കാമുകിയെ കബളിപ്പിച്ച് പണം തട്ടി; വിവാഹത്തിൽ നിന്ന് പിന്മാറാൻ വ്യാജ മരണവാർത്ത ചമച്ചു; ഒടുവിൽ വിചിത്ര വിധിയുമായി കോടതി

കാമുകിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിന് ശേഷം വിവാഹത്തിൽ നിന്ന് പിന്മാറാൻ വ്യാജ മരണവാർത്ത ചമയ്ച്ചുവെന്ന് പരാതി. അബുദാബിയിലാണ് സംഭവം.യുവതിയിൽ നിന്ന് വൻ തുക തട്ടിച്ചതിന് ശേഷം താൻ മരിച്ചുവെന്ന് കാമുകിയെ ധരിപ്പിച്ചതിനെതിരെയാണ് കേസ്. 2,15,000 ദിർഹം കടം വാങ്ങിയ ശേഷമാണ് ഇയാൾ മരണ വാർത്ത പ്രചരിപ്പിച്ച് മുങ്ങിയതെന്ന് പരാതിയിൽ ആരോപിച്ചു. അബുദാബി ഫാമിലി ആന്റ് സിവിൽ അഡ്‍മിനിസ്‍ട്രേറ്റീവ് കോടതിയാണ് കഴിഞ്ഞ ദിവസം കേസിൽ വിധി പറഞ്ഞത്.
30 വയസിൽ താഴെ പ്രായമുള്ള അറബ് യുവാവിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. താനും പ്രതിയായ യുവാവും പ്രണയത്തിലായിരുന്നുവെന്നും തന്നെ വിവാഹം ചെയ്യാമെന്ന് യുവാവ് സമ്മതിച്ചിരുന്നതായും ഹർജിയിൽ യുവതി പറഞ്ഞു. തനിക്ക് ക്യാൻസർ രോഗമാണെന്നും വിദേശത്ത് പോയി ചികിത്സിക്കാൻ പണം വേണമെന്നും ഇയാൾ പ്രണയ കാലത്ത് യുവതിയെ ധരിപ്പിച്ചിരുന്നുവത്രെ. ഇതിന് പുറമെ നിരവധി സാമ്പത്തിക ബാധ്യതകളുടെ കാര്യങ്ങളും പറഞ്ഞു. ഇതൊക്കെ കേട്ടാണ്, തിരിച്ചു തരുമെന്ന ഉറപ്പിന്മേൽ താൻ 2,15,000 ദിർഹം യുവാവിന് നൽകിയതെന്നായിരുന്നു യുവതിയുടെ വാദം.
എന്നാൽ പണം കിട്ടിയതോടെ ഇയാൾ കബളിപ്പിക്കാൻ ശ്രമിച്ചെന്നും മൊബൈൽ ഫോൺ ഓഫാക്കി വെച്ചെന്നും പരാതിയിൽ പറയുന്നു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ യുവാവ് മരിച്ചു പോയെന്ന് പിന്നീട് അയാളുടെ സഹോദരൻ യുവതിയെ അറിയിച്ചു. ഇത് വിശ്വസിച്ചെങ്കിലും പിന്നീട് ഒരിക്കൽ യുവാവിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതോടെ എല്ലാം നാടകമായിരുന്നെന്ന് യുവതിക്ക് മനസിലായി. തന്നെ വിവാഹം ചെയ്യണമെന്നും പണം തിരികെ വേണമെന്നും അപ്പോൾ ആവശ്യപ്പെട്ടെങ്കിലും യുവാവ് നിരസിച്ചു.
ഇതോടെയാണ് അബുദാബി ഫാമിലി ആന്റ് സിവിൽ അഡ്‍മിനിസ്‍ട്രേറ്റീവ് കോടതിയിൽ കേസ് ഫയൽ ചെയ്‍തത്. തന്റെ പക്കൽ നിന്ന് വാങ്ങിയ 2,15,000 ദിർഹം തിരികെ വേണമെന്നതായിരുന്നു ആവശ്യം. എന്നാൽ പണം വാങ്ങിയെന്ന വാദം വിചാരണയിൽ ഉടനീളം യുവാവ് നിഷേധിച്ചു. ഇരുഭാഗത്തെയും വാദം കേട്ട ശേഷം യുവാവ് പണം വാങ്ങിയെന്നത് തെളിയിക്കാനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാടി കേസ് തള്ളുകയായിരുന്നു.
കോടതിയിൽ നടന്ന വിചാരണയിലുടനീളം യുവതിയിൽനിന്ന് താൻ പണം കടം വാങ്ങിയിട്ടില്ലെന്നാണ് യുവാവ് വാദിച്ചത്. ഇരു കക്ഷികളിൽനിന്നും വാദം കേട്ട ജഡ്ജി ഒടുവിൽ കേസ് തള്ളുകയായിരുന്നു. പ്രതിക്ക് യഥാർത്ഥത്തിൽ പണം നൽകിയിരുന്നുവെന്ന് തെളിയിക്കാൻ യുവതിക്ക് സാധിച്ചില്ലെന്നാണ് ജഡ്ജി ചൂണ്ടിക്കാട്ടിയത്. പ്രതിയുടെ കോടതി ചെലവ് യുവതി വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇത്തരത്തിൽ പണം വാങ്ങി വഞ്ചിച്ച് കടന്നു കളയുന്ന നിരവധി സംഭവങ്ങൾ കോടതിയിലെത്തുമെങ്കിലും ആരോപണവിധേയനായ വ്യക്തിക്ക് കേസ് നടത്താൻ പരാതികാരി പണം നൽകണമെന്ന വിധി ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.യുവാവ് പണം തട്ടിച്ചതിന് തെളിവില്ലാത്തതിന് കേസ് തള്ളിയത് സ്വാഭാവികമാണെന്നും എന്നാൽ പരാതിക്കാരി കുറ്റാരോപിതന് കേസ് നടത്താൻ പണം നൽകണമെന്ന ഉത്തരവ് തികച്ചും അസ്വാഭാവികമാണെന്നുമാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha