സൗദി അറേബ്യ വിസ പുതുക്കി തുടങ്ങി! മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം അത് സംഭവിച്ചു.... പ്രവാസികളുടെ റീ എൻട്രി വിസയും സൗജന്യമായി പുതുക്കി തുടങ്ങി, ഇത് സൽമാൻ രാജാവിന്റെ കാരുണ്യം

അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം സൗദി പറഞ്ഞത് ചെയ്തു തുടങ്ങി. നാട്ടിലുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമായി തീരുകയാണ് ഈ നടപടി. സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ ഒരു തീരുമാനം അധികൃതർ കൈകൊണ്ടത്...
സൗദി ഭരണകൂടത്തിന്റെ കാരുണ്യത്തിൽ വിദേശികളുടെ റീ എൻട്രി വിസയും സൗജന്യമായി പുതുക്കി തുടങ്ങിയിരിക്കുകയാണ്. യാത്രവിലക്കിൽ സൗദിയിലേക്ക് തിരികെ എത്തിച്ചേരാൻ സാധിക്കാത്ത നിരവധി മലയാളികൾക്കും ഇത്തരത്തിൽ വിസ പുതുക്കി ലഭിച്ചതായി റിപ്പോർട്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.
യാത്രവിലക്ക് മൂലം സൗദിയിലേക്ക് തിരിച്ച് വരാൻ സാധിക്കാത്തവരുടെ ഇഖാമ, എക്സിറ്റ്-റീ എൻട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി നീട്ടി നൽകാൻ ഇക്കഴിഞ്ഞ മെയ് 24നാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകിയതായുള്ള വാർത്തകൾ പുറത്ത് വന്നത്. ഇതിനെ തുടർന്ന് ജൂലൈ 31വരെ ഇഖാമ കാലാവധി ദീർഘിപ്പിച്ച് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മുതൽ റീ എൻട്രി വിസയും ജൂലൈ 31വരെ ദീർഘിപ്പിച്ച് തുടങ്ങിയത്.
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് ഇതിന്റെ ആശ്വാസം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സന്ദർശന വിസ നേടിയവർക്കും വിസാ കാലാവധി ദീർഘിപ്പിച്ച് നൽകുമെന്ന് ജവാസാത്ത് വിഭാഗം അറിയിക്കുകയുണ്ടായി. ഇതിനാവശ്യമായ സാമ്പത്തിക ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കുന്നതാണ്. വിസാകാലാവധി പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായി മുഖീം ഡോട്ട് എസ്.എ എന്ന പോർട്ടിലിൽ നിന്നും വിസ വാലിഡിറ്റി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പറും അനുബന്ധവിവരങ്ങളും നൽകിയാൽ മതിയാകും.
അതോടൊപ്പം തന്നെ അബ്ഷിർ വഴിയും കാലാവധി പരിശോധിക്കാവുന്നതാണ്. ഇതിനിടെ സൗദിയിലേക്ക് പുറപ്പെടുന്ന എല്ലാ വിദേശികളും യാത്രക്ക് മുമ്പായി മൂഖീം പോർട്ടൽ വഴി അറൈവൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായി ഉറപ്പ് വരുത്തണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാ വിമാനകമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























