ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ജലവൈദ്യുത നിലയം ഹത്തയില്‍ വരുന്നു

ഗള്‍ഫ് മേഖലയില്‍ ആദ്യത്തെ ജലവൈദ്യുത നിലയം നിര്‍മിക്കുന്നു. ഒമാന്‍ അതിര്‍ത്തിയിലുള്ള യുഎഇ ഗ്രാമമായ ഹത്തയിലാണ് ജലവൈദ്യുത നിലയം നിര്‍മ്മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 2000-ലേറെ തൊഴിലവസരങ്ങളുണ്ടാകും. പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനും അറ്റകുറ്റപ്പണികള്‍ക്കുമായി സാങ്കേതിക വൈദഗ്ധ്യമുള്ള 200 പേരെയും വേണം. അനുബന്ധമേഖലയില്‍ വേറെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഹത്തയുടെ മുഖച്ഛായമാറ്റാന്‍ പദ്ധതി സഹായകമാകും. അഞ്ചുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. ഇന്നലെ സമാപിച്ച ദുബായ് ഇന്റര്‍നാഷനല്‍ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ്‌സ് എക്‌സിബിഷനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണിത്.
വിശദാംശങ്ങള്‍ ദീവ അധികൃതര്‍ വെളിപ്പെടുത്തി. അല്‍ ഹത്താവി ഡാമിന് സമീപമുള്ള മലയിടുക്കുകളില്‍ സംഭരിച്ച വെള്ളമാണ് ഇതിനുപയോഗിക്കുക. 60 മുതല്‍ 80വര്‍ഷം വരെ ഈ അണക്കെട്ട് നിലനിര്‍ത്താനാവുമെന്നാണു പ്രതീക്ഷ. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) നിര്‍മിക്കുന്ന നിലയത്തിന് 250 മെഗാവാട്ട് ശേഷിയുണ്ടാകും. സൗരോര്‍ജപദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഓരോ വീട്ടിലും സൗരോര്‍ജ യൂണിറ്റ് സ്ഥാപിക്കും. 640 വില്ലകളുടെ മേല്‍ക്കൂരകളില്‍ ഫോട്ടോവോള്‍ട്ടെയ്ക് പാനലുകള്‍ (പിവി) സ്ഥാപിക്കാനാണു പദ്ധതി. ഹത്തയില്‍ വൈദ്യുതോല്‍പാദനത്തിനു രണ്ടു പ്രധാനജലസംഭരണികളാണുള്ളത്. ഇവ തമ്മില്‍ നാലു കിലോമീറ്റര്‍ അകലവും 300 മീറ്റര്‍ ഉയരവ്യത്യാസവുമുണ്ട്.
ചെലവു കുറഞ്ഞരീതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതി കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാകും. മലനിരകളില്‍നിന്നുള്ള നീര്‍ച്ചാലുകള്‍ ഉപയോഗപ്പെടുത്തി ചെറിയ സംഭരണികള്‍ നിര്‍മിച്ചു ചെറുകിട പദ്ധതികള്‍ തുടങ്ങാനുള്ള സാധ്യതകള്‍ക്കും ഇത് ഊര്‍ജമേകുന്നു. ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നതും പദ്ധതിയെ വ്യത്യസ്തമാക്കുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ദീവ ഗ്രിഡുമായി ബന്ധിപ്പിക്കും. 90 ശതമാനത്തിലേറെ കാര്യക്ഷമമായ പദ്ധതിയാണിതെന്നു സാങ്കേതിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























