യു.എസിൽ പറക്കുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; അമിതമായ കുലുക്കത്തെ തുടർന്ന് യാത്രക്കാരന് ദാരുണാന്ത്യം

ലാൻഡിങ്ങിനിടെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത സംഭവങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ ആകാശച്ചുഴിയിൽപ്പെട്ട് അപകടമുണ്ടാകുന്നത് അപൂർവമാണ്.. യു.എസിൽ പറക്കുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. അമിതമായ കുലുക്കത്തെ തുടർന്ന് യാത്രക്കാരൻ മരിച്ചു. ഇതേ തുടർന്ന് കണറ്റിക്കട്ടിലെ മറ്റൊരു വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആണ് ഈ സംഭവം. വിമാനത്തിനുണ്ടാകുന്ന കുലുക്കംമൂലം യാത്രക്കാരുടെ ജീവൻ അപകടത്തിലാകുന്നത് അത്ര സാധാരണമല്ല. അപൂർവ്വമായിട്ടേ ഇങ്ങനെ ഉണ്ടാകാറുള്ളൂ. അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ന്യൂഹാംപ്‌ഷെയറിലെ കീനിൽനിന്ന് വെർജീനിയയിലെ ലീസ്ബർഗിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്വകാര്യവിമാനം ന്യൂ ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് അമിതമായ കുലുക്കം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് കണറ്റിക്കട്ടിലെ മറ്റൊരു വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു..ഒരു യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന വിവരമല്ലാതെ കൂടുതൽ പ്രതികരണത്തിന് കണറ്റിക്കട്ട് പോലീസ് തയ്യാറായില്ല.
റിപ്പോർട്ടുകളനുസരിച്ച് ബ്രാഡ്‌ലി വിമാനത്താവളത്തിൽനിന്ന് വൈകുന്നേരം 3.40 ഓടെ മെഡിക്കൽ സഹായം തേടി പോലീസിനെ ബന്ധപ്പെടുകയും ഒരു യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മിസ്സോറിയിലെ കാൻസാസ് ആസ്ഥാനമായ കോണെക്‌സോൺ എന്ന കമ്പനിയുടേതാണ് വിമാനം.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരോടും മറ്റ് യാത്രക്കാരോടും നാഷണൽ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബോർഡിന്റെ അന്വേഷണസംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിമാനത്തിന്റെ കോക്പിറ്റ് വോയിസും ഡേറ്റ റിക്കോഡേഴ്‌സും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ആഴ്ചക്കിടെ പ്രാഥമിക റിപ്പോർട്ട് ലഭിക്കും. വിമാനത്തിനുണ്ടായിട്ടുള്ള തകരാറുകളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. മരിച്ച വ്യക്തി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്ന വിവരവും അന്വേഷിക്കുന്നുണ്ട്.
അന്തരീക്ഷ വായുവിൻറെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി അഥവാ എയർപോക്കറ്റ് . അന്തരീക്ഷത്തിലെ വായുപ്രവാഹത്തിന്റെ അസ്ഥിരത മൂലമാണ് വിമാനത്തിൽ കുലുക്കമുണ്ടാകുന്നത്. ഭാരവും വേഗവും ഊഷ്മാവും കൂടിയ വായു പിണ്ഡങ്ങളും ഭാരവും വേഗവും ഊഷ്മാവും കുറഞ്ഞ വായു പിണ്ഡങ്ങളും കൂടിച്ചേരുന്ന അന്തരീക്ഷ മേഖലകളിലാണ് ആകാശ ഗർത്തങ്ങൾ അഥവാ ആകാശച്ചുഴികൾ രൂപപ്പെടുന്നത്. സാധാരണയായി 20000 മുതൽ 40000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്.. വിമാനയാത്രയിലെ സുരക്ഷാഉപാധികൾ മുമ്പത്തേക്കാളേറെ പുരോഗമിച്ചിട്ടുണ്ട്. അതിനാൽ തന്നെ മരണം സംഭവിക്കുന്നത് അപൂർവമാണ്.
https://www.facebook.com/Malayalivartha