വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ട് ഖത്തര്‍ വിമാനത്താവളത്തില്‍നിന്ന് വീസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു

ഇന്ത്യയില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ഖത്തര്‍ വിമാനത്താവളത്തില്‍നിന്ന് വീസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഖത്തറിലെ വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ടാണ് ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളെ കൂടി വീസ ഓണ്‍ അറൈവല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയം ഇതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും വൈകാതെ പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കി.
ഇപ്പോള്‍ യുഎസ്, യുകെ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ 33 രാജ്യങ്ങളെ വീസ ഓണ്‍ അറൈവല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിസിസിലെയും തുര്‍ക്കിയിലെയും പൗരന്മാര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാന്‍ വീസ ആവശ്യമില്ല. ജിസിസി രാജ്യങ്ങളില്‍ റസിഡന്‍സ് വീസയുള്ള 201 വിഭാഗത്തില്‍ പെടുന്ന പ്രൊഫഷണലുകള്‍ക്കും വീസ ഓണ്‍ അറൈവല്‍ അനുവദിക്കുന്നുണ്ട്. ഒരു മാസത്തേക്കാണ് വീസ കാലാവധി. ഇതേ രീതിയില്‍ ഇന്ത്യക്കാര്‍ക്കും വീസ നടപടികള്‍ ലഘൂകരിക്കാനാണു നീക്കം. വീസ നടപടികള്‍ വേഗത്തിലും സുതാര്യവുമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തും.
ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ 48 മണിക്കൂറിനകം വീസ ലഭ്യമാക്കുന്ന സംവിധാനമാണിത്. വീസയുടെ തല്‍സ്ഥിതി ഓണ്‍ലൈനില്‍ നിരീക്ഷിക്കുകയും ചെയ്യാം. ഓണ്‍ ലൈന്‍ വീസ സംവിധാനം നടപ്പാക്കുന്നിതിനായി വീസ പ്രോസസിങ് സര്‍വീസ് സ്ഥാപനമായ വിഎഫ്എസ് ഗ്ലോബലുമായി ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ ടൂറിസം അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha