കൈകോർത്ത് യുഎഇയും ഇന്ത്യയും; കയറ്റുമതിയേക്കാൾ കൂടുതൽ യുഎഇയിൽ നിന്ന് ഇന്ത്യ കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തതായി കണക്ക്, ഇറക്കുമതി കൂടിയത് അഞ്ച് വർഷത്തിൽ ഇതാദ്യം

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പ്രവാസികൾ ആ നാട്ടിലേക്ക് ചേക്കേറാൻ തുടങ്ങിയപ്പോൾ തന്നെ തുടങ്ങിയതാണ്. അങ്ങനെ നൂറ്റാണ്ടുകളോളമുള്ള ആ ബന്ധം തന്നെയാണ് ആ നാടിനെ ഇത്രമേൽ ഉയരത്തിൽ എത്തിച്ചതും. യുഎഇയുടെ നാഴികകല്ലായി മാറുന്ന ഏതൊരു ചരിത്ര സൃഷ്ടിക്കും പിന്നിൽ ഒരു ഇന്ത്യക്കാരൻ ഉണ്ടാകും. ഇത് തന്നെയാണ് ഇന്ത്യയെയും യുഎഇയെയും ഒരുമിച്ച് നിർത്തുന്നത്. ഇപ്പോഴിതാ അത്തരത്തിൽ നിർണായകമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്.....
കയറ്റുമതിയേക്കാൾ കൂടുതൽ യുഎഇയിൽ നിന്ന് ഇന്ത്യ കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തതായി കണക്കുകളാണ് പുറത്ത് വരുന്നത്. ഇന്ത്യൻ കോൺസുലേറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം യുഎഇയിൽ നിന്ന് ഇന്ത്യ കൂടുതൽ ഇറക്കുമതി നടത്തിയതായാണ് വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ ഇതാദ്യമായാണ് ഇറക്കുമതി കൂടിയത്. 2020ൽ 2900 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ യുഎഇയിലേക്ക് നടത്തിയത്. അതേസമയം 3000 കോടിയിലധികം ഡോളറിന്റെ ഇറക്കുമതി നടത്തിയിരുന്നു.
അതോടൊപ്പം തന്നെ ചൈനയും അമേരിക്കയും കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയിൽ നിന്ന് ഏറ്റവും വലിയ കയറ്റുമതി നടക്കുന്ന രാജ്യവും യുഎഇ തന്നെയാണ്. എന്നാൽ യുഎഇയെ സംബന്ധിച്ച് ഇന്ത്യയാണ് ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളി.
1970ൽ 1800 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യുഎഇയും തമ്മിൽ നടന്നതെങ്കിൽ കഴിഞ്ഞ വർഷം 6000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കിടയിലും നടന്നത്. 4200 കോടിയോളം ഡോളറിന്റെ വ്യാപാരം എണ്ണ ഇതര മേഖലയിലാണ്. പെട്രോളിയം ഉൽപന്നങ്ങൾ, രത്നക്കല്ലുകൾ, ആഭരണങ്ങൾ, മൂലകങ്ങൾ, ഭക്ഷ്യപദാർഥങ്ങൾ, പഞ്ചസാര, പഴവർഗങ്ങൾ, തേയില, മാംസം, തുണിത്തരങ്ങൾ, യന്ത്രഭാഗങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയാണ് യുഎഇയിലേക്ക് ഇന്ത്യ കൂടുതലായി കയറ്റുമതി ചെയ്യുന്നത്.
അതേ സമയം യുഎഇയിൽ നിന്ന് മുത്തുകൾ, ആഭരണങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, ചെമ്പ്, ഉരുക്ക്, ഇരുമ്പ്, കെമിക്കൽ എന്നിവയും ഇന്ത്യ കൂടുതലായി ഇറക്കുമതി ചെയ്യുന്നുണ്ട്. കൂടാതെ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ക്രൂഡ് ഓയിലാണ്. കഴിഞ്ഞ വർഷം 21.83 എംഎംടി ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയുണ്ടായി.
എന്നാൽ ഇന്ത്യയ്ക്ക് ഇനി ഔഷധ നിർമാണ മേഖലയിലാണ് യുഎഇയിൽ കൂടുതൽ സാധ്യതകളെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 400 കോടി ഡോളർ വ്യാപാര ശേഷിയുള്ള യുഎഇയിൽ 5 ശതമാനത്തിൽ താഴെയാണ് ഇപ്പോൾ ഇന്ത്യയുടെ സംഭാവന എന്നത്. കാർഷിക ഉത്പന്നങ്ങളാണ് ഇന്ത്യയ്ക്കു സാധ്യതയുള്ള മറ്റൊരു രംഗം. ആവശ്യം വേണ്ട ഉൽപന്നങ്ങളുടെ 85% യുഎഇ ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. ഈ മേഖലയിൽ ഇന്ത്യയുടെ സംഭാവന 11% മാത്രമാണ് എന്നാണ് കണക്ക്. 33 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏറെ സാധ്യത ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























