ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനില്‍ തത്സമയ വിസ ലഭ്യമാക്കുമെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി അറിയിച്ചു

ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനില്‍ തത്സമയ വിസ ലഭ്യമാക്കുമെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫ അറിയിച്ചു. യു.എസ്, യു.കെ വിസയുളള ഇന്ത്യക്കാര്‍ക്കാണ് വിസ നല്‍കുന്നത്. ഒട്ടേറെ ഇന്ത്യക്കാര്‍ ബഹറൈന്‍ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് തത്സമയ വിസ ലഭ്യമാക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് ഷെയ്ഖ് ഖാലിദ് പ്രത്യാശ പ്രകടിപ്പിച്ചു. ബഹ്‌റൈനിലെ വിദേശ നിക്ഷേപകരില്‍ വലിയപങ്കും ഇന്ത്യക്കാരാണെന്ന് വാണിജ്യ, വ്യവസായ, ടൂറിസം വകുപ്പ് മന്ത്രി സയ്ദ് ബിന്‍ റാഷിദ് അല്‍ സയാനി ഈയിടെ സൂചിപ്പിച്ചിരുന്നു ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) സംഘടിപ്പിച്ച ബഹ്‌റൈന്‍ ഇന്ത്യ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സയ്ദ് ബിന്‍ റാഷിദ് അല്‍ സയാനി അധ്യക്ഷത വഹിച്ചു.
ബഹ്‌റൈനിലെ വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2016ല്‍ ഇന്ത്യയുമായുള്ള ബഹ്‌റൈന്റെ വ്യാപാരത്തില്‍ 31 ശതമാനം വര്‍ധനയുണ്ടായതായി വ്യവസായവാണിജ്യകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാദിര്‍ ഖാലിദ് അല്‍മൊയദ് പറഞ്ഞു. 990 മില്യണ്‍ ഡോളര്‍ ആയാണ് വ്യാപാരം വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ഇറക്കുമതി 500 മില്യണ്‍ ഡോളറും കയറ്റുമതി 487 ഡോളറുമായിരുന്നെന്ന് അല്‍ മൊയദ് പറഞ്ഞു. നിലവില്‍ 3,181 കമ്പനികളാണ് ഇന്ത്യന്‍ പങ്കാളിത്തത്തോട് കൂടി ബഹ്‌റൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ ഏവിയേഷന്‍, സര്‍വീസ് മാനേജ്മന്റ്, എന്‍ജിനീയറിങ്, ബാങ്കിങ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്നീ മേഖലകളിലെ 23 ഇന്ത്യന്‍ കമ്പനികളുടെ ശാഖകളും ബഹ്‌റൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബഹ്‌റൈനില്‍ വ്യവസായം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് സെന്റര്‍ (ഇ.ഡി.സി) ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ബഹ്‌റൈനുമായുള്ള വ്യാപാരബന്ധം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ബി.സി.സി.ഐ. ചെയര്‍മാന്‍ ഖാലിദ് അല്‍മൊയ്ദ് പറഞ്ഞു. ഇന്ത്യന്‍ ഭരണാധികാരികളുമായി ചേര്‍ന്ന് ഈ വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും നിക്ഷേപത്തിനായി ബഹ്‌റൈന്‍ തിരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കാനും ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിന് ഫോറം സഹായകമായെന്ന് ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പറഞ്ഞു. ബഹ്‌റൈനില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. 2013ല്‍ 3 മില്യണ്‍ ഡോളര്‍ ഉണ്ടായിരുന്ന നിക്ഷേപം 2016 ആയപ്പോഴേക്കും 18 മില്യണ്‍ ഡോളര്‍ ആയതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇരു രാഷ്ട്രങ്ങളുടെയും സമ്പദ്വ്യവസ്ഥയ്ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























