ലോകരാജ്യങ്ങള്‍ സംഗമിച്ച ആഗോള ഗ്രാമത്തിലെ ഉല്‍സവദിനങ്ങള്‍ക്ക് ഇന്നു സമാപനമാകുന്നു

ലോകരാജ്യങ്ങള്‍ സംഗമിച്ച ആഗോള ഗ്രാമത്തിലെ ഉല്‍സവദിനങ്ങള്‍ക്ക് ഇന്നു സമാപനമാകുന്നു. അവസാനത്തെ വെള്ളിയാഴ്ചയായിരുന്ന ഇന്നലെ സന്ദര്‍ശകരുടെ പ്രവാഹത്തില്‍ ഗ്ലോബല്‍ വില്ലേജ് നിറഞ്ഞുകവിഞ്ഞു. തിരക്കു കണക്കിലെടുത്ത് ഇന്നു പുലര്‍ച്ചെ മൂന്നുവരെ പ്രവര്‍ത്തിച്ചു. ലോകത്തിലെ എല്ലാ വിനോദങ്ങളുമായി കൂടുതല്‍ മേഖലകള്‍ ഒരുങ്ങിരുന്നു. ഏതുരാജ്യത്തെയും ഉല്‍പന്നങ്ങള്‍ വാങ്ങാനും ഭക്ഷ്യവൈവിധ്യങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ടായിരുന്നു.
ഇത്തവണ കൂടുതല്‍ റൈഡുകളും മറ്റു ഷോകളും ഉള്‍പ്പെടുത്തിയിരുന്നു. സാംസ്‌കാരിക ചത്വരം, ബൊലേവാഡ്, റോമന്‍ ആംഫി തിയറ്റര്‍, സ്റ്റണ്ട് അറീന എന്നിവയ്ക്കു പുറമെ സ്പീഡ്-ചേസ്-ആക്ഷന്‍ ത്രില്‍ ഷോ, ഗ്ലോബോ അഡ്വഞ്ചര്‍ തുടങ്ങിയവയും ഇത്തവണത്തെ പ്രത്യേകതയാണ്. അറേബ്യന്‍ സംസ്‌കാരത്തിന്റെ കാഴ്ചകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന സാംസ്‌കാരിക ചത്വരം സന്ദര്‍ശകര്‍ക്കു വേറിട്ട അനുഭവമായി. കൂടുതല്‍ ഹരിതമേഖലകളുമൊരുക്കി. കാഴ്ചകളുടെ സമൃദ്ധിയുമായി ഓരോ വര്‍ഷവും ഗ്ലോബല്‍ വില്ലേജ് വളരുകയാണ്.

വമ്പന്‍ ഓഫറുകളും സമ്മാനങ്ങളും ഉണ്ടായിരുന്നതിനാല്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ മല്‍സരിക്കുകയായിരുന്നു. കരിമരുന്നു പ്രയോഗവും മുഖ്യവേദികളിലടക്കം വര്‍ണാഭമായ കലാപരിപാടികളും ഉണ്ടായിരുന്നു. ഗ്ലോബല്‍ വില്ലേജിലെ 21-ാമത് സീസണ് നവംബര്‍ ഒന്നിനാണു തുടക്കമായത്. ഇന്ത്യയുള്‍പ്പെടെ 75 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള ഇവിടെ 30 ലേറെ പവിലിയനുകള്‍ കൗതുകങ്ങളുടെ കലവറയൊരുക്കുന്നു. 3,500ലേറെ ഷോപ്പിങ് ഔട്‌ലെറ്റുകളാണുള്ളത്.
https://www.facebook.com/Malayalivartha


























