ലാന്‍ഡിങിനിടെ എമിറേറ്റ്‌സ് വിമാനം അപകടത്തില്‍പെടാനുള്ള കാരണം കാറ്റിന്റെ ഗതിമാറ്റമെന്ന് റിപ്പോര്‍ട്ട്

ലാന്‍ഡിങിനിടെ തിരുവനന്തപുരം-ദുബൈ എമിറേറ്റ്‌സ് വിമാനം അപകടത്തില്‍പ്പെടാനുള്ള കാരണം കാറ്റിന്റെ അപ്രതീക്ഷിത ഗതിമാറ്റമാണെന്ന് റിപ്പോര്‍ട്ട്. യുഎഇ ഫെഡറല്‍ വ്യോമയാന അതോറിറ്റി തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. പെട്ടെന്നു സംഭവിച്ച കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞതാണ് അപകടത്തിനു വഴിയൊരുക്കിയത്. ലാന്‍ഡിങിന്റെ ഭാഗമായി ചക്രങ്ങള്‍ റണ്‍വേയില്‍ പതിച്ചെങ്കിലും അപകടസാധ്യത മുന്നില്‍ കണ്ട് പൈലറ്റ് വിമാനം ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ചക്രങ്ങള്‍ ഉള്ളിലേക്ക് കയറിയെങ്കിലും വീണ്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ട് വിമാനം ശക്തമായി നിലത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീ പടര്‍ന്നയുടന്‍ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. അപകടസമയത്ത് കനത്ത പൊടിക്കാറ്റും വീശിയത് ദൂരക്കാഴ്ചക്കു തടസ്സമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാസം മൂന്നിനാണ് തിരുവനന്തപുരത്തു നിന്നുള്ള എമിറേറ്റ്‌സ് ഇകെ 521 വിമാനം ദുബൈ റണ്‍വേയില്‍ അപകടത്തില്‍പ്പെട്ടത്. 18 ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 300 പേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചു. എന്നാല്‍ രക്ഷാദൗത്യത്തിനിടെ എയര്‍പോര്‍ട്ട് സിവില്‍ ഡിഫന്‍സിലെ ഉദ്യോഗസ്ഥന്‍ ജാസിം ഈസാ അല്‍ ബലൂഷി മരിച്ചിരുന്നു.
https://www.facebook.com/Malayalivartha