ലോകകപ്പിനു മുമ്പായി ക്ലബ് ലോകകപ്പിനു വേദിയാകാന്‍ ഖത്തര്‍ ശ്രമം തുടങ്ങി

ക്ലബ് ലോകകപ്പിനു വേദിയാകാന്‍ ഖത്തര്‍ ശ്രമം തുടങ്ങി. 2021ല്‍ ലോക ക്ലബ് ഫുട്‌ബോള്‍, അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ എന്നിവയ്ക്കു കൂടി വേദിയാകാനാണു ഖത്തറിന്റെ താല്‍പര്യം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഫിഫയുമായി ആരംഭിച്ചു എന്നാണ് റിപ്പോട്ട്. നിലവില്‍ റയല്‍ മാഡ്രിഡാണു ക്ലബ് വേള്‍ഡ് കപ്പ് ചാംപ്യന്മാര്‍. കഴിഞ്ഞ വര്‍ഷം നടന്ന ക്‌ളബ് ലോകകപ്പില്‍ ജപ്പാനിലെ കഷീമ ആന്റലേഴ്‌സിനെ തകര്‍ത്താണു റയല്‍ മാഡ്രിഡ് കിരീടം നേടിയത്. ഏഷ്യ, ആഫ്രിക്ക, നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ഓഷ്യാന, യൂറോപ്പ് തുടങ്ങിയ ചാംപ്യന്‍സ് ലീഗിലെ ജേതാക്കളാണു ലോക ക്ലബ് ഫുട്‌ബോളില്‍ മാറ്റുരയ്ക്കുന്നത്. ആതിഥേയ രാജ്യത്തിലെ ടീം ഉള്‍പ്പെടെ ഏഴ് ടീമുകളാണു പങ്കെടുക്കുന്നത്.എല്ലാ വര്‍ഷവും ഡിസംബറിലാണു ടൂര്‍ണമെന്റ് നടക്കുന്നത്. ഖത്തര്‍ ലോകകപ്പും ഡിസംബറിലാണു നടക്കുക എന്നതിനാല്‍ ദോഹ അനുകൂല വേദിയാകുമെന്നാണു പ്രതീക്ഷ.
2022 ലോകകപ്പിനായി 2021നകം തന്നെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാകും. ലോകകപ്പിന്റെ ട്രയല്‍ എന്ന നിലയില്‍ രാജ്യാന്തര മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയാണു ലക്ഷ്യം. ലോകകപ്പിനു വേദിയാകുന്ന രാജ്യങ്ങളില്‍ തലേവര്‍ഷം കോണ്‍ഫെഡറേഷന്‍ കപ്പ് സാധാരണ നടക്കാറുണ്ട്. കോണ്‍ഫെഡറേഷന്‍ കപ്പ് സാധാരണ നടക്കുന്ന മേയ്, ജൂണ്‍ മാസങ്ങളില്‍ ഖത്തറില്‍ കടുത്ത ചൂടാകയാല്‍ ഈ അവസരം ഖത്തറിനു ലഭിച്ചേക്കില്ല. ചൂടു കാരണം 2022 ഖത്തര്‍ ലോകകപ്പ് തന്നെ നവംബര്‍, ഡിസംബറിലേക്കു മാറ്റിയിട്ടുണ്ട്. ഖത്തറില്‍ കോണ്‍ഫെഡറേഷന്‍ കപ്പ് നടത്തണമെങ്കില്‍ അതും 2021 നവംബറിലേക്കു മാറ്റേണ്ടി വരും. ഇതിനു ഫിഫ തയാറല്ല. 2021 കോണ്‍ഫെഡറേഷന്‍ കപ്പിന്റെ വേദി നിശ്ചയിച്ചിട്ടില്ല. ഏതെങ്കിലും ഏഷ്യന്‍ രാജ്യമാകും വേദി. കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ദോഹ സന്ദര്‍ശിച്ചിരുന്നു.
ലോകകപ്പിനു മുമ്പായുള്ള റിഹേഴ്‌സല്‍ മല്‍സരങ്ങള്‍ സംബന്ധിച്ചു ഫിഫയ്ക്കു തുറന്ന മനസാണുള്ളതെന്നും ഇതു സംബന്ധിച്ചു നിലവില്‍ ചര്‍ച്ച നടക്കുന്നില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത. അണ്ടര്‍ 17 ലോകകപ്പും അണ്ടര്‍ 20 ലോകകപ്പും രണ്ടു വര്‍ഷം കൂടുമ്പോഴാണു നടക്കുക. ഈ വര്‍ഷം ഒക്ടോബറിലാണ് അണ്ടര്‍ 17 ലോകകപ്പ് നടക്കുക. അണ്ടര്‍ 20 മേയില്‍ ദക്ഷിണ കൊറിയയില്‍ ആരംഭിക്കും. 2021-ല്‍ ഈ മല്‍സരങ്ങള്‍ക്കും വേദിയാകാനുള്ള താല്‍പര്യം ഖത്തര്‍ അറിയിച്ചിട്ടുണ്ടെന്നു എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 20,000 കോടി ഡോളറാണ് ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി ഖത്തര്‍ ചെലവഴിക്കുന്നത്. 50 കോടി ഡോളറാണ് ഇതിനായി ആഴ്ചയില്‍ ചെലവിടുന്നത്. ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ആഴ്ചയില്‍ ഇത്രയും പണം ചെലവഴിക്കുന്നതെന്നു ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ എമാദി നേരത്തേ പറഞ്ഞിരുന്നുസ്‌റ്റേഡിയങ്ങള്‍ക്കു പുറമേ അതിവേഗപാതകള്‍, വിമാനത്താവളം, ദോഹ മെട്രോ, തുറമുഖം തുടങ്ങി 2021 വരെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിക്ഷേപം നടത്തുന്നതിനാണു തുക ചെലവഴിക്കുന്നത്.
https://www.facebook.com/Malayalivartha


























