ത ടിക്കറ്റെടുകളുടെ തുകയ്ക്കു തുല്യമായ വൗച്ചര്‍ എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്കു നല്‍കിയതും ആശങ്കയ്ക്കു വഴി വച്ചു . ഇപ്പോള്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഈ വൗച്ചര്‍ ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്നതാണ്. ഡിസംബര്‍ 31 വരെ കാലാവധിയുള്ള വൗച്ചറുകളാണ് അനുവദിച്ചിട്ടുള്ളത്.
ഈ മാസം 31ന് ശേഷം കാലാവധിയുള്ള വൗച്ചര്‍ അനുവദിച്ചതിലൂടെ പണം തിരികെ നല്‍കുന്നതില്‍ നിന്ന് വിമാനകമ്പനികള്‍ ഒഴിയുകയാണോയെന്നാണു പ്രവാസികൾ ഉയർത്തുന്ന മറ്റൊരു ആശങ്ക. എന്നാല്‍, കോടതി വിധി ലംഘിക്കാനാകാത്തതിനാല്‍, 31ന് ശേഷം റീഫണ്ട് ആവശ്യപ്പെടുന്നവര്‍ക്കെല്ലാം 0.75 ശതമാനം പലിശ സഹിതം ടിക്കറ്റ് തുക നല്‍കാന്‍ വിമാന കമ്പനികള്‍ക്ക് ബാധ്യതയുണ്ട് .
വൗച്ചര്‍ ഉപയോഗിക്കാതെ വിമാനകമ്പനികളോട് ഇ-മെയില്‍ വഴി ആവശ്യപ്പെട്ടാല്‍ മതിയാകും. ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റെടുത്തവര്‍ അവര്‍ വഴിയാണ് ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടേണ്ടത്.
എന്നാൽ ഈ കാര്യത്തിൽ വമ്പൻ തിരിച്ചടിയായി ക്യാന്‍സലേഷന്‍ ചാര്‍ജ്നാട്ടില്‍ നിന്നു വിദേശത്തേക്കു ടിക്കറ്റെടുത്തവര്‍ക്കും വിദേശത്തു നിന്നു നാട്ടിലേക്കു ടിക്കറ്റെടുത്തവര്‍ക്കും വ്യത്യസ്ത നിര്‍ദേശങ്ങളാണ് നിലവിലുള്ളത്. വിദേശത്തു നിന്നു നാട്ടിലേക്കു ടിക്കറ്റെടുത്തവര്‍ക്ക്, ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കി ബാക്കി തുക മാത്രമേ തിരിച്ചുകിട്ടു. 150 റിയാലിലേറെ ഈ വകയില്‍ ഒരു ടിക്കറ്റിനു നഷ്ടപ്പെടുന്നത് കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികള്‍ക്കു തിരിച്ചടിയാകും .
എന്നാൽ , നാട്ടില്‍ നിന്നു വിദേശത്തേക്കു ടിക്കറ്റെടുത്തവര്‍ക്ക് തുക പൂര്‍ണമായും തിരിച്ചുകിട്ടും. വിദേശത്തു നിന്നു നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തതു വിദേശ എയര്‍ലൈനുകളിലാണെങ്കില്‍ അവര്‍ക്ക് പണം ലഭിക്കുന്നതില്‍ കോടതി ഇടപെടുന്നുമില്ല. വിമാനം പുറപ്പെടുന്ന രാജ്യത്തെ നിയമമാണ് അവര്‍ക്ക് ബാധകമെന്നതാണ് ഇതിനു കാരണം.
അതത് രാജ്യത്തെ നിയമങ്ങളെക്കുറിച്ച് പ്രവാസികള്‍ക്കു ധാരണയില്ലാത്തതും ആശങ്കകള്‍ക്കു കാരണമാകുന്നു. എന്നാൽ , ചില വിദേശ എയര്‍ലൈനുകള്‍ ഇതിനകംതന്നെ പണം തിരികെ നല്‍കി കഴിഞ്ഞു എന്നത് അഭിനന്ദാർഹമാണ്.
https://www.facebook.com/Malayalivartha