യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കഴിഞ്ഞ ആഴ്ച വരെ 350 ദിർഹത്തിന് കിട്ടിയിരുന്ന ടിക്കറ്റ് 750 ദിർഹം വരെയായി ; വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് നിരക്ക് കൂടുതൽ.

ഈ കോവിഡ് കാലത്തും പ്രവാസി മലയാളികൾക്ക് ഒന്നൊന്നര കുരുക്കുമായി വിമാനകമ്പനികൾ.യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുകയാണ് . അവസാന നിമിഷം ടിക്കറ്റെടുക്കുന്നവർക്ക് ഇരട്ടി വർധനവാണ് . കഴിഞ്ഞ ആഴ്ച വരെ 350 ദിർഹത്തിന് കിട്ടിയിരുന്ന ടിക്കറ്റ് 750 ദിർഹം വരെയായി.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് നിരക്ക് കൂടുതൽ. യുഎഇയിൽ വാർഷിക പരീക്ഷ കഴിഞ്ഞ് 3 ആഴ്ചത്തേക്ക് സ്കൂൾ അടച്ചതും നിയമസഭ തിരഞ്ഞെടുപ്പും മൂലം നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതുമാണ് നിരക്കു വർധനവിലേക്ക് നയിച്ചത്.
എന്നാൽ കേരളത്തിൽ സ്കൂൾ അടയ്ക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കവെ പ്രവാസി കുടുംബങ്ങളുടെ ഗൾഫിലേക്കുള്ള വരവ് കൂടിയതും നിരക്കു കൂടാൻ കാരണമാകുകയും ചെയ്തു.
കേരളത്തിൽ 1–9 വരെ വാർഷിക പരീക്ഷ വേണ്ടെന്നു വച്ചിരുന്നു. പഠനം ഓൺലൈനായതും കാരണം നേരത്തെ തന്നെ പ്രവാസി കുടുംബങ്ങൾ ഗൾഫിലേക്ക് വന്നു തുടങ്ങുകയായിരുന്നു .
സ്കൂൾ അടയ്ക്കുന്നതോടെ നിരക്ക് വർധനയിൽനിന്ന് രക്ഷപ്പെടാനാണ്യിരുന്നു ചിലർ നേരത്തെ എത്തിയത്. നാളെ മുതൽ ടിക്കറ്റ് ബുക്കിങ്ങിൽ വൻ വർധനയുണ്ടെന്നു ട്രാവൽ ഏജൻസികളും സൂചന നൽകിയിട്ടുണ്ട്. യുഎഇയിൽ 18 വയസ്സിനു താഴെയുള്ളവർക്ക് സൗജന്യ വീസ ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.
കോവിഡ് നിയന്ത്രണം മൂലം നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചെത്താനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കുന്നതിനാൽ യുഎഇയിലേക്കു വരുന്നവരുടെ തിരക്ക് കൂടി. പക്ഷേ യാത്രക്കാരുടെ വർധനയ്ക്കു ആനുപാതികമായി വിമാന സർവീസുകളുടെ എണ്ണം കൂടാത്തതും നിരക്കിൽ കാണാൻ സാധിക്കുന്നുണ്ട് .
യുഎഇയിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് കൂടിയ നിരക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്കു സർവീസ് പരിമിതമായതും ഡിമാൻഡ് കൂട്ടി. വാരാന്ത്യങ്ങളിൽ 750–850 ദിർഹമാണ് വൺവേ ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ സാധാരണ നൽകുന്നതിന്റെ ഇരട്ടി തുക നൽകേണ്ടിവരുമെന്ന് അനുഭവസ്ഥർ പറയുന്നു.
പ്രചാരണത്തിനും വോട്ടുചെയ്യാനും നാട്ടിൽ പോകുന്നവരും ധാരാളം. കൂടാതെ പ്രവാസി പ്രതിനിധികളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടെ ടിക്കറ്റ് സ്പോൺസർ ചെയ്ത് കൂടുതൽ വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികളും യാത്രക്കാരുടെ എണ്ണം കൂട്ടിയത് ടിക്കറ്റ് നിരക്കിൽ മാറ്റങ്ങൾ വരുത്തി.
https://www.facebook.com/Malayalivartha